മാറിയ അക്ഷരമുറ്റങ്ങളേ നിങ്ങൾക്കെന്തു ഭംഗി

Wednesday Mar 24, 2021

വിദ്യാലയങ്ങളിലെ സുവർണ വിപ്ലവം കാണാൻ മലയാളത്തിലെ പ്രിയ കവിയും നടനും 
ഒരുമിച്ചാണെത്തിയത്‌. അധ്യാപകർ കൂടിയായ അവർ തൊട്ടറിഞ്ഞു... മാറിയ, മാറ്റിയ 
വിജ്ഞാനത്തിന്റെ വിശാലാകാശങ്ങൾ... 
തലസ്ഥാനത്തെ കഴക്കൂട്ടം ഗവ. 
ഹയർസെക്കൻഡറി സ്‌കൂൾ, ഒറ്റശേഖരമംഗലം ഗവ. എൽപിഎസ്‌, മലയിൻകീഴ്‌ ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ സന്ദർശിച്ച അനുഭവങ്ങൾ പ്രൊഫ. വി മധുസൂദനൻ നായരും സുധീർ കരമനയും പങ്കുവയ്ക്കുന്നു

മധുസൂദനൻ നായർ:  സ്‌കൂളുകളിൽ സർക്കാർ ഒരുക്കിയ സൗകര്യം കാണുമ്പോൾ  കൊച്ചുകുട്ടിയായി ഇതുപോലൊരു വിദ്യാലയത്തിലേ‌ക്കു തിരിച്ചുവന്ന്‌ പഠിക്കാൻ തോന്നുന്നു.  എനിക്ക് വീണ്ടും ജനിക്കാൻ തോന്നുന്നു. കുഞ്ഞുങ്ങൾക്ക്‌ നന്മചെയ്യുന്നവരാണ്‌ നല്ല ഭരണാധികാരി. ഹൃദയംതുറന്നു പറയട്ടെ,  സർക്കാരിന്‌ നൂറുകോടി പുണ്യം.

സുധീർ കരമന : അതെ, നീലാകാശത്തിൽ വെള്ളമേഘക്കീറുകൾ ഒഴുകുന്നതുപോലെയാണ്‌ പുതുമോടിയിൽ തിളങ്ങിനിൽക്കുന്ന വിദ്യാലയമുറ്റത്തുകൂടി കുട്ടികൾ പോകുമ്പോൾ തോന്നുക.   എന്റെ മനസ്സും കുട്ടിക്കാലത്തേ‌ക്കു തിരിച്ചുപോയി.   മുമ്പ്‌ നമ്മൾ കേട്ടാണ്‌ പഠിച്ചത്‌. ഇന്ന്‌ കണ്ട്‌ പഠിക്കുന്നു.   ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന മേഖലകളുടെ വികസനത്തിലൂടെയേ നാടിനു പുരോഗതിയുണ്ടാകൂ എന്നു തിരിച്ചറിഞ്ഞുള്ള പ്രവർത്തനത്തെ പ്രശംസിക്കാതെ വയ്യ. ജനത്തെ സ്‌നേഹിക്കുന്നവർക്കേ ഈ ദിശയിൽ ചിന്തിക്കാൻ കഴിയൂ. ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിക്കും കിഫ്‌ബി വഴി  ഇതിനായി പണം കണ്ടെത്തിയ ധനമന്ത്രിക്കുമാണ്‌ ഞാൻ ഇതിന്റെ ക്രെഡിറ്റ്‌ കൊടുക്കുന്നത്‌.

മധുസൂദനൻ നായർ: നാടിന്റെ ജീവനും തുടിപ്പുമാണ്‌ സർക്കാർ പള്ളിക്കൂടങ്ങൾ.  പ്രതിഭാശാലികൾ ഉണ്ടാകുന്നത്‌ പൊതുവിദ്യാലയങ്ങളിൽ നിന്നുമാത്രമാണ്‌. ഏറ്റവും ആത്മവിശ്വാസവും ആത്മബലവും ഉള്ള കുട്ടികൾ ഉണ്ടാകുന്നത്‌ അവിടെനിന്നായിരിക്കും. അതാണ് നാടിന് വേണ്ടത്. ഇക്കാലത്ത് ഒരു കുട്ടിക്ക് ഉണ്ടാകുന്ന മാനസികോല്ലാസം പണ്ടുകാലത്ത് ഇല്ലായിരുന്നു.   ഇടക്കാലത്ത് സർക്കാർ സ്കൂളുകളെല്ലാം മോശമായി. ചിലർ ഇതിനെ മോശമാക്കി എന്ന് പറയുന്നതാകും കൂടുതൽ ശരി.  
ഇപ്പോൾ പൊതുവിദ്യാലയങ്ങളുടെ സൗകര്യം വർധിപ്പിച്ചതോടെ സ്‌കൂളുകൾക്ക്‌ ജീവൻ വച്ചു. ശക്തിവന്നു. യൗവനം വന്നു. എന്നിട്ടും ചില രക്ഷിതാക്കളുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ല. 

