29 March Friday

വിജയത്തിനായുള്ള പരിശ്രമം

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Thursday Dec 22, 2016

ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യം എന്തെന്ന തീരുമാനിച്ച മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല. മറ്റുള്ളവരെ പഴിചാരുന്നില്ല. പഠിക്കാന്‍ തീരുമാനമെടുത്ത, എന്തു പഠിക്കണമെന്ന് അചഞ്ചലമായ മനസ്സോടെ മനസ്സില്‍ കാണുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നില്‍ ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രം തെളിയുന്നു-പ്രതികൂല സാഹചര്യത്തിലും കഠിനപ്രയ്തനത്തിലൂടെ വിജയത്തിലെത്തിയവരെക്കുറിച്ച്....

അനുവിനെ 2005 ലാണ് പരിചയപ്പെടുന്നത്. അച്ഛനോടൊപ്പം ഫാറൂഖ് കോളേജില്‍ ബിഎ സോഷ്യോളജിക്ക് ചേരാനെത്തിയതായിരുന്നു. അനുവിന് ജന്മനാ രണ്ട് കണ്ണിനും കാഴ്ചയില്ല. പ്ളസ്ടുവിന് നല്ല മാര്‍ക്കുണ്ട്. ബി എക്ക് പഠിക്കാന്‍ വിഷമമുണ്ടാവുമെന്ന വിചാരമൊന്നും അനുവിനുണ്ടായിരുന്നില്ല. കുറച്ചുനേരം സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'അനുവിന് ബിരുദാനന്തര ബിരുദപഠനവും നടത്താന്‍ പറ്റും'. അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍ തിളങ്ങുന്ന ഒരു മോഹം ഞാനറിഞ്ഞു. അനു പറഞ്ഞു: 'എനിക്ക് എം എസ് ഡബ്ളിയുവിന് പഠിക്കണം സാര്‍'. സാധിക്കുമെന്ന് ഞാന്‍ പറയുകയും ചെയ്തു. അനു ബി എ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പഠനത്തില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുമായിരുന്നു. എന്തിനും തയ്യാര്‍. ഒരിക്കല്‍ മാന്നാനം കെ ഇ കോളേജില്‍ നടക്കുന്ന ഒരു ചലച്ചിത്ര ശില്‍പ്പശാലയുടെ അറിയിപ്പ് ഞാന്‍ ക്ളാസില്‍വച്ച് നല്‍കി. 'മനസ്സ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്ര ശില്‍പ്പശാലയായിരുന്നു അത്.  

  പോകാന്‍ തയ്യാറുള്ളവരുടെ കൂട്ടത്തില്‍ അനുവും ഉണ്ടായിരുന്നു. ഒരു ചലച്ചിത്രം പോലും അനു കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളൂ. ചലച്ചിത്രങ്ങള്‍ കണ്ടുള്ള ചര്‍ച്ചയും പ്രബന്ധാവതരണവുമുള്ള ശില്‍പ്പശാലക്ക് പോകാമെന്നേറ്റവര്‍ പിന്‍വാങ്ങിയപ്പോഴും അനു പിന്മാറിയില്ല. ഒറ്റക്ക് പോയി. തിരിച്ചെത്തി ക്ളാസിലുള്ളവര്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സര്‍വേക്കും സ്റ്റഡി ടൂറിനുമൊക്കെ അനു മുന്നിലുണ്ടാവും. 2008ല്‍ ബി എ കഴിഞ്ഞു. എം എസ് ഡബ്ളിയുവിന് ചേരാന്‍ തടസ്സങ്ങളുണ്ടായി. അനു തിരുവനന്തപുരം ലയോള കോളേജില്‍ എം എ സോഷ്യോളജിക്ക് ചേര്‍ന്നു. വിജയിക്കുകയും ചെയ്തു. വീണ്ടും എം എസ് ഡബ്ളിയു മോഹം എന്നെ അറിയിച്ചു. ലയോളയില്‍ത്തന്നെ അപേക്ഷിക്കാന്‍ ഞാനാവശ്യപ്പെട്ടു. അന്നേവരെ കേരളത്തിലോ എന്റെ അറിവില്‍ പുറത്തോ ഒരന്ധവിദ്യാര്‍ഥി എം എസ് ഡബ്ളിയുവിന് പഠിച്ചിട്ടില്ല. കോളേജധികൃതര്‍ക്കും അനുവിന്റെ താല്‍പ്പര്യമറിയാവുന്നതുകൊണ്ട് സീറ്റ് നല്‍കാനാഗ്രഹമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി നിയമം അനുകൂലമായിരുന്നില്ല. അനു യൂണിവേഴ്സിറ്റിക്ക് അപേക്ഷ നല്‍കി. ഡോ. മനു ഭാസ്കറിന്റെ നേതൃത്വത്തില്‍ കേരള യൂണിവേഴ്സിറ്റി ഒരു കമ്മിറ്റിയെ നിയമിച്ചു.

