വലിയ ലോറിയിൽ വാസവൻ

Thursday Mar 25, 2021

കോട്ടയം
‘അതൊരിക്കലും മറക്കില്ല, എങ്ങോട്ടുപോകുമെന്നറിയാതെ കൈയിൽകിട്ടിയത് ‌മാത്രമെടുത്ത്‌ ജീവനുംകൊണ്ട്‌ ഓടി വന്നപ്പോൾ ഞങ്ങൾക്കുനേരെ രക്ഷാകരം നീട്ടിയ വി എൻ വാസവനെ മറക്കാനാകില്ല’–-  കുമരകം പൊങ്ങലക്കരിയിൽ കായിത്തറ കുഞ്ഞുമോന്റെ ഭാര്യ തെയ്യാമ്മ(65)യുടെ  ഓർമകളിലേക്ക്‌ വീണ്ടുമെത്തി 2018ലെ മഹാപ്രളയം.   വെള്ളം പൊങ്ങിക്കൊണ്ടിരുന്നപ്പോൾ വീട്ടിൽത്തന്നെ പിടിച്ചുനിൽക്കാമെന്ന്‌‌ കരുതി‌. പക്ഷെ കുത്തൊഴുക്ക്‌ കൂടിയപ്പോൾ എല്ലാം തകിടംമറിഞ്ഞു. ആദ്യം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലെത്തിയപ്പോൾ ആളുകൾ നിറഞ്ഞു.

എന്തുചെയ്യണമെന്നറിയാതെ ഒട്ടേറെ പേർ വന്നുകൊണ്ടിരുന്നു. ആ സമയത്താണ്‌ വലിയ ലോറിയുമായി വി എൻ വാസവന്റെ വരവ്‌.‌ നാട്ടകം ഗവ. കോളേജിലെ ക്യാമ്പിലേക്കാണ്‌ മാറ്റിയത്‌. ക്യാമ്പിലും എല്ലാ സഹായവും ലഭിച്ചു. അതിന്റെയെല്ലാം മുന്നിൽ വാസവനുണ്ടായിരുന്നു–-തെയ്യാമ്മ പറഞ്ഞുനിർത്തി.

കോട്ടയത്തെ പാടെ ഉലച്ചതാണ് മഹാപ്രളയം. അന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്നു വി എൻ വാസവൻ. പാർടി പ്രവർത്തകരെയും അദ്ദേഹം നയിക്കുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി വളന്റിയർമാരെയും  ഏകോപിപ്പിച്ചാണ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങിയത്‌. ടോറസ്‌ ലോറിയിൽ അദ്ദേഹം നേരിട്ട്‌ ആളുകളെ ക്യാമ്പുകളിലേക്ക്‌ എത്തിച്ചു. കുട്ടനാട്ടിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമായപ്പോഴും ചങ്ങനാശേരി കേന്ദ്രീകരിച്ച്‌ വി എൻ വാസവൻ രക്ഷാപ്രവർത്തകനായി. ഒറ്റപ്പെട്ട തുരുത്തുകളിലും അപകടംനിറഞ്ഞ വെള്ളക്കെട്ടുകളിലും അകപ്പെട്ട ദുരിതബാധിതരുടെ അടുത്തേക്ക്‌ ആരോഗ്യം മറന്നാണ്‌ അദ്ദേഹം എത്തിയത്‌. അന്നുണ്ടായ പരിക്കിൽനിന്നും അദ്ദേഹം പൂർണമായി മുക്തനായിട്ടില്ല.