പ്രചാരണം ‘ ടോപ്‌ ഗിയറി’ൽ

‌മുഖംപൊത്തി കോൺഗ്രസും 
ബിജെപിയും

Wednesday Mar 24, 2021
കെ ശ്രീകണ്‌ഠൻ


തിരുവനന്തപുരം
തെരഞ്ഞെടുപ്പിന്‌ പതിനൊന്ന്‌ ദിവസം  അവശേഷിക്കെ പ്രചാരണം ‘ടോപ്‌ ഗിയറി’ ലേക്ക്‌ കടന്നു. വിവിധ പാർടികളുടെ ദേശീയ നേതാക്കൾ പ്രചാരണത്തിനിറങ്ങി. കോൺഗ്രസും ബിജെപിയും കേരളം മുമ്പ്‌ കണ്ടിട്ടില്ലാത്തവിധം നാണക്കേടിലായ വേളയിലാണ്‌ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നത്‌.

മുതിർന്ന നേതാക്കളടക്കം കൊഴിഞ്ഞുപോകുന്നതിന്റെ നാണക്കേടിൽ നിൽക്കെ കോൺഗ്രസിന്‌  കത്രികപ്പൂട്ടായി സർവേഫലങ്ങളും‌. വെൽഫെയർ  സഖ്യം വീണ്ടും പൊടിതട്ടിയെടുത്തതും ചർച്ചയാണ്‌. രണ്ട്‌ മണ്ഡലങ്ങളിൽ  സ്ഥാനാർഥിത്വം ഒലിച്ചുപോയതിന്റെ നാണക്കേടിലാണ്‌ ബിജെപി.

നേമത്ത്‌ 2016 ലെ വോട്ടുകച്ചവടം  എ കെ ആന്റണി തുറന്നുസമ്മതിച്ചു. തലശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ടു വേണ്ടെന്ന്‌ പറയില്ലെന്ന്‌‌  രമേശ്‌ ചെന്നിത്തല‌. സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ചർച്ചയാകരുതെന്ന വാശിയുള്ളവർ‌ ശബരിമല പറഞ്ഞുകൊണ്ടിരിക്കുന്നു.


 

പ്രചാരണത്തിനായി രാഹുൽ ഗാന്ധി കാലെടുത്തവച്ച വേളയിലാണ്‌ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ കെ സി റോസക്കുട്ടി പാർടി വിട്ടത്‌. പിറ്റേന്ന്‌ മുതിർന്ന നേതാവ്‌ കെ എം സുരേഷ്‌ ബാബുവും. പ്രളയം, കോവിഡ്‌ കാലത്ത്‌ പോലും കേരളത്തിലേക്ക്‌ തിരിഞ്ഞുനോക്കാത്ത എ കെ ആന്റണി പ്രചാരണത്തിന്‌ എത്തിയത്‌ കൗതുകമായി. നേമത്ത്‌ കഴിഞ്ഞ തവണ ബിജെപിക്ക്‌ നൽകിയ ‘ദാനം’ ഇക്കുറി തിരിച്ചെടുക്കണമെന്നാണ്‌ ആന്റണിയുടെ കോൺഗ്രസുകാരോടുള്ള നിർദേശം. കഴിഞ്ഞ തവണത്തെ ദാനം ഇക്കുറി തിരികെ നൽകണമെന്ന ബിജെപിയോടുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്‌. കോൺഗ്രസ്‌–-ബിജെപി വോട്ടുകച്ചവടം സത്യമാണെന്ന് ആന്റണിയും‌ അടിവരയിട്ടു.

സ്വർണക്കടത്ത്‌ കേസിൽ എൻഐഎ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമർശം പോലുമില്ലെന്നിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ നുണക്കഥകൾ ആവർത്തിക്കുന്നത്‌ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ‌.

സ്ഥാനാർഥിയില്ലാതായത്‌ മൂലം തലശേരിയിൽ റോഡ്‌ ഷോ നടത്താനാവാത്തതിന്റെ നാണക്കേട്‌‌ മറച്ചുവയ്‌ക്കാനുള്ള വൃഥാശ്രമമാണ്‌ നുണപ്രചാരണത്തിലൂടെ നടത്തുന്നത്‌.  വോട്ടർപട്ടികയിലെ ഇരട്ടിപ്പ്‌ കള്ളവോട്ടായി വ്യാഖ്യാനിച്ച്‌  ചെന്നിത്തല ദിവസവും ആരോപിക്കുന്നതിനു പിന്നിലും യുഡിഎഫിന്റെ വിഷയദാരിദ്ര്യം തന്നെ. സർവേ ഫലങ്ങൾ യുഡിഎഫിനെ പച്ചയ്‌ക്ക്‌ തള്ളിയതോടെ അണികളിൽ നിരാശ പടരുകയുമാണ്‌. സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ആവേശം വിതറിയാണ്‌ പ്രചാരണം നയിക്കുന്നത്‌. കാസർകോട്‌ നിന്ന്‌ തുടങ്ങിയ യെച്ചൂരിയുടെ പടയോട്ടം ഞായറാഴ്‌ച തിരുവനന്തപുരത്ത്‌ സമാപിക്കും. കൊല്ലം ജില്ലയിൽ എത്തിയ മുഖ്യമന്ത്രി വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്‌ ആദ്യഘട്ട പ്രചാരണം അവസാനിപ്പിക്കും.