അവര്‍ അനുവിനെ കണ്ടു, സംസാരിച്ചു. അനുവിന് എം എസ് ഡബ്ളിയു പഠിക്കുന്നതിന് തടസ്സമില്ലെന്ന് വിധിയെഴുതി. ചേര്‍ന്നു, പഠിച്ചു. സാമ്പത്തികമായ വിഷമങ്ങള്‍ ഏറ്റവും കൂടുതലറിഞ്ഞത് അന്നേരമായിരുന്നു. യാത്രകള്‍, ഫീല്‍ഡ് വര്‍ക്ക്, ഇന്റേണ്‍ഷിപ്പ്, പ്രോജക്റ്റ് വര്‍ക്ക്. അനു പിന്‍വാങ്ങിയില്ല. കഠിനമായ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. എം എസ് ഡബ്ളിയു പാസ്സായി. തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഒരു സ്കൂളില്‍ കൌണ്‍സിലറായി. ഇപ്പോള്‍ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജിയുടെ കോഴിക്കോട് കേന്ദ്രത്തില്‍ പരിശീലകയും കൌണ്‍സലറുമായി ജോലിയെടുക്കുന്നു. ഇനിയും ഉയരങ്ങളിലേക്ക് പോകാന്‍ പരിശ്രമിക്കുന്നു ((anuareekkal@gmail.com  മൊബൈല്‍: 9747395512).

അനു

അനു

അനു എന്ന വിദ്യാര്‍ഥിനിയുടെ ജീവിതം, തടസങ്ങള്‍ മറികടക്കാനുള്ള കഠിനശ്രമങ്ങളുടെ കഥയാണ്. അനു മുന്നിലുള്ള തടസ്സങ്ങളെ ഓരോന്നും അവസരങ്ങളായാണ് കണ്ടത്. തന്റെ ചുറ്റുവട്ടത്തിന്റെ നന്മകള്‍ മാത്രം കാണാനാണ് അനു ശ്രമിച്ചത്. പ്രതിബന്ധങ്ങളെ, അടഞ്ഞ കണ്‍പോളകള്‍ക്ക് താഴെ നിറഞ്ഞ പുഞ്ചിരി തൂവി, അഭിമുഖീകരിക്കുന്നു.

