26 April Friday

കേരളത്തിലെ 
പ്ലസ്ടു വിദ്യാഭ്യാസം

ആർ സുരേഷ്‌കുമാർUpdated: Thursday Jun 16, 2022

കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞു. സിബിഎസ്ഇ ഉൾപ്പെടെയുള്ള മറ്റ് ബോർഡുകളുടെ പത്താംക്ലാസ് പരീക്ഷാഫലവും ഉടൻ പ്രതീക്ഷിക്കാം. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയായവരുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.പത്താംക്ലാസ് കഴിഞ്ഞാലുള്ള തുടർപഠനത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കകൾ ഉണ്ടാകുക സ്വാഭാവികമാണ്. ഇന്ത്യയിൽ പ്ലസ്‌ ടു തലത്തിൽ ഏറ്റവുമധികം എൻറോൾമെന്റ് നടക്കുന്ന സംസ്ഥാനം കേരളമാണ്.

 

അൽപ്പം ചരിത്രം
ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 10+2+3 പാറ്റേണിലെ രണ്ടുവർഷ കോഴ്സ് സ്കൂളുകളിലെ പ്ലസ്‌ടു കോഴ്സായി പുനഃസംഘടിപ്പിക്കാൻ കേരളം തീരുമാനിക്കുന്നതുവരെ, പ്രീഡിഗ്രി കോഴ്സിന്റെ ഭാഗമായി ഒന്നേകാൽ ലക്ഷത്തോളം റെഗുലർ സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 90ൽ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്ത് 31 സ്കൂളിലായി ഓരോ സയൻസ്, ഹ്യുമാനിറ്റീസ് കോഴ്സ് കോമ്പിനേഷനുകളുമായി ആരംഭിച്ചതാണ് കേരളത്തിലെ പ്ലസ്‌ടു വിദ്യാഭ്യാസം. തുടർന്ന്, വർഷംതോറും പുതിയ സ്കൂളുകളിൽ കോഴ്സ് അനുവദിച്ചിരുന്നു. 96ൽ വീണ്ടും അധികാരത്തിൽവന്ന നായനാർ മന്ത്രിസഭയുടെ കാലത്താണ് പ്രീഡിഗ്രി കോഴ്സ് പൂർണമായും ഡീലിങ്ക് ചെയ്തതും ഹയർസെക്കൻഡറി വ്യാപകമാക്കിയതും. പന്ത്രണ്ടാംക്ലാസ് വരെ സാർവത്രിക വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോയതിനാലാണ് കേരളം ഏറ്റവുംകൂടുതൽ പ്ലസ്‌ വൺ എൻറോൾമെന്റ് നടക്കുന്ന സംസ്ഥാനമായി മാറിയത്.

818 സർക്കാർ സ്കൂൾ
846 എയ്‌ഡഡ് സ്കൂൾ
നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 818 സർക്കാർ സ്കൂളിലും 846 എയ്‌ഡഡ് സ്കൂളിലും പ്ലസ്‌ടു പഠനത്തിന് അവസരമുണ്ട്. അൺഎയ്‌ഡഡ് വിഭാഗത്തിൽ ബാച്ചുകൾ അനുവദിച്ചിട്ടുള്ള 379 സ്കൂളുമുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ 261 സർക്കാർ സ്കൂളിലും 128 എയ്‌ഡഡ് സ്കൂളിലും പഠിക്കാനവസരമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.
ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

വൊക്കേഷണൽ ഹയർ സെക്കൻഡറി
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിതമായി പഠിക്കാവുന്ന ഓരോ വിഷയമുൾപ്പെട്ട പതിനേഴ് കോമ്പിനേഷനുണ്ട്. അതുപോലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിതമായി പഠിക്കാവുന്ന ഓരോ വിഷയമുൾപ്പെട്ട 23 കോമ്പിനേഷനുണ്ട്. ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് വിഷയങ്ങൾക്കൊപ്പം പഠിക്കാവുന്ന ടൂർ ഗൈഡ് എന്ന തൊഴിലധിഷ്ഠിത വിഷയവും വൊക്കേഷണൽ വിഭാഗത്തിലുണ്ട്. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് എന്നീ വിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിതമായി ഒരു വിഷയംകൂടി പഠിക്കാവുന്ന അഞ്ച് കോമ്പിനേഷനും വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സിന്റെ ഭാഗമായുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് ഹയർ സെക്കൻഡറി കോഴ്സിനുള്ള തുല്യതയുള്ളതിനാൽ പ്രൊഫഷണൽ കോഴ്സുകളിലുൾപ്പെടെ തുടർവിദ്യാഭ്യാസം സാധ്യമാണ്.