സുധീർ കരമന : അത് അധികകാലം ഉണ്ടാകില്ല സർ. പൊതുവിദ്യാലയങ്ങളിൽ പഠിച്ചിറങ്ങുന്നവരാണ്‌ കൂടുതൽ സമർഥരെന്ന്‌ അത്തരക്കാർക്ക്‌ ബോധ്യപ്പെട്ടു തുടങ്ങി. അവരും പൊതുവിദ്യാലയങ്ങളിലേ‌ക്കെത്തും. ഐടി രംഗത്ത് സർക്കാർ കൊണ്ടുവന്ന അതിഭയങ്കരമായ മാറ്റം സ്‌കൂൾ തലത്തിൽതന്നെ കുട്ടികൾ മനസ്സിലാക്കുകയല്ലേ. അതുമാത്രമല്ല, അസാപ്‌  വഴി കുട്ടിയുടെ മറ്റുകഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. കുട്ടിപ്പൊലീസ്‌, എൻഎസ്‌എസ്‌ എന്നിവയിലൂടെ കുട്ടികൾക്കുണ്ടാകുന്ന മാനസികമായ ഉയർച്ച വളരെ വലുതാണ്‌. ഇത്‌ പൊതുവിദ്യാലയങ്ങളിലേയുള്ളൂ.

മധുസൂദനൻ നായർ: കല, ശാസ്ത്രം, സാമൂഹ്യ ബോധം ഇതൊക്കെ വളർത്തിയിട്ട് പൊതുവിൽ  സമ്പൂർണ മനുഷ്യനാക്കി വിദ്യാർഥിയെ വളർത്തിയെടുക്കാനുള്ള വലിയ പദ്ധതിയാണിത്. അറിവാണ്‌ തിരിച്ചറിവെന്ന്‌ കേരളത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും സർക്കാർ ബോധ്യപ്പെടുത്തി. ഈ ഭൂമി നമുക്കു മാത്രമുള്ളതല്ലെന്ന്‌ കുട്ടികളെ പഠിപ്പിക്കുന്നു. സ്വന്തം ശക്തിയാണ്‌ സ്വാതന്ത്ര്യമെന്നും അതു വളർത്താനാണ്‌ ഏറ്റവും പുതിയ സൗകര്യങ്ങളെന്നും കുട്ടികൾതന്നെ തിരിച്ചറിയുന്നു. പ്രതിഭയുടെ വികാസമാണ്‌ സർക്കാർ വിദ്യാലയങ്ങളിൽ കാണാനാകുന്നത്‌.   ഒരുമിക്കാനുള്ള അവസരം കിട്ടുമ്പോഴാണ്‌ തോൽക്കാനും മറ്റുള്ളവരെ അംഗീകരിക്കാനുമുള്ള ബോധമുണ്ടാകുന്നത്‌. തോറ്റാലും മനഃസ്ഥൈര്യത്തോടെ നേരിടാനുള്ള കരളുറപ്പ്‌ ഉണ്ടാകുന്നത്‌. ഇത് പൊതുവിദ്യാലയങ്ങളിൽ അല്ലാതെ മറ്റൊരിടത്തും കിട്ടില്ല. മലയാള ഭാഷയ്‌ക്ക്‌ സർക്കാർ പ്രാധാന്യം നൽകുന്നു. ഇനിയും അത്‌ ആവശ്യമാണ്‌.