ലക്ഷ്യത്തിലേക്കുള്ള യാത്ര

കഠിനാധ്വാനത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ല. മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിന് ഉദാഹരണങ്ങളുണ്ട്. അനുവിനെപ്പോലെയുള്ളവരെ നമുക്ക് ചുറ്റുവട്ടത്ത് കാണാനാവും. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെയും നാം കണ്ടെത്തുന്നു. വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച് വിശ്വപ്രസിദ്ധ സംഗീതജ്ഞനായി മാറിയ ബിഥോവനെക്കുറിച്ചാണ് ടീച്ചര്‍ വിധിയെഴുതിയിരുന്നത്. ഐന്‍സ്റ്റൈന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അധ്യാപിക പറഞ്ഞതും മറ്റൊന്നല്ല. 'ആലോചനയില്‍ മന്ദഗതിക്കാരനാണിവന്‍. മണ്ടന്‍ സ്വപ്നങ്ങളില്‍ കുരുങ്ങിപ്പോയവനാണിവന്‍'. നാലാം വയസ്സുവരെ വര്‍ത്തമാനം  പറഞ്ഞിട്ടില്ലാത്ത, ഏഴുവയസ്സുവരെ വായിക്കാനാവാത്ത ഐന്‍സ്റ്റൈന്‍ സ്വന്തം പരിശ്രമത്തിലൂടെ ശാസ്ത്രത്തിന്റെ അത്ഭുതലോകത്ത് ഇന്നും അജയ്യന്‍.
മുന്നില്‍ തരണം ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ ചിലര്‍ നെടുവീര്‍പ്പിട്ട് പിന്‍വാങ്ങുന്നു. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ പ്രതികൂലമാവുമ്പോള്‍ തളരുന്നില്ല. അഭിമുഖീകരണത്തില്‍ നിന്നാണ് ജയത്തിലേക്കുള്ള പാത വെട്ടുന്നത്. പിന്തിരിഞ്ഞോടല്‍ പരാജയം അംഗീകരിക്കലാണെന്ന് മനസ്സിലാക്കുന്നവര്‍, മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. പലവട്ടം പരാജയപ്പെട്ടിട്ടും കടക്കാരനായി മാറിയിട്ടും പിന്‍വാങ്ങാതെ മുന്നോട്ട് നീങ്ങി. പില്‍ക്കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പര്യായമായി മാറിയ ഹെന്റി ഫോര്‍ഡ് ഒരാളിന്റെ വളര്‍ച്ചയില്‍ മുന്നിലെത്തുന്ന വൈതരണികളെക്കുറിച്ച് പറയുന്നു. 'നിങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് കണ്ണെടുത്തുമാറ്റുമ്പോള്‍ കാണുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍'.
ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യം എന്തെന്ന തീരുമാനിച്ച മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല. മറ്റുള്ളവരെ പഴിചാരുന്നില്ല. പഠിക്കാന്‍ തീരുമാനമെടുത്ത, എന്തു പഠിക്കണമെന്ന് അചഞ്ചലമായ മനസ്സോടെ മനസ്സില്‍ കാണുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നില്‍ ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രം തെളിയുന്നു. മറ്റുള്ളവരെ പഴിചാരുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. വിധിയെന്നു കരുതി തളരുന്നു. സ്വയം ശപിക്കുന്നു. ഒടുവില്‍ പിന്തിരിഞ്ഞോടുന്നു. ലക്ഷ്യമുറപ്പിച്ച്, തന്നില്‍ വിശ്വാസമര്‍പ്പിച്ച് തളരാതെ മുന്നോട്ട് നീങ്ങിയ റിച്ചാര്‍ഡ് ഹൂക്കര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ അനുഭവകഥ ഇതിന് ഉദാഹരണമാണ്. ഏഴുവര്‍ഷം പാടുപെട്ട് ഹൂക്കര്‍ ഒരു നോവലെഴുതി: മാഷ് (M*A*S*H*). അത് യുദ്ധത്തെ പരിഹാസം കൊണ്ട് ആലേഖനം ചെയ്ത ഒരു നോവലായിരുന്നു; ആക്ഷേപഹാസ്യത്തിന് ഒരു പുതുഭാഷ്യം നല്‍കിയ നോവല്‍. ഹൂക്കര്‍ നോവല്‍ പ്രസിദ്ധീകരണത്തിന് പ്രസാധകരെ തേടി. ഒന്നല്ല, ഇരുപത്തിയൊന്ന് പ്രസാധകര്‍ ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ മൊറേ എന്ന പ്രസിദ്ധീകരണശാല ഒരു പരീക്ഷണത്തിന് മുതിര്‍ന്ന്, നോവല്‍ പുറത്തിറക്കി. 'മാഷ്' ഇന്ന് ദശലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചിരിക്കുന്നു. പ്രശസ്ത ടിവി സീരിയലിന് ആ കഥ കേന്ദ്രബിന്ദുവാക്കിയതും ഒരു ചലച്ചിത്രം നിര്‍മിച്ചതും പിന്നീടുണ്ടായ അത്ഭുതങ്ങള്‍. ആത്മവിശ്വാസം കൈവിടാതെ അധ്വാനിക്കുന്നവര്‍ വിജയം കൊയ്യുന്നു.

പരാജയങ്ങളില്‍ നിന്നുള്ള വിജയം


അത്ഭുത വിജയങ്ങളിലേക്കുള്ള വഴി സുഗമമാവണമെന്നില്ല. കടുത്ത യാതനകളെയും ദുരവസ്ഥകളെയും അഭിമുഖീകരിച്ചാല്‍ മാത്രമേ വിജയശിഖരം കീഴടക്കാനാവൂ. വിജയം സകലരും ആഗ്രഹിക്കുന്നുണ്ട്. വിജയപഥം തേടുമ്പോള്‍ ഒരാള്‍ എളുപ്പത്തിലതിലെത്തിച്ചേരുന്നില്ല. പലരും, വിജയരഥത്തിലേറിയവര്‍ പലവട്ടം പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട് എന്നത് മറക്കുന്നു. വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച്, കരുത്തുനേടി മുന്നോട്ട് നടന്നവര്‍ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു സന്ദേശം: 'നിങ്ങള്‍ മറന്നേക്കാനിടയുണ്ടെങ്കില്‍ തന്നെയും, നിങ്ങള്‍ പലതവണ പരാജയപ്പെട്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ആദ്യമായി നടക്കാന്‍ തുനിഞ്ഞപ്പോള്‍ നിങ്ങള്‍ കാലിടറി വീണിരുന്നു. നീന്താന്‍ ആദ്യം വെള്ളത്തിലേക്ക് ചാടിയപ്പോള്‍ മുങ്ങിപ്പോയിരുന്നു.'
പ്രൊഫ. കെ വി ബാലന്‍

