26 April Friday

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷയ്‌ക്ക്‌ ഇടകലർത്തി ഇരുത്തില്ല

സ്വന്തം ലേഖകൻUpdated: Wednesday Jan 29, 2020

തിരുവനന്തപുരം > ഇത്തവണ ഒരുമിച്ച്‌ രാവിലെ നടത്തുന്ന എസ്‌എസ്‌എൽസി ഹയർസെക്കൻഡറി പരീക്ഷകൾക്ക്‌ വിദ്യാർഥികളെ ഇടകലർത്തി ഇരുത്തില്ല. നേരത്തെ  ഇടകലർത്തി പരീക്ഷയെഴുതിപ്പിക്കാനായിരുന്നു തീരുമാനം.

2034 പരീക്ഷാ കേന്ദ്രത്തിൽ 1689 കേന്ദ്രത്തിലും എസ്‌എസ്‌എൽസി, പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികളെ പ്രത്യേകമായി ഇരുത്തി എഴുതിക്കാനാകും. ശേഷിക്കുന്ന സ്‌കൂളുകളിൽ മാത്രമേ ക്ലാസുകളിൽ അത്യാവശ്യം ഇടകലർത്തേണ്ട സാഹചര്യം ഉണ്ടാകൂ.  ഇതും പരമാവധി പ്രത്യേക ക്ലാസ് മുറികളിൽ രണ്ടു പരീക്ഷയും നടത്തുന്നതിന് പരിശ്രമം നടത്തും. 110 സ്‌കൂളിൽ കൂടുതൽ  മൂന്നുവീതം ബെഞ്ചും ഡെസ്‌ക്കും അധികമായി വിന്യസിച്ച് 40 കുട്ടികളെവരെ ഇരുത്തി പരീക്ഷ നടത്താനും തീരുമാനമായി.

എസ്‌എസ്‌എൽസി മോഡൽ  പരീക്ഷകളിൽ നേരിയ മാറ്റം

തിരുവനന്തപുരം > എസ്‌എസ്‌എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 14ന്‌ ആരംഭിച്ച്‌ 20ന്‌ അവസാനിക്കും. നിലവിൽ 17ന്‌ രാവിലെ നിശ്‌ചയിച്ച മലയാളം പരീക്ഷ ഉച്ചയ്‌ക്കുശേഷവും സോഷ്യൽ സയൻസ്‌ രാവിലെയും നടക്കും. 19ന്‌ രാവിലെ നടത്താനിരുന്ന ബയോളജി ഉച്ചയ്‌ക്കുശേഷവും രാവിലെ മാത്‌സും നടത്തും. എസ്‌എസ്‌എൽസി ഐടി പരീക്ഷ ഫെബ്രുവരി 24
മുതൽ മാർച്ച്‌ അഞ്ചുവരെ നടക്കും.

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ  5ന്‌ തുടങ്ങും

തിരുവനന്തപുരം > ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 5 മുതൽ 10 വരെ നടക്കും. പൂർത്തിയാക്കാത്തവർക്ക്‌ മോഡൽ പരീക്ഷയ്‌ക്കുശേഷം പ്രാക്ടിക്കൽ നടത്തും. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഫെബ്രുവരി 11 മുതൽ 20 വരെ നടത്തും.  മാർച്ച്‌  10 മുതൽ 27 വരെ നടക്കുന്ന എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ഇതുവരെയുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ക്യുഐപി യോഗത്തിൽ എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്‌, ഹയർ സെക്കൻഡറി ജോയിന്റ്‌ ഡയറക്ടർ എസ്‌ എസ്‌ വിവേകാനന്ദൻ, പരീക്ഷാ സെക്രട്ടറി ഡോ. ലാൽ, സർവശിക്ഷ കേരളാ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്‌ണൻ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്‌ണൻ, എൻ ശ്രീകുമാർ (എകെഎസ്‌ടിഎ), വി കെ അജിത്‌കുമാർ (കെപിഎസ്‌ടിഎ) തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top