സുധീർ കരമന : അതുമാത്രമല്ല, സ്‌കൂളിലെ സൗകര്യങ്ങൾക്കൊപ്പം യൂണിഫോം നൽകുന്നുണ്ട്‌. കഴിഞ്ഞ നാലഞ്ചു വർഷമായി സ്‌കൂൾ അടയ്‌ക്കുംമുമ്പേ അടുത്ത അധ്യയന വർഷത്തെ പുസ്‌തകങ്ങൾ കുട്ടിക്കു കൊടുക്കുന്നു. നല്ല അധ്യാപകരെ നൽകുന്നു. ഇപ്പോൾ കുട്ടികൾ രാവിലെ വീട്ടിൽനിന്നിറങ്ങിയാൽ ഒരു ക്ഷീണവുമില്ലാതെയാണ്‌ തിരികെയെത്തുന്നത്‌. വളരെ നല്ല ഭക്ഷണമാണ്‌ അവർക്ക്‌ നൽകുന്നത്‌. ഇഡ്ഡലിയും സാമ്പാറുമടക്കമുള്ള പ്രഭാതഭക്ഷണം, ഉച്ചയ്‌ക്ക്‌ വിഭവസമൃദ്ധമായ ഊണ്‌.  കൊച്ചുകുട്ടികൾക്ക്‌ വൈകിട്ട്‌ ഭക്ഷണം നൽകിയാണ്‌ പലയിടത്തും തിരികെവിടുന്നത്‌.

മധുസൂദനൻ നായർ: അത്‌ വളരെ പ്രധാനമാണ്‌. ഇന്ന്‌ കുട്ടികൾ വളരെ ഉല്ലാസത്തോടെയാണ്‌ സ്‌കൂളുകളിലെത്തുന്നതും തിരികെപ്പോകുന്നതും.  ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിൽ ഭക്ഷണമില്ല. വീട്ടിൽനിന്ന് കൊണ്ടുപോകാൻ നിവൃത്തിയുമില്ല. 

സുധീർ കരമന : പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള കറികൾക്കുള്ള വിഭവങ്ങൾ അവിടെത്തന്നെയുണ്ടാക്കുന്നുണ്ട്‌. സ്‌കൂളിനടുത്തുള്ള സ്ഥലം അടുക്കളത്തോട്ടങ്ങളാക്കി അവിടെ കുട്ടികൾതന്നെ കൃഷിചെയ്‌ത്‌ വിളവെടുത്ത്‌ സ്‌കൂളിലെ ഭക്ഷണത്തിന്‌ വിഭവങ്ങളാക്കുന്നു. 

മധുസൂദനൻ നായർ: രക്ഷിതാക്കളെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട മറ്റൊരുകാര്യമുണ്ട്‌. സർക്കാർ പള്ളിക്കൂടം അവരുടെ സാമ്പത്തികഭാരം നന്നായി കുറയ്ക്കുന്നു. വിദ്യാലയങ്ങളിൽ കുട്ടികളെ അയക്കാൻ പാടുപെട്ട്‌ പണം കടമെടുത്ത് വിഷമിക്കേണ്ട.  രക്ഷിതാവിന്‌ ഭാരമല്ലാത്ത വിദ്യാഭ്യാസമാണ് യഥാർഥ വിദ്യാഭ്യാസം. 

സുധീർ കരമന: നാടിന്റെ ശരിയായ വളർച്ച സർക്കാർ കാണിച്ചുകൊടുത്തു എന്നത്‌ നിസ്സാര കാര്യമല്ല. ഭൗതികമായി കാണുന്നത് മാത്രമല്ല വികസനം. ചിലത് കാഴ്ചയിൽ അറിയാൻ കഴിയില്ല, അനുഭവിച്ചാണ് അറിയുക. ഇതാണ് നമ്മുടെ കൺമുന്നിൽ ഇപ്പോൾ കാണുന്നത്‌. ഹൈടെക്‌ സ്‌കൂളുകളും സ്‌മാർട്‌ ക്ലാസ്‌ മുറികളും ആധുനിക സൗകര്യങ്ങളുള്ള ലൈബ്രറികളും. ഇത്‌ പ്രയോജനപ്പെടുത്തുന്ന കുട്ടികൾ നാളെ എത്രമാത്രം സമർഥരാകും എന്ന്‌ ആലോചിച്ചുനോക്കൂ. പ്രളയം കേരളത്തെ തകർത്തെറിഞ്ഞു. മൈനസ്‌ 100 ൽനിന്നുമാണ്‌ സർക്കാർ ഇത്രയും അത്ഭുതം കേരളത്തിൽ സൃഷ്‌ടിച്ചത്‌. പൊതുമേഖലാ വിദ്യാഭ്യാസ–- ആരോഗ്യ മേഖലയിലുണ്ടായ നേട്ടത്തിന്റെ പേരിലായിരിക്കും വരുംകാലം ഈ സർക്കാർ ഓർമിക്കപ്പെടുക.

തയ്യാറാക്കിയത്‌: സുരേഷ്‌ വെള്ളിമംഗലം