26 April Friday

പ്രൈമറി സ്കൂൾ അധ്യാപക പരീക്ഷ മലയാളത്തിൽ: പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


തിരുവനന്തപുരം> നവംബറിൽ നടത്താൻ നിശ്ചയിച്ച പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന  വാർത്തയാണ് പ്രചരിക്കുന്നതെന്ന്‌ പബ്ലിക്‌ സർവീസ്‌ കമീഷൻ. ഈ തസ്തികയുടെ പരീക്ഷാ സിലബസിൽ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

2009, 2016, 2017 വർഷങ്ങളിൽ നടന്ന പരീക്ഷകളുടെ സിലബസുതന്നെയാണ് ഇപ്പോഴുമുള്ളത്. എൽപി സ്കൂൾ അധ്യാപക തസ്തികയുടെ പരീക്ഷയ്ക്കുള്ള 100 ചോദ്യവും മലയാളത്തിലാണ് നൽകിയിട്ടുള്ളത്. ടിടിസി യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള  ഈ തസ്തികയിലുള്ളവർ ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷ ഉൾപ്പെടെ എല്ലാ വിഷയങ്ങളും കൈകാര്യംചെയ്യണം. അഞ്ചുമുതൽ ഏഴാംക്ലാസുവരെ ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യേണ്ട തസ്തികയാണ് യുപി സ്കൂൾ അധ്യപാകരുടേത്‌. ഇതിന്റെ പാഠ്യക്രമത്തിൽ ഇംഗ്ലീഷ് കൂടുതലുള്ളതിനാലും ടിടിസിക്കൊപ്പം ബിഎഡ് യോഗ്യതയുള്ളവർ അപേക്ഷകരായതിനാലും 90 മാർക്കിന്റെ മലയാള ചോദ്യങ്ങൾക്കൊപ്പം 10 മാർക്കിന് ഇംഗ്ലീഷ്‌കൂടിയുണ്ട്‌.  ഡിഗ്രി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്‌.

ഈ തസ്തികകൾക്ക് ഇപ്പോൾ നിലവിലുള്ള സിലബസ് 2014ൽ ഡയറ്റ് അധ്യാപകർ അടങ്ങിയ വിദഗ്‌ധർ തയ്യാറാക്കിയതാണ്. 2016ലും 2017ലും ഇത്‌ പ്രകാരമായിരുന്നു പരീക്ഷ. എൽപി സ്കൂൾ അധ്യാപകർക്ക്‌ 2009ലെയും 2017ലെയും അതേ സിലബസുതന്നെയാണ് ഇപ്പോഴുമുള്ളത്. ഇതുവരെ പരാതിയുണ്ടായിട്ടില്ല. തുടർന്നുള്ള കാലത്ത്‌ ബിഎഡ്, ഡിഎഡ്, പാഠ്യപദ്ധതിക്കനുസരിച്ച് സിലബസിൽ അക്കാദമിക വിഭാഗവുമായി ആലോചിച്ച് ആവശ്യമായ മാറ്റംവരുത്തുമെന്നും പിഎസ്‌സി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top