സ്വന്തം സൈന്യത്തെ നയിച്ച്‌ മന്ത്രി

Thursday Mar 25, 2021

കൊല്ലം
പ്രളയത്തിൽ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ  കേരളത്തിന്റെ സ്വന്തം സൈന്യം –- മത്സ്യത്തൊഴിലാളികൾ–- നടത്തിയ ധീരമായ ഇടപെടലിന്‌  നേതൃത്വം നൽകിയത്‌ മറ്റാരുമല്ല; മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ.

2018 ആഗസ്‌ത്‌ 15 ന് രാവിലെയാണ് പത്തനംതിട്ട കലക്ടറുടെ ഫോൺ സന്ദേശം കൊല്ലം കലക്ടർ ഡോ. എസ് കാർത്തികേയന് ലഭിച്ചത്.  പേമാരിയിൽ മുങ്ങിത്താണ സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ  കൊല്ലം തീരത്തുനിന്നും മത്സ്യത്തൊഴിലാളികളെ വള്ളങ്ങളുമായി അയക്കണമെന്നായിരുന്നു അഭ്യർഥന. വിവരം എനിക്കും ലഭിച്ചു. പിന്നെ ഒട്ടും വൈകിയില്ല. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പൊലീസും കൈകോർത്തു. കോരിച്ചൊരിയുന്ന കനത്ത മഴയിലും   ഉച്ചയോടെ രണ്ടു വള്ളവുമായി തങ്കശ്ശേരിയിലെ  മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയ്‌ക്ക് പുറപ്പെട്ടു.  കടൽ തിരമാലകളെ മുറിച്ചുകടന്ന്‌ അന്നത്തിനു  വഴി തേടുന്ന മത്സ്യത്തൊഴിലാളികളുടെ കരുത്ത് ഈ നാട് തിരിച്ചറിയുകയായിരുന്നു–- ദുരിതാശ്വാസ പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ  അഭിമാനത്തോടെ ഓർത്തു.

17ന് 59 വള്ളം കൂടി ജില്ലയിലെ തീരത്തുനിന്ന് റാന്നി, ചെങ്ങന്നൂർ, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലേക്ക്  പോയി.  തങ്കശ്ശേരി, വാടി, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ സംസ്ഥാനത്ത്‌ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്  അറുനൂറോളം വള്ളങ്ങളാണ്. ആന്ധ്രയിൽനിന്നും അരികൊണ്ടുവന്ന വലിയ ലോറികളിലാണ്  വള്ളങ്ങൾ കൊണ്ടുപോയത്.  രക്ഷാപ്രവർത്തനത്തിന് പോയ വള്ളങ്ങൾക്ക് സൗജന്യമായി മണ്ണെണ്ണ നൽകാൻ മത്സ്യഫെഡും  മുന്നോട്ടുവന്നു. കേടുപാടുകൾ സംഭവിച്ച വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കും  നടപടി സ്വീകരിച്ചു.  കേരളത്തിന്റെ  സൈന്യം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ  മത്സ്യത്തൊഴിലാളികളെ നാടാകെ ഹൃദയത്തോട് ചേർത്തു.

നാട്‌ മുങ്ങിയപ്പോൾ ചേർത്തുപിടിച്ചതിങ്ങനെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ നൽകിയത്‌ –- 3560.54 കോടി
കെയർഹോം–- 52.69 കോടിരൂപ
അടിയന്തര ധനസഹായം: 457.58 കോടി
2019ലെ കാലവർഷക്കെടുതി സഹായം: 735.13 കോടിരൂപ
ക്യാമ്പുകളിൽ 
കഴിഞ്ഞവർക്ക്‌: 144.07 കോടി
ബന്ധുവീടുകളിൽ 
കഴിഞ്ഞവർക്ക്‌: 218.75 കോടി