19 April Friday

അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്കുമായി യുജിസി ; നിയമത്തിന്റെ കരട്‌ പ്രസിദ്ധീകരിച്ചു

എം വി പ്രദീപ്‌Updated: Saturday Jan 23, 2021


തിരുവനന്തപുരം
അക്കാദമിക്‌ ക്രെഡിറ്റ്‌ബാങ്ക്‌ ( അക്കാദമിക്‌ ബാങ്ക്‌ ഓഫ്‌ ക്രെഡിറ്റ്‌–- എബിസി) സംബന്ധിച്ച നിയമനിർമാണത്തിന്റെ കരട്‌ ചട്ടങ്ങൾ യുജിസി പുറത്തിറക്കി. അക്കാദമിക ക്രെഡിറ്റ്‌ ബാങ്ക്‌ സ്‌കീം തയ്യാറാക്കാൻ നേരത്തെ വിദഗ്‌ധസമിതിക്ക്‌ രൂപംനൽകിയിരുന്നു. സമിതി നിർദേശങ്ങൾകൂടി പരിഗണിച്ചാണ്‌ ‘അക്കാദമിക്‌ ക്രെഡിറ്റ്‌  ബാങ്കിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും റെഗുലേഷൻ–- 2021’ കരട്‌ യുജിസി പ്രസിദ്ധീകരിച്ചിത്‌.

ബിരുദതലം മുതൽ ക്രെഡിറ്റ്‌ ബാങ്ക്‌ വരുന്നതോടെ വിദ്യാർഥികൾക്ക്‌ സ്വതന്ത്ര പഠനം ഉറപ്പാക്കുമെന്നാണ്‌ യുജിസി വാഗ്‌ദാനം. ബിരുദ വിദ്യാർഥിക്ക്‌ ജയിക്കാൻ വേണ്ടത്‌ 120 ക്രെഡിറ്റാണ്‌. എന്നാൽ, 40 ക്രെഡിറ്റ്‌ നേടിയശേഷം പഠനം നിർത്തിയാലും ലഭിച്ച ക്രെഡിറ്റ്‌ യുജിസിയുടെ ക്രെഡിറ്റ്‌ ബാങ്കിൽ നിക്ഷ്‌പ്‌തമായിരിക്കും. എത്രകാലം കഴിഞ്ഞ്‌ പഠനം പുനരാരംഭിച്ചാലും നേരത്തെ ലഭിച്ച ക്രെഡിറ്റ്‌ ബാങ്കിൽ സംഭരിക്കപ്പെട്ടിരിക്കും. കൂടാതെ ഇന്റർ /മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ കൂടുതലായി അവതരിപ്പിക്കുന്നതിനും ക്രെഡിറ്റ്‌ ബാങ്ക്‌ പ്രേരണയാകും.

ഡിപ്ലോമ കോഴ്‌സുകളിൽ നിശ്ചിത ക്രെഡിറ്റ്‌ നേടിയ വിദ്യാർഥിക്ക്‌ ആ ക്രെഡിറ്റിന്റെ ബലത്തിൽ ബിരുദ കോഴ്‌സുകൾ വേഗത്തിൽ പൂർത്തിയാക്കാനും അവസരം നൽകുമെന്നും യുജിസി പറയുന്നു. വിദ്യാർഥികൾക്ക്‌ കോഴ്‌സോ, കോളേജുകളോ, യൂണിവേഴ്‌സിറ്റി തന്നെയൊ ഇഷ്ടാനുസരണം മാറാനുള്ള സ്വാതന്ത്ര്യവും ക്രെഡിറ്റ്‌ ബാങ്ക്‌ സിസ്‌റ്റം അനുവദിക്കുന്നു. ആദ്യം പഠിച്ച സ്ഥാപനത്തിലെ ക്രെഡിറ്റ്‌ പുതിയ പഠനകേന്ദ്രത്തിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്യാനുമാകും. നിയത്തിന്റെ കരട്‌   https://www.ugc.ac.in/pdfnews/5266217_Draft-version-ABC-Regulations-2021-SPT-02-01-2021.pdf എന്ന ലിങ്കിലുണ്ട്‌. അഭിപ്രായം  abcregulations2021@gmail.com എന്ന ഇ മെയിലിലേക്കാണ്‌ അയക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top