20 April Saturday

എസ്എസ്എൽസി–-പ്ലസ്ടു വാർഷിക പരീക്ഷകൾ രാവിലെ നടത്തണം: ബാലാവകാശ കമീഷൻ

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2019

തിരുവനന്തപുരം > എസ്എസ്എൽസി, പ്ലസ്ടു വർഷാവസാന പരീക്ഷകൾ രാവിലെ നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നിർദേശിച്ചു. മാർച്ച്, ഏപ്രിൽ  മാസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്ത് ഒന്നുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ എല്ലാം ഉച്ചയ്ക്ക് മുമ്പ്‌ പൂർത്തിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഇതിന് കഴിയാതെ വന്നാൽ രാവിലെയും വൈകുന്നേരവുമായി പരീക്ഷ നടത്തണം.

കമീഷൻ ചെയർമാൻ പി സുരേഷ്, അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് ശുപാർശ. പരീക്ഷാഹാളിൽ  ആവശ്യത്തിന് ഫാനുകളും ചൂട് കുറയ്ക്കാനുള്ള സംവിധാനങ്ങളും വെളിച്ചം, ശുദ്ധമായ കുടിവെള്ളം എന്നിവയും സജ്ജീകരിക്കണം. പരീക്ഷയ്ക്ക് മുൻപോ ശേഷമോ കുട്ടികൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉച്ചച്ചൂടിൽ  വാർഷികപരീക്ഷ നടത്തുന്നതിനെപ്പറ്റിയുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ എടുത്ത കേസിന്റെ
അടിസ്ഥാനത്തിലാണ് ശുപാർശ. കൂലിപ്പണിക്കാർക്ക് പോലും പകൽ 11 മുതൽ  മൂന്നു വരെ ജോലി ചെയ്യേണ്ടെന്ന സർക്കാർ ഉത്തരവ് അവഗണിച്ച് വിദ്യാർഥികൾ നട്ടുച്ചയ്ക്ക്
പരീക്ഷ എഴുതേണ്ടിവരുന്നത് ക്രൂരതയാണ്‌. ഉച്ച സമയം സ്കൂൾ ബസ് ഉണ്ടാവില്ലെന്നും വിയർത്തൊലിച്ച് തളർന്ന് മൂന്നു മണിക്കൂർ പരീക്ഷ എഴുതേണ്ടിവരുന്നത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും  പീഡനവും ബാലാവകാശ ലംഘനവുമായി കണക്കാക്കണമെന്നും റിപ്പോർട്ടുകളുണ്ടായി.

പത്തു വർഷത്തെ പഠനത്തിന്റെയും പരീശീലനത്തിന്റെയും മികവ് തെളിയിക്കപ്പെടേണ്ടത് പത്താം ക്ലാസ് പരീക്ഷയിൽ  ആയതിനാൽ  അത് എഴുതുന്നതിന് കുട്ടിക്ക് അവസരം ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ കടമയാണെന്ന് കമീഷൻ വ്യക്തമാക്കി. ഓരോ വർഷവും ചൂട് ഏറുന്ന സാഹചര്യം കണക്കിലെടുത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി തൊഴിലെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കാര്യം പരിഗണനാർഹമാണെന്നും കമീഷൻ നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top