പ്രൊഫ. കെ വി ബാലന്‍


പലര്‍ക്കും പരാജയങ്ങളില്ലെങ്കില്‍ ഒരു വിജയം ഉണ്ടാവുന്നില്ലെന്നതാണ് സത്യം. പരാജയമില്ലാതെ നേടുന്ന വിജയത്തിന് ആസ്വാദ്യതയും കുറയുന്നു. 'അരുനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ നേടിയെടുക്കുന്ന വിജയങ്ങള്‍ക്കാണ് കൂടുതല്‍ മാധുര്യം' എന്ന് ചൈനീസ് പഴമൊഴി. കയ്പ്പുറ്റ അനുഭവങ്ങളില്‍നിന്നുള്ള നേട്ടങ്ങള്‍ക്ക് മാധുര്യമേറെയായിരിക്കും. കഠിനശ്രമങ്ങള്‍ക്കൊടുവില്‍ ലക്ഷ്യപ്രാപ്തി നേടുമ്പോള്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ഏറുന്നു. പലവട്ടം മുട്ടുകുത്തി വീണ്, വീണ്ടുംവീണ്ടും ശ്രമിച്ച്, ഒടുവില്‍ കൈകുത്തിയെഴുന്നേറ്റ് നിന്ന് നടക്കാനാവുമ്പോള്‍ ഒരു കുട്ടി എത്രത്തോളം ആഹ്ളാദിക്കുന്നുവെന്നത് നമ്മള്‍ കാണുന്നതല്ലേ?

പകരം വയ്ക്കാനില്ലാത്ത അധ്വാനം

ഒരു കുട്ടിയില്‍ സ്വപ്നപ്പൂവിന് പരാഗണം നടത്താന്‍ അമ്മയ്ക്കോ അച്ഛനോ  അധ്യാപകനോ/അധ്യാപികക്കോ ചിലപ്പോള്‍ കണ്ടുമുട്ടുന്ന മറ്റൊരു വ്യക്തിക്കോ കഴിഞ്ഞേക്കും. മാര്‍ഗദര്‍ശനം നല്‍കി ഒരാളിന്റെ ലക്ഷ്യരൂപീകരണം സാധ്യമാക്കാനും പറ്റിയെന്ന് വരും. ലക്ഷ്യസഫലീകരണത്തിനുതകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധര്‍ക്കോ കൂടെയുള്ളവര്‍ക്കോ സാധിക്കാറുണ്ട്. സ്വയംതന്നെ, അല്ലെങ്കില്‍ സഹജീവികളിലാരെങ്കിലും ചിലരുടെ സഹായത്തോടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഘട്ടംഘട്ടമായി അനുവര്‍ത്തിക്കേണ്ട കര്‍മപരിപാടി ആസൂത്രണം ചെയ്യാന്‍ കഴിയുന്നു. എന്നാല്‍ പിന്നീടുള്ളത് ആ വ്യക്തിതന്നെ ചെയ്യേണ്ടതാണ്. ഒരു മനുഷ്യന്റെയും സ്വപ്നസാക്ഷാല്‍ക്കാരത്തിനായുള്ള അധ്വാനം പൂര്‍ണമായോ എക്കാലത്തും ഭാഗികമായോ മറ്റൊരാള്‍ക്ക് ചെയ്യാനാവില്ല. മറ്റൊരാള്‍ ചെയ്യുന്ന കഠിനാധ്വാനം വേറൊരു വ്യക്തിക്ക് മൂല്യവത്തല്ലതാനും. അതുകൊണ്ട് ലക്ഷ്യപ്രാപ്തി കൊതിക്കുന്ന വ്യക്തി വിശേഷിച്ചൊരു നേട്ടവുമുണ്ടാക്കുന്നില്ല. ഹോംവര്‍ക്ക് ചെയ്തുകൊടുക്കുന്ന മാതാവ്/പിതാവ് കുട്ടിക്ക് ദ്രോഹമാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ഥ്യം.

