കായംകുളത്തിന്റെ പ്രതിഭ

Friday Mar 26, 2021
എസ്‌ മനോജ്


കായംകുളം
ഐക്യ കേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പിൽ വനിതയെ ജയിപ്പിച്ച്‌ ആദ്യ ഡെപ്യൂട്ടി സ്‌പീക്കറാക്കിയ നാടാണ്‌ കായംകുളം. വനിതകളുടെ പോരാട്ടംകൊണ്ട്‌ ഒരിക്കൽക്കൂടി ശ്രദ്ധേയമാകുകയാണ്‌ ഈ മണ്ഡലം. കെ ഒ ഐഷാബായിയുടെ പിന്തുടർച്ചയുമായി നിലവിലുള്ള എംഎൽഎ യു പ്രതിഭ ഒരിക്കൽക്കൂടി ജനവിധി തേടുന്നു. മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം ‌അരിത ബാബു യുഡിഎഫിനുവേണ്ടിയും.

ആത്മവിശ്വാസവും പ്രസരിപ്പുമാണ്‌‌ കായംകുളത്തിന്റെ മുഖമുദ്ര. എംഎൽഎയുടെ പ്രതിഭയിൽ വികസനം ഇരച്ചെത്തിയ നാട്‌. ആശുപത്രികൾ മാറി. സ്‌കൂളുകൾ ഹൈടെക്കായി. പാലവും റോഡും തെളിഞ്ഞു. വിള്ളലില്ലാത്ത ഇടതുകോട്ടയാണ്‌ ഇത്‌. 2006 മുതൽ തുടർച്ചയായി ചെങ്കൊടി മാത്രം‌. കഴിഞ്ഞ തവണ മത്സരിക്കാനെത്തിയത്‌ ഡിസിസി പ്രസിഡന്റുകൂടിയായ എം ലിജു. എന്നിട്ടും 46.53 ശതമാനം വോട്ട്‌ സ്വന്തമാക്കി പ്രതിഭയ്‌ക്ക്‌ ഗംഭീര ജയം. 2011 ൽ 48. 28 ശതമാനം വോട്ടും നേടിയ മണ്ഡലം‌.

അഞ്ചു വർഷം ജനങ്ങൾക്കിടയിൽനിന്ന്‌ നാടിന്റെ വികസനക്കുതിപ്പിന്‌ നായികയായ ആത്മബലമാണ്‌ സിപിഐ എം ഏരിയ കമ്മിറ്റി അംഗമായ പ്രതിഭയുടെ കരുത്ത്‌. 45.70 കോടിയുടെ താലൂക്ക്‌ ആശുപത്രി വികസനം പ്രധാനം‌. ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസിന്‌ 7.5 കോടിയുടെ പദ്ധതി, 8.45 കോടിയുടെ വനിതാ പോളി കെട്ടിടസമുച്ചയം, 40 കോടിയുടെ കൂട്ടംവാതുക്കൽ കടവ് പാലം, 15. 03 കോടിയുടെ മൾട്ടിപ്ലക്‌സ്‌ തിയറ്റർ, 5. 46 കോടിയുടെ പാർക്ക്‌ ജങ്‌ഷൻ പാലം തുടങ്ങി വികസനപ്പട്ടിക നീളുന്നു. പ്രളയ, മഹാമാരി നാളുകളിൽ ദുരിതത്തിലായവർക്ക്‌ താങ്ങും തണലുമാകാൻ ജനപ്രതിനിധിക്കായി.

യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ അരിത. ബിഡിജെഎസ്‌ പ്രതിനിധി പി പ്രദീപ്‌ ലാലാണ്‌ എൻഡിഎ സ്ഥാനാർഥി. നഗരസഭയും ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, കൃഷ്‌ണപുരം, ഭരണിക്കവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. കൃഷ്‌ണപുരം, കണ്ടല്ലൂർ പഞ്ചായത്തുകളിൽ മാത്രം യുഡിഎഫ്‌ ഭരണം. ഭരണിക്കാവ്, കൃഷ്‌ണപുരം, പത്തിയൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബ്ലോക്കുകളടക്കം ബാക്കി മുഴുവൻ തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫിനാണ്‌.‌