19 April Friday

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി ബാക്കി പരീക്ഷകൾ മെയ്‌ രണ്ടാം വാരം

എം വി പ്രദീപ്‌Updated: Tuesday Apr 21, 2020

തിരുവനന്തപുരം
ലോക്ക്‌ഡൗൺ മാറ്റിയാൽ  മെയ്‌ രണ്ടാം വാരം എസ്‌എസ്എൽസി, ഹയർസെക്കൻഡറി എന്നിവയുടെ അവശേഷിക്കുന്ന പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മുന്നൊരുക്കം തുടങ്ങി. കോവിഡ്‌ പശ്‌ചാത്തലത്തിൽ സാഹചര്യങ്ങൾ വിശദവും സൂക്ഷ്‌മവുമായി പരിശോധിച്ചാകും അന്തിമ തീരുമാനം. മെയ്‌ എട്ടിനും മെയ്‌ 11നും ആരംഭിക്കാനുള്ള രണ്ട്‌ തീയതികളാണ്‌ ഇപ്പോൾ കണ്ടുവച്ചിട്ടുള്ളത്‌. പരീക്ഷാ തീയതി, അധ്യാപക പരിശീലനം എന്നിവ സംബന്ധിച്ച ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ്‌ച ചേരുന്നുണ്ട്‌.

ഓഡിയോ കോൺഫറൻസ്‌ സംവിധാനത്തിലാണ്‌ ക്യുഐപി യോഗം. എസ്‌എസ്‌എൽസിക്ക്‌ മൂന്നും ഹയർസെക്കൻഡറിക്ക്‌ നാലും പരീക്ഷകളാണ്‌ ബാക്കിയുള്ളത്‌. ഇരു വിഭാഗത്തിലെയും പരീക്ഷകൾ  ഇത്തവണ രാവിലെ ഒന്നിച്ചാണ്‌ നടത്തിയിരുന്നത്‌. ബാക്കിയുള്ള പരീക്ഷകൾ ഒന്നിച്ച്‌ നടത്തേണ്ടതില്ലെന്ന്‌ ധാരണയായിട്ടുണ്ട്‌. മുൻ വർഷത്തെ പോലെ ഹയർസെക്കൻഡറി രാവിലെയും എസ്‌എസ്‌എൽസി പരീക്ഷ ഉച്ചയ്‌ക്കുമായിരിക്കും. മെയ്‌ മൂന്നിന്‌ ലോക്ക്‌ഡൗൺ അവസാനിച്ചാൽ ഏതു സമയവും പരീക്ഷ നടത്താൻ സജ്ജമാണെന്ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. എട്ടിന്‌ ആരംഭിക്കാനായില്ലെങ്കിൽ മെയ്‌ 11 മുതൽ 14 വരെ നടത്താനാണ്‌ ആലോചന.

ലോക്ക്‌ഡൗണിൽ ഇളവ്‌ ലഭിച്ച ജില്ലകളിലെ സ്‌കൂളുകളിൽ പാഠപുസ്‌തകങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങളും നടത്തിയ പരീക്ഷയുടെ മൂല്യനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്യും. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിട്ടുണ്ട്‌. ഒമ്പതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല.
പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്‌ത്‌ വാർഷിക പരീക്ഷയ്‌ക്ക്‌ മാർക്ക്‌ അനുവദിക്കും. മെയ്‌ അഞ്ചു മുതൽ സ്‌കൂൾ പ്രവേശന നടപടികൾ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിനും തുടക്കമായി.

ലോക്ക്‌ ഡൗൺ തുടർന്നാൽ അവിടങ്ങളിൽ ഓൺലൈൻ പ്രവേശന നടപടികൾ പരിഗണനയിലുണ്ട്‌. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയുന്നവർക്ക്‌ മക്കളെ കേരളത്തിലെ സ്‌കൂളുകളിലേക്ക്‌ മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ ഓൺലൈൻ പ്രവേശന നടപടികളിലൂടെ അതിനും സംവിധാനമൊരുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top