കഴിവും കഠിനാധ്വാനവും


'മേന്മയുറ്റ കഴിവുകളെ കഠിനധ്വാനം വളര്‍ത്തുകയും പരിപൂര്‍ണതയിലെത്തിക്കുകയും ചെയ്യുന്നു. മേന്മ കുറഞ്ഞ കഴിവുകളെ കഠിനാധ്വാനം കുറവുകള്‍ നികത്തുന്നു.'
കഴിവുകളുണ്ടെന്ന് കരുതുക. അത് പ്രകടിപ്പിക്കാത്തിടത്തോളം കാലം ഉപയോഗശൂന്യമാണ്. അധ്വാനിച്ചെങ്കില്‍ മാത്രമേ കഴിവുകള്‍ വളരുന്നുള്ളൂ. പലവട്ടം സാധന/പരിശീലനം നടത്തിയാണ് പടാനുള്ള കഴിവിനെ സ്ഫുടം ചെയ്തെടുക്കുന്നത്. കഴിവ് തുടര്‍ച്ചയായുള്ള പ്രയോഗം കൊണ്ടാണ് പൂര്‍ണത പ്രാപിക്കുന്നത്. കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ പലവട്ടം ശ്രമിക്കുന്നതില്‍ നിന്നാണ് ഓര്‍മശക്തി തെളിയുന്നത്. പലവട്ടം സദസ്സിനെ അംഗീകരിച്ചാണ് ഒരാള്‍ പ്രഭാഷകനാകുന്നത്്. കഴിവുകളെ നിരന്തരമായ അധ്വാനം കൊണ്ട് കൂടുതല്‍ ഫലവത്താക്കാന്‍ സാധിക്കുന്നു. രാകിരാകി മിനുക്കുമ്പോഴാണ് വജ്രം കൂടുതല്‍ പ്രകാശമുറ്റതാകുന്നത്. നേട്ടങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘകാലത്തെ കഠിനാധ്വാനമുണ്ട്. തെളിയാത്ത കഴിവുകളും  മികവ് കുറഞ്ഞ കഴിവുകളും പരിശീലനത്തിലൂടെയും പ്രയോഗത്തിലൂടെയുമാണ് വളരുകയും മേന്മ നേടുകയുംചെയ്യുന്നത്. കുറവുകള്‍ നികത്താന്‍ കഠിനാധ്വാനത്തിന് സാധിക്കുന്നു. എന്തെങ്കിലും പഠിക്കാന്‍ കഴിയാത്ത മരമണ്ടനെന്ന് അധ്യാപിക വിധിയെഴുതിയ തോമസ് ആള്‍വാ എഡിസനെ നിരന്തരമായ അധ്വാനം കൊണ്ടാണ് പല കണ്ടെത്തലുകള്‍ക്കും പ്രകാശപൂര്‍ണമായ ജീവിതത്തിനും ഉടമയാക്കി മാറ്റിയത്.

ധിഷണയും കഠിനാധ്വാനവും

'ധിഷണകൊണ്ട് സാധിക്കുന്ന പലതും കഠിനാധ്വാനം കൊണ്ട് നേടാനാവുന്നു. കഠിനാധ്വാനം കൊണ്ട് ധിഷണക്ക് കഴിയാത്തതും  സാധ്യമാക്കാനാവുന്നു'.
ബൌദ്ധികമായ കഴിവുകളിലൂടെ പല നേട്ടങ്ങളുമുണ്ടാക്കാന്‍ കഴിയുന്നു. ഒരാള്‍ വളര്‍ത്തിയെടുക്കുന്ന ധിഷണ മഹത്വത്തിന്റെ പടികളേറ്റുന്നു. പിന്നാക്ക ജാതിയില്‍, പ്രതികൂല സാഹചര്യങ്ങളില്‍ പിറന്ന ഭീംസിങ് റാവു അംബേദ്കര്‍ അസാധാരണമായ ധിഷണയെ അത്ഭുതമാക്കിത്തീര്‍ത്തത് കഠിനാധ്വാനം കൊണ്ടാണ്. ഒരു ജനതയുടെ ആഴത്തില്‍ നുരയുന്ന വേദനകളെയും രോഷത്തെയും അംബേദ്കറുടെ വാക്കുകളും പ്രവൃത്തിയും ഊതിയൂതിത്തെളിയിച്ച കനല്‍ക്കട്ടകളാക്കി മാറ്റുകയായിരുന്നു. ധിഷണയെ അവസാനിക്കാത്ത അധ്വാനം കൊണ്ടാണ് ചെത്തിമിനുക്കുന്നതെന്ന് പലരുടെയും ജീവിതം വെളിപ്പെടുത്തുന്നു. നമ്മുടെ ചുറ്റുവട്ടത്തുനിന്നുതന്നെ പരിശ്രമങ്ങള്‍കൊണ്ട് ധിഷണയ്ക്ക് സാധിക്കാത്ത നേട്ടങ്ങള്‍ കൈവരിച്ചവരെയും കണ്ടെത്താനാഷവും. നിരന്തരമായ അധ്വാനം കൊണ്ടാണ് ഒരു മനുഷ്യായുസ്സിന് നേടിയെടുക്കാനെളുപ്പമല്ലാത്ത ഫലം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സാധ്യമാക്കിയത്. മഹാഭാരതത്തിന്റെ
അബൂബക്കര്‍ സിദ്ദിഖ്

അബൂബക്കര്‍ സിദ്ദിഖ്

പദാനുപദ വിവര്‍ത്തനം കൊണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഇന്നും ഒരത്ഭുതമായി നിലകൊള്ളുന്നു.

