27 April Saturday

ഫസ്റ്റ്‌ ബെൽ: പിന്നിട്ടത്‌ 3100 മണിക്കൂർ‌; അവതരിപ്പിച്ചത്‌ 6200 എപ്പിസോഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021


തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം തുടക്കമിട്ട ഡിജിറ്റൽ ക്ലാസുകൾ ഇതുവരെ സംപ്രേഷണം ചെയ്‌തത് 3100 മണിക്കൂർ നീണ്ട 6200 എപ്പിസോഡ്‌. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ താൽക്കാലിക സംവിധാനമായാണ്‌ ഡിജിറ്റൽ ക്ലാസകൾ ആരംഭിച്ചത്‌.

പൊതുവിഭാഗത്തിനു പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകളും ഉൾപ്പെടെ അക്കാദമിക്‌ വർഷത്തിനകത്തുതന്നെ  സംപ്രേഷണം പൂർത്തിയാക്കി. അക്കാദമിക്‌ ഉള്ളടക്കം തയ്യാറാക്കുന്നതിനും അവതരണത്തിനുമായി 10,000 അധ്യാപകരുടെ സേവനമാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെയുള്ള സംപ്രേഷണത്തിനായി ഉപയോഗപ്പെടുത്തിയത്‌.  ജനുവരി 17ന്‌ പത്താംക്ലാസും ജനുവരി 30ന്‌ പ്ലസ്‍ ടുവും ക്ലാസുകൾ പൂർണമാകുമ്പോൾ സീറോ അക്കാദമിക് വർഷമോ കാലതാമസമോ  ഇല്ലാതെ മാർച്ച് 17ന്‌ പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനൊരുങ്ങുകയാണ് 10 ലക്ഷത്തോളം വിദ്യാർഥികൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നൽകിയ ഊർജവും സ്കൂളുകൾ ഹൈടെക്കായ പരിസരവും ഒപ്പം കൈറ്റ്, എസ്‌സിഇആർടി, എസ്എസ്‌കെ, എസ്ഐഇടി തുടങ്ങിയ മൊത്തം ഏജൻസികളുടെ കൂട്ടായ പ്രവർത്തനവും ഈ  ഡിജിറ്റൽ വിദ്യാഭ്യാസത്തിന്‌ കരുത്തുപകർന്നു.

വിക്ടേഴ്സിന്റെ യു ട്യൂബ് ചാനലിൽ വരിക്കാർ 24 ലക്ഷം കവിഞ്ഞു. 140 രാജ്യത്തുനിന്നായി പ്രതിദിനം 27 ടിബി വരെ ഡൗൺലോഡ് വിക്ടേഴ്സ് ലൈവ് പോർട്ടലിന്‌ ഉണ്ടായതായി കൈറ്റ്‌ സിഇഒ കെ അൻവർ സാദത്ത്‌ പറഞ്ഞു. എല്ലാ ക്ലാസും ഒരു കുടക്കീഴിൽ തൂക്കുന്ന firstbell.kite.kerala.gov.in പോർട്ടൽ അധ്യാപകർക്കും കുട്ടികൾക്കും ഏറെ സൗകര്യപ്രദമായി.

പൊതുപരീക്ഷയ്ക്കുള്ള ക്ലാസുകൾ പൂർത്തിയാക്കി പരീക്ഷയ്ക്ക് പ്രയോജനപ്പെടുംവിധമുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണവും  ഞായറാഴ്‌ച ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top