29 March Friday

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയ്ക്ക് "നാക്' എ പ്ലസ് അക്രഡിറ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 31, 2021

കാലടി > കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയ്‌ക്ക് നാഷണൽ അസെസ്‌മെന്റ്‌ ആൻഡ് അക്രഡിറ്റേഷൻ ആൻഡ് കൗൺസിലിന്റെ (നാക്) എ പ്ലസ്  ലഭിച്ചു.  പുതുക്കിയ നാക് അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് പ്രകാരം എ പ്ലസ്  ലഭിക്കുന്ന കേരളത്തിലെ ആദ്യ  സർവ്വകലാശാലയും രാജ്യത്തെ ആദ്യ സംസ്‌കൃത സർവകലാശാലയുമാണ്‌ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല. നാലിൽ 3.37 സി ജി പി എ (ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് ) യോടെയാണ്‌ സർവകലാശാല നേട്ടം കരസ്ഥമാക്കിയത്.

അക്രഡിറ്റേഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സർവകലാശാലയ്‌ക്ക് മെച്ചപ്പെട്ട ഗ്രേഡ് ലഭിച്ചത്. സർവകലാശാലയുടെ പഠന, അക്കാദമിക, ഭരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി അഞ്ചംഗ നാക് പിയർ സംഘം സർവകലാശാലയിലും സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു. സർവകലാശാലയുടെ ആവിർഭാവത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ' എ' യോ അതിനുമുകളിലോ ഉള്ള ഗ്രേഡ് ലഭിക്കുന്നത്. 2014 നടത്തിയ ആദ്യ നാക് മൂല്യനിർണയത്തിൽ സർവകലാശാലയ്‌ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. മെച്ചപ്പെട്ട സി ജി പി എ സർവകലാശാലയ്‌ക്ക് കൂടുതൽ ' റൂസ ' ഫണ്ട്‌ ലഭിക്കാനുള്ള വഴിയൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് റൂസ.

'മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും 'നാക് ' ന്റെ എ പ്ലസ് ഗ്രേഡ് നേടാനായതിൽ സന്തോഷവും ചാരിതാർഥ്യവുമുണ്ടെന്ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃ‌ത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. ധർമരാജൻ പറഞ്ഞു. ഐക്യുഎസി, നാക് കോ ഓർഡിനേഷൻ കമ്മിറ്റി, സ്റ്റാറ്റ്യൂട്ടറി അംഗങ്ങൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ ഒത്തൊരുമയോടെയുള്ള  ചിട്ടയായ പ്രവർത്തനങ്ങളാണ് നേട്ടം കൈവരിക്കാൻ തങ്ങളെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കവികുലഗുരു കാളിദാസ സർവ്വകലാശാല വൈസ് ചാൻസലർ ആയ പ്രൊഫ. ശ്രീനിവാസ വർഖേഡി ആയിരുന്നു നാക് പിയർ സംഘത്തിന് നേതൃത്വം നൽകിയത്. അഞ്ചു വർഷത്തിലധികമായി സർവകലാശാലയിൽ മൂല്യനിർണയം നടന്നുകൊണ്ടിരിക്കുയായിരുന്നു. അതിൻറെ അവസാന ഘട്ടമെന്ന നിലയിലായിരുന്നു നാക് ടീമിൻറെ സന്ദർശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top