അനുകൂലമല്ലാത്തതിനെതിരെ, പരിശ്രമം

താന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും വേര്‍തിരിച്ചു കാണുന്നതില്‍ നിന്നാണ് ഫലവത്തായ പരിശ്രമങ്ങളുടെ തുടക്കം. ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥയുണ്ടാക്കേണ്ടതുണ്ട്. ആവശ്യമായ കാര്യങ്ങള്‍ ശേഖരിക്കുന്നതിലും വിഭാഗീകരിക്കുന്നതിലും പ്രയോജനപ്പെടുത്തേണ്ടവ പ്രയോഗിക്കുന്നതിലും കണിശതയും കൃത്യതയുമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ചെയ്യേണ്ടവ ചെയ്യേണ്ട സമയത്ത് ചെയ്യുന്നു. ചെയ്യേണ്ടവിധം ചെയ്യുമ്പോള്‍, അധ്വാനം  ശ്രമങ്ങള്‍ക്ക് ഒരു പൊന്‍തൂവലണിയിക്കുന്നു. എന്റെ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചോര്‍ക്കുന്നു. ഞങ്ങള്‍ ബാലന്‍മാഷ് എന്ന് വിളിച്ചിരുന്ന കെ വി ബാലനെ. കണ്ണൂരിലൊരിടത്ത് പ്രൈമറി അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ബാലന്‍മാഷ്  പ്രതികൂല സാഹചര്യങ്ങളെ മറികടന്നത് നിരന്തരമായ ശ്രമങ്ങള്‍ കൊണ്ടായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം ലീവെടുത്ത് എംഫിലിന് ചേര്‍ന്നു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ മലയാളം വകുപ്പില്‍ അധ്യാപകനായി. അടിത്തൂണ്‍ പറ്റുമ്പോള്‍ അദ്ദേഹം ഒരു പ്രൊഫസര്‍ ആയിരുന്നു (മൊബൈല്‍: 8547186023).
വിദ്യാര്‍ഥികളില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ലക്ഷ്യപ്രാപ്തിയിലെത്തുന്നവരെ അധ്യാപകര്‍ക്ക് ഇടയ്ക്കെങ്കിലും കാണാനാവും. പലരെയും ഞാന്‍ ഓര്‍ക്കുന്നു, അവരിലൊരാള്‍ പി അബൂബക്കര്‍ സിദ്ദിഖ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയിലാണ്. സ്ഥിരമായ വരുമാനമുള്ള രക്ഷിതാക്കളല്ല. നേരത്തെ വിദ്യാഭ്യാസമോ മെച്ചപ്പെട്ട ജോലിയോ നേടിയവര്‍ കുടുംബത്തിലില്ല. കഴിവുകളുണ്ട്. നല്ലപോലെ അധ്വാനിക്കും. അബൂബക്കര്‍ സിദ്ദിഖിനെ രക്ഷിതാക്കള്‍ ബി എക്ക് പഠിക്കാന്‍ ചേര്‍ത്തത് എത്രയും നേരത്തെ ഒരു ജോലി സമ്പാദിക്കണമെന്ന മോഹത്താലാണ്. ബി എ ഒന്നാംവര്‍ഷം കഴിഞ്ഞ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ ജോലി പ്രാരബ്ധങ്ങള്‍കൊണ്ട് സ്വീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു. തീരുമാനം എനിക്ക് മാറ്റിക്കാന്‍ കഴിഞ്ഞു. സോഷ്യോളജി ബിരുദപഠനം ഉയര്‍ന്ന സ്ഥാനത്തോടെ പൂര്‍ത്തീകരിച്ചു. എം എക്ക് ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് രണ്ടാം റാങ്കോടെ വിജയം. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എംഫിലിന് ചേര്‍ന്നു. ഡല്‍ഹിയില്‍വച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലനം നേടാനും പഠിക്കാനും കിട്ടിയ പ്രോത്സാഹനം പരമാവധി പ്രയോജനപ്പെടുത്തി. ആദ്യത്തെ ശ്രമം തന്നെ അബൂബക്കര്‍ സിദ്ദിഖിനെ വിജയത്തിലെത്തിച്ചു. ഐ എ എസ് നേടി. 1948ല്‍ ആരംഭിച്ച ഫാറൂഖ് കോളേജില്‍ ബിരുദപഠനം നടത്തി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയ ഒരേയൊരാള്‍ക്കെ ഐ എ എസ് കിട്ടിയിട്ടുള്ളൂ, ജാര്‍ഖണ്ഡില്‍ ജോലിയെടുക്കുന്ന, സിദ്ദിഖിന്. നിരന്തരമായ ശ്രമം കൊണ്ടും ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടും സിദ്ദിഖ് പേരുകേട്ട ഉദ്യോഗസ്ഥനുമായിരിക്കുന്നു.
((asiddiqueias@gmail.com   മൊബൈല്‍: 9955107207) 

