ഞങ്ങളുടെ ബമ്പർ ‘ലൈഫ്‌ ’ആണ്‌

Thursday Mar 25, 2021
ആർ ഹേമലത


കൊച്ചി
‘ സർക്കാർ ലൈഫ്‌ പദ്ധതിയിൽ തന്ന ഭംഗിയുള്ള കൊച്ചുവീട്‌ സ്വന്തമായി ഉള്ളപ്പോൾ വേറെ വലിയ വീടൊന്നും വേണമെന്ന്‌ തോന്നിയിട്ടേ ഇല്ല ’ –- ലോട്ടറി കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന സ്‌മിജയുടെ വാക്കുകളിൽ അഭിമാനം. കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ആറുകോടി രൂപ ഒന്നാംസമ്മാനം അടിച്ച ടിക്കറ്റ്‌ വിറ്റത്‌ സ്‌മിജയാണ്‌. ഫോണിൽ പറഞ്ഞുവച്ചതല്ലാതെ  പണംപോലും ടിക്കറ്റ്‌ വാങ്ങിയ ആൾ നൽകിയിരുന്നില്ല. ടിക്കറ്റ്‌ നൽകാതെ പണം കൈക്കലാക്കാമായിരുന്നില്ലേ എന്ന കുസൃതി ചോദ്യത്തിന്‌ സ്‌മിജ നൽകുന്ന ഉറപ്പുള്ള വാക്കുകൾ എൽഡിഎഫ്‌ സർക്കാരിന്‌ ജനങ്ങളോടുള്ള കരുതലിന്റെ സാക്ഷ്യപത്രമാണ്‌. 

നറുക്കെടുപ്പിന്‌ ഒരു മണിക്കൂർമുമ്പ്‌ ബാക്കിവന്ന 12 ടിക്കറ്റുകൾ പതിവായി വാങ്ങുന്നവർക്ക്‌ ഫോണിലൂടെ സ്മിജ വിൽപ്പന നടത്തിയിരുന്നു. പിന്നീട്‌ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ്‌ ചന്ദ്രനുമായി കരാർ ഉറപ്പിച്ച്‌  വാട്‌സാപ്പിൽ ഫോട്ടോ കൈമാറി. ടിക്കറ്റ്‌ ഭദ്രമായി മാറ്റിവച്ചു.  വൈകിട്ട്‌ ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ്‌ കൈമാറിയ സ്‌മിജ അതിന്റെ വില മാത്രമാണ്‌ കൈപ്പറ്റിയത്‌.

സ്‌മിജയും ഭർത്താവ്‌ രാജേശ്വരനും ലോട്ടറി കച്ചവടക്കാരാണ്‌. പട്ടിമറ്റം വലമ്പൂരിൽ സർക്കാർ ലൈഫ്‌ പദ്ധതിപ്രകാരം നൽകിയ 410 ചതുരശ്ര അടിയുള്ള നികത്തിത്തറ വീട്ടിലാണ്‌ താമസം.

2020 ആഗസ്‌തിലായിരുന്നു പാലുകാച്ചൽ. മക്കളായ ജഗനും ലുഖൈതും ഒപ്പമുണ്ട്‌. മാല്യങ്കര സെന്റ്‌ സേവ്യേഴസ്‌ കോളേജിൽനിന്ന്‌ ബിഎസ്‌സി മാത്‌സ്‌ വിജയിച്ചശേഷം ഹാർഡ്‌വെയർ, പ്രിന്റിങ് കോഴ്‌സുകളും പൂർത്തിയാക്കിയിട്ടുണ്ട്‌. കണ്ടക്‌ടർ, എക്സൈസ്‌ ഗാർഡ്‌ തുടങ്ങി ചില പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റുകളിൽ ഉണ്ടായിരുന്നു. എന്നാൽ കായികക്ഷമതാ പരീക്ഷയിൽ പിന്നിലായതിനാൽ ജോലി കിട്ടിയില്ല. ജീവിതം എപ്പോഴെങ്കിലും നേരായ വഴിയിൽ പച്ചപിടിക്കും എന്നാണ്‌ സത്യസന്ധതയുടെ ആത്മബലത്തിൽ സ്‌മിജ പൂരിപ്പിക്കുന്നത്‌. ആലുവ രാജഗിരി ആശുപത്രിക്കുമുന്നിലെ തട്ടിലാണ്‌ ലോട്ടറി കച്ചവടം.