കിഫ്‌ബി വഴി ഹരിപ്പാട്‌

Thursday Mar 25, 2021
എം കെ പത്മകുമാർ


ആലപ്പുഴ
പൗരാണിക സംസ്‌കൃതിയുടെ തുടിപ്പുകൾ ഇന്നും അവശേഷിക്കുന്ന ഹരിപ്പാട്‌ നഗരത്തിന്‌ കയറ്റിറക്കങ്ങളുടെ ചരിത്രം പറയാനേറെയുണ്ട്‌. ഹരിപ്പാട്‌ നഗരസഭയുൾപ്പെടുന്ന മണ്ഡലത്തിനും ജനപ്രതിനിധികളെ മാറ്റിവിടുന്ന ചരിത്രമാണുള്ളത്‌.

എല്ലാത്തിനെയും എതിർക്കുന്ന പ്രതിപക്ഷ നേതാവ്‌ എന്ന പേര്‌ സമ്പാദിച്ച രമേശ്‌ ചെന്നിത്തലയുടെ മണ്ഡലത്തിലെ ചർച്ചയുടെ കാതലും ഈ അന്ധമായ എതിർപ്പു തന്നെ‌. കേരളത്തിന്റെ അടിസ്ഥാന വികസന മേഖലയിൽ വലിയ കുതിപ്പുണ്ടാക്കിയ കിഫ്‌ബിയെ തകർക്കാൻ മുൻനിരയിൽ നിൽക്കുന്നയാളാണ്‌ ചെന്നിത്തല. എന്നാൽ, അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാവുന്ന വികസന പദ്ധതികളെല്ലാം ‘കിഫ്‌ബി’ സഹായം വഴിയുള്ളതും. മറ്റെല്ലാ മണ്ഡലങ്ങളിലും ‘കിഫ്‌ബി’ പദ്ധതികൾ അവിടത്തെ സ്ഥാനാർഥികൾക്ക്‌ സഹായകമാകുമ്പോൾ ഹരിപ്പാട്‌മാത്രം അത്‌ ‘ഭീഷണി’ ആയി മാറുന്നു.  ചെന്നിത്തലയുടെ  കപടരാഷ്‌ട്രീയം തുറന്നുകാട്ടും എന്ന്‌ പ്രഖ്യാപിച്ച്‌ വിമതനായി മത്സരിക്കുന്ന യൂത്ത്‌ കോൺഗ്രസ് മുൻ‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ് നിയാസ്‌ ഭാരതിയുടെ സാന്നിധ്യമാണ്‌ ചെന്നിത്തല കടക്കേണ്ട മറ്റൊരു കടമ്പ.

യുവജനരംഗത്തെ പോരാട്ടത്തിന്റെ ഊർജവുമായി ആർ സജിലാൽ ആണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കേരള സിറാമിക് ലിമിറ്റഡ് ഡയറക്ടർ, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എന്നീ നിലയിലും പ്രവർത്തിക്കുന്നു. കൊല്ലം അഞ്ചൽ ചെമ്പകാരാമനല്ലൂർ ചന്ദ്രികാലയത്തിൽ കർഷക തൊഴിലാളിയായ രവീന്ദ്രന്റെയും ചന്ദ്രികയുടെയും മകനാണ് ഈ നാൽപ്പത്തൊന്നുകാരൻ. 

കെ സോമനാണ്‌ എൻഡിഎ സ്ഥാനാർഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റാണ്‌. നിലവിൽ ദക്ഷിണ മേഖലാ പ്രസിഡന്റ്‌. ഹരിപ്പാട്‌ ആനാരി സ്വദേശിയാണ്‌. എൻഎസ്‌എസ്‌ കരയോഗം പ്രസിഡന്റാണ്‌. വിമതനായി രംഗത്തുള്ള നിയാസ്‌ ഭാരതി  ആറ്റിങ്ങൽ സ്വദേശിയാണ്‌. എൻഡിഎ സ്ഥാനാർഥിയുണ്ടെങ്കിലും ബിജെപി–-കോൺഗ്രസ്‌ വോട്ടു കച്ചവടവും ചർച്ചയാണ്‌.

ചെന്നിത്തല അഞ്ചാം തവണയാണ്‌ ഹരിപ്പാട്‌ മത്സരിക്കുന്നത്‌. 1982ലായിരുന്നു കന്നി അങ്കം. 87ലും ജയം ആവർത്തിച്ചു. കോട്ടയത്തുനിന്ന്‌  ലോക്‌സഭയിലെത്തി. കെ കരുണാകരൻ സർക്കാരിൽ ഗ്രാമവികസന മന്ത്രി, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ‌ ആഭ്യന്തരമന്ത്രി. കെപിസിസി പ്രസിഡന്റുമായിരുന്നു. 

ഹരിപ്പാട്‌ മണ്ഡലത്തിൽ ബജറ്റു വിഹിതത്തിനു പുറമെ കിഫ്‌ബി വഴി നിർമിച്ച  എൻഎച്ച്–-കരുവാറ്റ–--മാന്നാർ റോഡ് (30 കോടി), മംഗലം ഗവ.‌ എച്ച്എസ്എസിന്റെ അടിസ്ഥാന സൗകര്യ വികസനം (മൂന്ന്‌ കോടി), ഹരിപ്പാട് ഗവ.‌ ഗേൾസ് എച്ച്എസ്എസിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കൽ (അഞ്ചു കോടി), കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം (15 കോടി) എന്നിവ ജനങ്ങളുടെ മുന്നിലുള്ള പദ്ധതികളാണ്‌.  ഇനിയും പാലങ്ങളും റോഡുകളുമടക്കം ഒട്ടേറെ വികസനങ്ങൾ മണ്ഡലത്തിൽ നടക്കാനുണ്ടെന്നും ‘കിഫ്‌ബി’വഴി തന്നെ അവ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും സജിലാൽ പറയുന്നു.