ചുറ്റുവട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍

അര്‍പ്പണബോധത്തോടെ കാര്യനിര്‍വഹണം നടത്തുന്നവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുന്നു. ദൈനംദിന ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കിയ പലരെയും നമുക്ക് കണ്ടെത്താനുമാവും. എന്നാല്‍ സാഹചര്യങ്ങളെ പലതരത്തില്‍ അഭിമുഖീകരിക്കുന്നവരെ നമുക്ക് കാണാനാവും:
1. എന്തിനാണ് പെടാപ്പാട് പെടുന്നതെന്നും രാപ്പകലധ്വാനിച്ചാല്‍ എന്ത് മല മറിക്കാനാണ് ആവുകയെന്നും ഒരുകൂട്ടര്‍ ചോദിക്കുന്നു. ഈവിധം അധ്വാനിക്കുന്നത് പരമ ബോറാണെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നു. ഇനി അഥവാ അധ്വാനിച്ചാല്‍ത്തന്നെ എന്താണ് നേടാനാവുകയെന്നവര്‍ പരിഹാസം ചൊരിയുന്നു. കാര്യമേതും പൊതുവല്‍ക്കരിച്ച് ഞാന്‍ മെനക്കെടാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണിത്. ഇല്ലാത്ത കഴിവുകളെ അംഗീകരിക്കാതെ സ്വയം മൂടിവയ്ക്കാന്‍ ചിലര്‍ ചുറ്റുവട്ടത്തെ പഴിക്കുന്നു. അധ്വാനിക്കാന്‍ ശ്രമിക്കാത്ത ഒരു മനസ്സില്‍നിന്ന് ഈ തരത്തിലുള്ള പ്രതികരണങ്ങളും രോഷവും വരാവുന്നതാണ്്. ധിഷണയുടെ വേരുകളുണ്ടായിട്ടും ഫലവത്തായി പ്രവര്‍ത്തിക്കാനോ പരിശ്രമിക്കാനോ സാധിക്കാത്തതിലുള്ള കുറ്റബോധം ഒളിപ്പിക്കാനും ചിലര്‍ സാഹചര്യങ്ങളെ പഴിക്കുന്നു.
2. ഇതിലിത്ര കേമമായെന്തുണ്ട്, അല്ലെങ്കില്‍ ഇതാര്‍ക്കാണ് ചെയ്യാനാവാത്തത് എന്ന് നിസ്സാരവല്‍ക്കരിക്കുന്നവരുണ്ട്. മറ്റൊരാളിന്റെ അധ്വാനത്തെയോ നേട്ടങ്ങളെയോ അവമതിക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. നിരന്തരമായ നീക്കങ്ങളിലൂടെ, തിരുത്തലുകളിലൂടെ, ചെറുത്തുനില്‍പ്പുകളിലൂടെ ചിലര്‍ നേട്ടങ്ങളുണ്ടാക്കുന്നുവെന്നത് ആദരിക്കാതെ പോകുമ്പോള്‍, ഇവര്‍ സ്വയം തടസ്സങ്ങളായിത്തീരുന്നു. അവനവന്‍ കടമ്പകളായി മാറുന്നു.
3. മറ്റുള്ളവരുടെ വിജയത്തെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ശ്രമിക്കുന്നു. ഒരാളുടെ നേട്ടത്തെ അത്ഭുതത്തോടെ അംഗീകരിക്കുന്നു. വിജയിയുടെ നേട്ടം സാഹചര്യങ്ങളോടുള്ള നിരന്തരമായ സമരത്തിന്റെയും ഇടപെടലുകളുടെയും പരിണിത ഫലമാണെന്ന് തിരിച്ചറിയുന്നു. മറ്റുള്ളവരെ അംഗീകരിക്കുന്നവരില്‍ രണ്ട് കൂട്ടരുണ്ട്. ഇതൊക്കെ ജന്മസിദ്ധികൊണ്ട് സാധ്യമാകുന്നത്, എനിക്കാവില്ലെന്ന് കരുതുന്നവരാണ് ഒന്നാമത്തെ വിഭാഗം. അധ്വാനിക്കാനീവിധം എനിക്ക് പറ്റില്ലെന്ന് ചിലര്‍ കരുതുന്നു. എത്ര ശ്രമിച്ചാലും ഇതൊന്നും നേടാനാവില്ലെന്ന് അവര്‍ വിധിയെഴുതുന്നു. ഈ നേട്ടങ്ങളുടെ ഏഴയലത്തുപോലും തനിക്കെത്താനാവില്ലെന്ന് ഉറച്ചുവിശ്വസിച്ച് പരാജയം ഏറ്റുവാങ്ങുകയോ നിഷ്ക്രിയരായിരിക്കുകയോ ചെയ്യുന്നു. രണ്ടാമത്തെ കൂട്ടര്‍, മറ്റുള്ളവരുടെ കഠിനാധ്വാനത്തിന്റെ ഓരോ നീക്കങ്ങളെയും സാകൂതം മനസ്സിലാക്കുന്നു. പഠിക്കുന്നു, വിലയിരുത്തുന്നു. തനിക്ക് ഏതൊക്കെ സ്വീകാര്യമെന്ന്, പ്രയോജനപ്പെടുത്താമെന്ന്, സ്വന്തമായ രീതിയില്‍ ചെയ്യാമെന്ന് ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ് ഈ കൂട്ടര്‍. കഠിനാധ്വാനം നേട്ടങ്ങളുടെ മൂലകേന്ദ്രമെന്ന് അവരറിയുന്നു. പ്രാവര്‍ത്തികമാക്കുന്നു. ജീവിതം ആഘോഷമാക്കുന്നു. മറ്റുള്ളവര്‍ക്ക് മാതൃകയുമായിത്തീരുന്നു.
അന്‍വര്‍ കള്ളിയത്ത്

