29 March Friday

സ്‌കൂൾകുട്ടികൾ ഇനി റോബോട്ടുകളെയും സൃഷ്ടിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക‌്നോളജി (എസ‌്ഐഇടി)യുടെ നവസാങ്കേതികവിദ്യാ പരിശീലന പദ്ധതിയിൽ സ‌്കൂൾ വിദ്യാർഥികൾ ഇനി റോബോട്ടുകളും നാനോ മെഷീനുകളും സൃഷ്ടിക്കും.
ബയോ ഇൻഫോമാറ്റിക്സിന്റെ സാധ്യതകൾ  സ‌്കൂൾ വിദ്യാർഥികൾക്കായി ഉപയോഗിക്കാനുള്ള പദ്ധതിക്ക‌് എസ‌്ഐഇടി രൂപം നൽകി.   പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ‌് (നിർമിത ബുദ്ധി) നാനോ ടെക്‌നോളജി, ബയോ ഇൻഫോമാറ്റിക്‌സ് എന്നീ മേഖലകളിൽ ശാസ്ത്ര ആഭിമുഖ്യമുള്ള കുട്ടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം. ത്രിദിന സഹവാസ പരിശീലനത്തിന‌് ഓരോ മേഖലയിലെയും വിദഗ്ധർ നേതൃത്വം നൽകും.

എസ്ഐഇടിയുടെ പ്രതിഭാപോഷണ പരിപാടികളുടെ ഭാഗമാണ് ശിൽപ്പശാലകളെന്ന് ഡയറക്ടർ ബി അബുരാജ് പറഞ്ഞു. ജില്ലയിൽനിന്ന‌് 150 പേരെവീതം തെരഞ്ഞെടുത്ത്  നടപ്പാക്കിയ ശാസ്ത്രജാലകം പദ്ധതിയുടെ  തുടർച്ചയാണ്  നവസങ്കേതികവിദ്യ ശിൽപ്പശാലകൾ.  ക്ലാസുകൾ എന്നതിനപ്പുറം പ്രായോഗിക പരിശീലനങ്ങൾക്കാണ് പ്രാധാന്യം. വൈകുന്നേരങ്ങളിൽ സംവാദങ്ങളും വിദഗ്ധരുമായി അഭിമുഖങ്ങളും ഉണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, കൃപ്റ്റോളജി, മാത്തമാറ്റിക്സ് ലോജിക് എന്നീ വിഷയങ്ങൾ അധികരിച്ച് കോഴിക്കോട് സ്‌കൂൾ ഓഫ് മാത്തമാറ്റിക്സിൽ  പരിശീലനം ആരംഭിച്ചിട്ടുണ്ട‌്.

  ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സും സെൻട്രൽ യൂണിവേഴ്സിറ്റിയും ഇതുമായി സഹകരിക്കുന്നു. കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മണികണ്ഠൻ രംഗസ്വാമി, ഡോ. തസ്ലീമ എന്നിവരാണ് കോ ഓർഡിനേറ്റർമാർ. നാനോ ഇലക്ട്രോണിക്‌സ്, നാനോ ബയോ ടെക്നോളജി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ശിൽപ്പശാല കുസാറ്റിൽ  തിങ്കളാഴ്ച ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top