27 April Saturday

യുജിസിയുടെ ദേശിയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ വരുന്നു

എസ്‌ ശ്രീലക്ഷ്‌മിUpdated: Friday Dec 13, 2019

തിരുവനന്തപുരം
യുജിസി ദേശീയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ (എൻഎസി–- ബാങ്ക്‌) ആരംഭിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ എകോപനത്തിനുള്ള ഡിജിറ്റൽ സംവിധാനമാണ്‌ ദേശീയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ വഴി ലക്ഷ്യമിടുന്നതെന്നാണ്‌ അവകാശവാദം. . വിദ്യാർഥികളുടെ അക്കാദമിക്‌ ക്രെഡിറ്റുകൾ കൃത്യമായി ചേർക്കുക, ഓരോ കോഴ്‌സുകളിൽനിന്നും ലഭിക്കുന്ന ക്രെഡിറ്റുകൾ അക്കദമിക്‌ ക്രെഡിറ്റ്‌ ബാങ്കിൽ സൂക്ഷിക്കുന്നതിലൂടെ അടുത്ത കോഴ്‌സ്‌ പഠിക്കാൻ സഹായകരമാകുമെന്നാണ്‌ യുജിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട്‌ നിർദേശത്തിൽ വ്യക്തമാക്കുന്നത്‌. . അക്കാദമിക്‌ ക്രെഡിറ്റുകൾ കൈമാറ്റം ചെയ്യുന്നതിനും എൻഎസി ബാങ്ക്‌ വഴി സാധിക്കും.  വിദ്യാർഥി ആദ്യം എൻ എ സി ബാങ്ക്‌ അക്കൗണ്ടിന്‌ അപേക്ഷിക്കണം. പുതിയ സ്കീം പരിചയപ്പെടുത്തുന്നതിനായി രാജ്യത്ത്‌ വിവിധയിടങ്ങളിൽ വർക്‌ഷോപ്പുകൾ യുജിസി സംഘടിപ്പിക്കും.   എൻഎസി ബാങ്കിനെക്കുറിച്ച്‌   വിവരങ്ങൾ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.ugc.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 20 വരെ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ്‌ വിദ്യാഭ്യാസ വിദഗ്‌ധർക്കും നിർദേശങ്ങൾ സമർപ്പിക്കാനും അവസരമുണ്ട്‌.

എന്താണ്‌ ദേശീയ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ ?
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ അക്കാദമിക്‌ നേട്ട സൂചകങ്ങളായ ക്രെഡിറ്റുകൾ സൂക്ഷിക്കുന്നതാണ്‌ എൻഎസി ബാങ്ക്‌. അക്കൗണ്ട്‌ ഉടമകൾ വിദ്യാർഥികളായിരിക്കും. പൂർണമായും വിദ്യാർഥി കേന്ദ്രീകൃത ഉന്നതവിദ്യാഭാസം പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികൾക്ക്‌ അവരുടെ താൽപര്യത്തിനനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ അവസരമൊരുക്കുക തുടങ്ങിയവയാണ്‌   ലക്ഷ്യങ്ങൾ.  ഓരോ വിദ്യാർഥിയുടെയും അക്കാദമിക്‌  ക്രെഡിറ്റിന്റെ കൃത്യമായ പരിശോധനയും സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും എൻഎസി ബാങ്ക്‌ ഉറപ്പ്‌ വരുത്തും. ക്രെഡിറ്റ്‌ ശേഖരണം, കൈമാറ്റം, വീണ്ടെടുക്കൽ എന്നിവയാണ്‌ എൻഎസി ബാങ്ക്‌ വഴി പ്രധാനമായും ചെയ്യുന്നത്‌. സർവകലാശാലകളിലെ പഠനരീതികൾ എകോപിപ്പിക്കുന്നതിനും എൻഎസി  ബാങ്ക്‌ സഹായിക്കുന്നു. എൻഎസി ബാങ്കിൽ അക്കൗണ്ടുള്ള വിദ്യാർഥിയുടെ അക്കാദമിക്‌ ക്രെഡിറ്റ്‌ അക്കൗണ്ടിലേക്ക്‌ എത്തുകയും അത്‌ വിദ്യാർഥിയ്‌ക്ക്‌ ആവശ്യമുള്ള സമയം ഉപയോഗിക്കുകയും ചെയ്യാം. ഡിഗ്രി, ഡിപ്ലോമ, മറ്റുസർട്ടിഫിക്കറ്റ്‌ കോഴ്‌സുകൾക്കെല്ലാം ഇത്‌ ബാധകമാണ്‌. വിദ്യാർഥികളുടെ കോഴ്‌സ്‌ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതിനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. ഇതിനായി ദേശീയ അക്കാദമിക്‌ ഡെപ്പോസിറ്ററിയുമായി എൻഎസി ബാങ്കിനെ ബന്ധിപ്പിച്ചുണ്ട്‌.  സ്ഥാപനങ്ങൾക്ക്‌ ഓരോ വിദ്യാർഥികൾക്കും ലഭിച്ച അക്കാദമിക്‌ ക്രെഡിറ്റ്‌ പരിശോധിക്കുവാനും  സാധിക്കും.  ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക്‌ മാറുന്ന വിദ്യാർഥികളുടെ അക്കാദമിക്‌ ക്രെഡിറ്റ്‌ അവർ ചേരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും അതത്‌ കോഴ്‌സ്‌ വിഭാഗത്തിലേക്കും കൈമാറുന്നതിന്‌ സാധിക്കും.