അന്‍വര്‍ കള്ളിയത്ത്



ഉണ്ടാക്കിയെടുക്കുന്ന വിജയം


മറ്റുള്ളവരില്‍നിന്നെന്ത് പഠിക്കാനുണ്ട് എന്നന്വേഷിക്കുന്ന, തന്റെ ജീവിതത്തിനാവശ്യമായത് സ്വീകരിക്കുന്ന ഒരു വിദ്യാര്‍ഥിയെ ഞാനോര്‍ക്കുന്നു. സമ്പന്ന കുടുംബത്തിലെ ഏറ്റവും ഇളയ അംഗം. കച്ചവടക്കാരും ഡോക്ടറുമൊക്കെ ജ്യേഷ്ഠന്മാരായുണ്ട്. എങ്ങനെ കൂടുതല്‍ മികവ് കാണിക്കാനാവുമെന്നാണ് ആ വിദ്യാര്‍ഥി പലപ്പോഴും ആലോചിച്ചിരുന്നത്. അതിന് ലഭിക്കുന്ന ഒരവസരവും ഒഴിവാക്കിയതുമില്ല. കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ആ വിദ്യാര്‍ഥിക്ക് വളരാനുള്ള മാര്‍ഗങ്ങള്‍ കൂടിയായിരുന്നു. ഡിഗ്രി അവസാനവര്‍ഷം കോളേജ് യൂണിയന്‍ ചെയര്‍മാനുമായി. നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചിട്ടും ക്ളാസുകളൊഴിവാക്കിയില്ല. ബിഎ കഴിഞ്ഞപ്പോള്‍ കച്ചവടമേറ്റെടുക്കാന്‍ സമ്മര്‍ദം. അയാള്‍ എന്റെ അടുത്തെത്തി. പഠനം തുടരേണ്ടതിന്റെ ആവശ്യകത അയാള്‍ക്കറിയാമായിരുന്നു. ബാംഗ്ളൂരില്‍ ബിസിനസ് സ്റ്റഡീസിന് ചേര്‍ന്നു. എം ബി എ ബിരുദം നേടി.   കച്ചവടത്തിന് ആരംഭം കുറിച്ചു. പഠിച്ചതും പരിശീലിച്ചതും പഠിച്ചുകൊണ്ടിരിക്കുന്നതും തന്റെ ഏര്‍പ്പാടില്‍ പ്രയോഗിച്ചു. തന്റെ മേഖലയില്‍ ഒന്നാമനാവാനുള്ള ശ്രമമായിരുന്നു അയാള്‍ക്ക്. ചുരുങ്ങിയ കാലം കൊണ്ട് അത് സാധിക്കുകയും ചെയ്തിരിക്കുന്നു. എച്ച് ആന്റ ് ആര്‍ ജോണ്‍സണ്‍ ടൈല്‍സ് വിതരണത്തില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനം. കേരളത്തില്‍ ഫ്ളോറിങ് മെറ്റീരിയല്‍ വിതരണത്തില്‍ ഒന്നാംസ്ഥാനം. ഇന്ത്യയിലെ ഏറ്റവും നല്ല രണ്ടാമത്തെ സാനിറ്ററി -ടൈല്‍സ് ഷോറൂമിന്റെ ഉടമയായ അയാള്‍ പ്രമുഖ വ്യാപാരികള്‍ക്ക് കമ്പനികള്‍ നല്‍കുന്ന ആനുകൂല്യങ്ങളും ഉപഹാരങ്ങളും പലതും നേടിയിരിക്കുന്നു. അതിലേറ്റവും പ്രധാനമാണ്. നാല്‍പ്പതോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അയാളുടെ പേര്: അന്‍വര്‍ കള്ളിയത്ത് (anvarkalliyath@gmail.com sam-ss_Â-: 9847025222) .
nphafiz@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top