കുന്നംകുളത്തിന്റെ പ്രൗഢി

Friday Mar 26, 2021
ഇ എസ്‌ സുഭാഷ്‌



തൃശൂർ
ബസ്‌സ്‌റ്റാൻഡ്‌ അടക്കം പുതുതായി വന്ന മാറ്റങ്ങൾ ഓർമപ്പെടുത്തുന്നത്‌ വൃത്തിയും സമൃദ്ധിയുമുള്ള നഗരമെന്ന കുന്നംകുളത്തിന്റെ പഴയകാല പ്രൗഢിയുടെ തിരിച്ചുവരവ്‌‌.  അഞ്ച്‌ പതിറ്റാണ്ട്‌ നടക്കാത്ത  വികസന പ്രവർത്തനം അഞ്ചു വർഷംകൊണ്ട്‌ നടപ്പാക്കിയ മന്ത്രി എ സി മൊയ്‌തീൻ വീണ്ടും ജനവിധി തേടുന്നു  കുന്നംകുളത്ത്.

ഇവിടെ‌ മത്സരിക്കാൻ പ്രതിപക്ഷത്തെ പ്രമുഖരാരും മുതിരാറില്ല. പതിവായി മത്സരിച്ച്‌ പരാജയപ്പെടുന്ന രീതി സിഎംപിയിലെ സി പി ജോൺ ഉപേക്ഷിച്ചു. കുന്നംകുളമാണെങ്കിൽ ഇല്ല എന്ന്‌ പരസ്യമായ നിലപാടെടുത്തിരുന്നു ജോൺ.

2004-ൽ നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ മന്ത്രിസ്ഥാനം നിലനിർത്താനായി മത്സരിച്ച കെ മുരളീധരനെ പരാജയപ്പെടുത്തിയാണ് മൊയ്‌തീൻ  ശ്രദ്ധേയനാകുന്നത്‌. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും റെക്കോഡ് ഭൂരിപക്ഷം.  തുടർന്ന്‌ സംഘടനാരംഗത്ത്‌ സജീവമായ മൊയ്‌തീൻ 2011 മുതൽ 2016വരെ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. 2016 ൽ കുന്നംകുളത്തുനിന്ന്‌ വൻ ഭൂരിപക്ഷത്തോടെയാണ്‌ വിജയം‌.  മന്ത്രി എന്ന നിലയിൽ സഹകരണ–-ടൂറിസം, വ്യവസായ–-കായിക–-യുവജന–- തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു.  അഞ്ചു‌ വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വികസനങ്ങൾ നടന്ന മണ്ഡലങ്ങളിലൊന്ന്‌ കുന്നംകുളമാണ്‌. തദ്ദേശ  തെരഞ്ഞെടുപ്പിൽ ഇവിടെ സമ്പൂർണ വിജയം‌ ഇടതു‌പക്ഷത്തിന്‌ ലഭിച്ചതും  വികസനത്തിനുള്ള അംഗീകാരം. 

മണ്ഡലം രൂപീകൃതമായശേഷം നടന്ന 11 തെരഞ്ഞെടുപ്പിൽ എട്ടിലും വിജയം എൽഡിഎഫിനൊപ്പം നിന്നു.  കുന്നംകുളം താലൂക്ക് രൂപീകരണം, കലശമല ഇക്കോ ടൂറിസം,  ബസ് ടെർമിനൽ, ഇൻഡോർ സ്റ്റേഡിയം, മഹാ ഭൂരിപക്ഷം റോഡുകളുടെയും ബിഎംബിസി മെക്കാഡം ടാറിങ് തുടങ്ങി വൻ വികസനനേട്ടത്തിന് സാക്ഷ്യം വഹിച്ചു. പുതുതായി സ്പോർട്സ് ഡിവിഷൻ ലഭിച്ചു.

ഖേലോ ഇന്ത്യയുടെ ഏഴുകോടി ഫണ്ടുപയോഗിച്ച് എട്ട്‌ സിന്തറ്റിക് ട്രാക്ക് നിർമാണോദ്ഘാടനവും നടന്നു. കരിക്കൽക്കടവ് റഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമാണം പുരോഗമിക്കുകയാണ്.  മുൻ ജില്ലാ പഞ്ചായത്ത്‌ അംഗമായ കെ ജയശങ്കറാണ്‌ കുന്നംകുളത്തെ യുഡിഎഫ്‌ സ്ഥാനാർഥി. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ നോമിനിയായാണ്‌ മത്സരിക്കുന്നത്‌. ബിജെപി ജില്ലാ പ്രസിഡന്റ്‌‌ കെ കെ അനീഷ്‌കുമാറാണ്‌ ബിജെപി സ്ഥാനാർഥി. ‌