ആദ്യഘട്ടം പിജി കോഴ്‌സുകളിൽ മാത്രം
ആദ്യഘട്ടത്തിൽ പിജി കോഴ്‌സുകളിൽ മാത്രമാണ്‌ ഈ സംവിധാനം ലഭ്യമാക്കുക. പിജി കോഴ്‌സുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ പദ്ധതിയിൽ പങ്കാളികളാകാം.  വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതുസംബന്ധിച്ച്‌ പ്രത്യേക പരിശീലനം നൽകും. ഇതിനായി എൻഎസിയുടെ നേതൃത്വത്തിൽ പദ്ധതിയുടെ നടത്തിപ്പിനായി  സ്‌പെഷ്യൽ ഗ്രൂപ്പ്‌  രൂപീകരിക്കും. പദ്ധതിയെക്കുറിച്ചുള്ള  അഭിപ്രായ രൂപീകരണത്തിനായി വിദ്യാർഥികൾക്കിടയിൽ സർവേ നടത്താനും യുജിസി തീരുമാനിച്ചിട്ടുണ്ട്‌.  

മൂക്‌ കോഴ്‌സുകൾക്ക്‌  പ്രോത്സാഹനം
അക്കാദമിക്‌ ക്രെഡിറ്റ്‌ബാങ്ക്‌ കൊണ്ട്‌ സർവകലാശാലാ തലങ്ങളിലെ വിദ്യാർഥികൾക്ക്‌ കാര്യമായ നേട്ടമൊന്നുമുണ്ടാകില്ലെന്നാണ്‌ വിദ്യാഭ്യാസ വിദഗ്‌ധരുടെ പ്രാഥമിക നിഗമനം. കേരളത്തിൽ ബിരുദം നേടാൻ 120 ക്രെഡിറ്റും പി ജി കോഴ്‌സുകൾക്ക്‌ 80 ക്രെഡിറ്റും വേണം. ഈ ക്രെഡിറ്റ്‌ നേടുന്നതോടെ വിദ്യാർഥി കോഴ്‌സ്‌ സർട്ടിഫിക്കറ്റ്‌ സ്വന്തമാക്കിയിരിക്കും. ഈ ക്രെഡിറ്റ്‌ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്കിൽ നിക്ഷേപിച്ചതുകൊണ്ട്‌ പ്രത്യേക ഗുണമില്ല. ഒരു കോഴ്‌സ്‌ പഠിക്കുന്ന സമയംതന്നെ മറ്റൊരു കോഴ്‌സിന്‌ ചേരാനും കഴിയില്ല അതേ സമയം തൊഴിൽ ചെയ്‌തുകൊണ്ട്‌ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്-(മൂക്) ചെയ്യുന്നവർക്ക്‌ ക്രെഡിറ്റ്‌ സൂക്ഷിക്കാൻ കഴിയും. അവർക്ക്‌ ഒരു പരിധി വരെ ക്രെഡിറ്റ്‌ ബാങ്ക്‌ ഉപകരിക്കും.

എന്നാൽ യുജിസി നേരത്തെ സർവകലാശാലകളോട്‌ നിർദേശിച്ചിട്ടുള്ള 20 ശതമാനം ക്രെഡിറ്റ്‌ വിദ്യാർഥികൾക്ക്‌ പുറത്തുനിന്ന്‌ നേടാമെന്ന വ്യവസ്ഥയെ പരിപോഷിക്കുന്നതുകൂടിയാണ്‌ ക്രെഡിറ്റ്‌ ബാങ്ക്‌. ബിരുദ വിദ്യാർഥിക്ക്‌ 20 ശതമാനം ക്രെഡിറ്റ്‌ കോളേജിന്‌ പുറത്തുനിന്ന്‌ നേടി കോഴ്‌സ്‌ പൂർത്തിയാക്കാമെന്ന നിർദേശം  20 ശതമാനം അധ്യാപകരെ കുറയ്‌ക്കാൻ ലക്ഷ്യമിട്ടായിരുന്നു .  സംസ്ഥാനത്തെ മാതൃ സർവകലാശാലയായ കേരളയിൽപോലും രണ്ട്‌ ക്രെഡിറ്റ്‌മാത്രമാണ്‌ പുറമെനിന്ന്‌ നേടാൻ അനുവദിച്ചിട്ടുള്ളത്‌.  സ്വയംഭരണ കോളേജുകളിലെ കോഴ്‌സുകളെ സഹായിക്കുന്നതിനും കോഴ്‌സുമാറ്റം പ്രോത്സാഹിപ്പിക്കാനും ഓൺലൈൻ കോഴ്‌സുകളിലേക്ക്‌ വിദ്യാർഥി ആകർഷിക്കാനും  ക്യാമ്പസുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക്‌  ആക്കംകൂട്ടാനുമാണ്‌ അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ എന്ന്‌ ഉന്നതവിദ്യാഭ്യാസ മേഖല ആശങ്കപ്പെടുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top