സജി
കരഞ്ഞു; കേരളവും

Thursday Mar 25, 2021

ചെങ്ങന്നൂർ
2018 ആഗസ്‌ത്‌ 15 പുലർച്ചെ: പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികൾ കരകവിഞ്ഞു‌. വൈദ്യുതി, മൊബൈൽ ബന്ധം തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു.

ചെങ്ങന്നൂർ അങ്ങാടിക്കലിൽ കോലമുക്കം കോളനിയിൽ എൺപതോളം പേർ കുടുങ്ങിയതായി, സജി ചെറിയാൻ എംഎൽഎ അറിയുന്നു. പുഴ പോലെയായ റോഡിലൂടെ കാറിൽ എംഎൽഎയും സംഘവും സ്ഥലത്തേ‌ക്ക്‌ തിരിച്ചു. പാതിവഴിയിൽ ആ കാറും  ഒഴുക്കിൽപ്പെട്ടു. തലനാരിഴയ്‌ക്കാണ്‌ സജി ചെറിയാനും ഡ്രൈവറും‌ രക്ഷപ്പെട്ടത്‌. അപകടം വകവയ്‌ക്കാതെ കോളനിയിലേ‌ക്ക്‌ നീന്തിയെത്തി; മുഴുവൻ ആളുകളെയും അടുത്ത സ്‌കൂളിലേക്ക്‌ മാറ്റി.

അതുകഴിഞ്ഞായിരുന്നു, കേരളത്തെ കരയിച്ച എംഎൽഎയുടെ അഭ്യർഥന വന്നത്‌. വീടുകളിലും മറ്റും കുടുങ്ങിയ ആളുകളുടെ ജീവൻ രക്ഷിക്കാൻ എയർലിഫ്‌റ്റിനായി എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥന ഹൃദയംതൊട്ടു. മണിക്കൂറുകൾക്കകം കര, നാവിക, വ്യോമ സേനാംഗങ്ങളും എൻഡിആർഎഫ് സംഘവുമെത്തി എയർ ലിഫ്റ്റിങ്  ആരംഭിച്ചു. നൂറുകണക്കിന്‌ മത്സ്യബന്ധനവള്ളവും ബോട്ടും രക്ഷാപ്രവർത്തനത്തിനെത്തി. ഇത്തരത്തിൽ അമ്പതിനായിരത്തോളം പേരെയാണ്‌ രക്ഷിച്ചത്‌. ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞ രണ്ടുലക്ഷത്തിലേറെ പേർക്കും മികച്ച സൗകര്യം ഒരുക്കി. വീടുകളിൽ മടങ്ങിയെത്തിയവർക്ക് ശുചീകരണത്തിനുൾപ്പെടെ സഹായം നൽകി സജി ചെറിയാൻ എംഎൽഎ മുന്നിൽനിന്നു. പ്രളയക്കെടുതിയിൽനിന്ന്‌ ചെങ്ങന്നൂരിനെ മടക്കിക്കൊണ്ടുവന്നത്‌ ദിവസങ്ങൾക്കകമാണ്‌.