ടെക്‌നിക്കൽ ഹയർ സെക്കൻഡറി
സർക്കാർ മേഖലയിൽ 15 ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങളും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് സിസ്റ്റം വിഷയങ്ങളും ഉൾക്കൊള്ളുന്ന രണ്ട് കോമ്പിനേഷൻ ഈ സ്കൂളുകളിൽ പഠിക്കാനാവും. ആർട്ട് സ്ട്രീമിൽ പഠിക്കാനാഗ്രഹിക്കുന്നവർക്ക് കലാമണ്ഡലത്തിന്റേതായി 14 വ്യത്യസ്ത നൃത്ത, വാദ്യ, സംഗീത വിഷയങ്ങൾ ഉൾപ്പെടുന്ന കോമ്പിനേഷനുകൾ ഹയർസെക്കൻഡറിക്ക് തുല്യമായിട്ടുണ്ട്.

പാർട്ട്‌ ഒന്നും  പാർട്ട്‌ രണ്ടും
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർസെക്കൻഡറി, ആർട്ട് വിഭാഗങ്ങളിലെല്ലാം ഒന്നാം പാർട്ട് ഇംഗ്ലീഷാണ്. എന്നാൽ, പാർട്ട് രണ്ട് എന്നത് എല്ലായിടത്തും ഭാഷാവിഷയങ്ങളല്ല എന്ന വ്യത്യാസമുണ്ട്. ഹയർ സെക്കൻഡറിയിൽ മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു, തമിഴ്, കന്നഡ, ഫ്രഞ്ച്, ലാറ്റിൻ, സിറിയക്, ജർമൻ, റഷ്യൻ ഭാഷകളാണ് പാർട്ട് രണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആർട്ട് സ്ട്രീമിൽ മലയാളമാണ് പാർട്ട് രണ്ടിലെ വിഷയം. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് എന്നതാണ് പാർട്ട് രണ്ടിലെ വിഷയം. ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി എന്ന വിഷയമാണ് - പാർട്ട് രണ്ടിലുള്ളത്.

ഐടിഐ, 
പോളിടെക്‌നിക്
-എസ്എസ്എൽസി കഴിഞ്ഞശേഷം പഠിക്കാനവസരമുള്ള രണ്ട് മേഖലകൂടി കേരളത്തിലുണ്ട്. ഐടിഐ(ഇൻഡസ്ട്രിയൽ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്)കളും പോളിടെക്നിക്കുകളും. വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ കോഴ്സുകൾക്ക് സമാനമായ തൊഴിലധിഷ്ഠിത കോഴ്സുകൾക്കാണ് അവിടെ പ്രാധാന്യമുള്ളത്.

സ്‌കോൾ കേരള
റെഗുലർ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിക്കാത്തവർക്ക് ഹയർസെക്കൻഡറി പഠനത്തിന് അവസരം നൽകുന്ന സംവിധാനമാണ് സ്‌കോൾ കേരള. ഓപ്പൺസ്കൂൾ പ്രവേശനത്തിലൂടെയാണ് അവിടെ പഠനം നടക്കുന്നത്. പരീക്ഷ നടത്തുന്നത് ഹയർ സെക്കൻഡറി പരീക്ഷാബോർഡ് തന്നെയായതിനാൽ ഇക്വലൻസിയുടെ പ്രശ്നമില്ല. ഓപ്പൺ റെഗുലർ കോഴ്‌സും പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സും സ്കോൾ കേരളയിലുണ്ട്. പാർട്ട് മൂന്നിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, സൈക്കോളജി വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന മൂന്ന് കോമ്പിനേഷനിൽ സയൻസ് ഓപ്പൺ റെഗുലർ കോഴ്സ് പഠിക്കാം. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ജ്യോഗ്രഫി വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന നാല് കോമ്പിനേഷനിൽ ഹ്യുമാനിറ്റീസിലും ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന നാല് കോമ്പിനേഷനിൽ കൊമേഴ്സിലും ഓപ്പൺ റെഗുലർ കോഴ്സ് പഠിക്കാനവസരമുണ്ട്. പ്രൈവറ്റ് രജിസ്ട്രേഷന് ഹ്യുമാനിറ്റീസിലെ - അഞ്ച് കോമ്പിനേഷനും കൊമേഴ്സിലെ ഒരു കോമ്പിനേഷനുമാണ് സ്കോൾ കേരള അവസരം നൽകുന്നത്.

കോഴ്‌സ്‌ തെരഞ്ഞെടുപ്പ്‌ പ്രധാനം
വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. എല്ലാവരും വിവിധ വിഷയമേഖലകളിൽ - ഒരുപോലെ അഭിരുചിയുള്ളവരാകണമെന്നില്ല. ഒരേഗ്രേഡ് കിട്ടിയവരായതുകൊണ്ടും ഒരുമിച്ച് പഠിച്ചവരായതുകൊണ്ടും ഒരേവിഷയഗ്രൂപ്പ് പഠിച്ചില്ലെങ്കിൽ മോശമാണെന്ന് കരുതിയും രക്ഷിതാക്കൾ മക്കളെ നിർബന്ധിച്ച് കോഴ്സുകളിൽ ചേർക്കരുത്. തുടർപഠനസാധ്യതകള്‍ അഭിരുചിക്കനുസരിച്ച് എല്ലാവിഷയമേഖലകളിലുമുണ്ട്. വിദ്യാർഥികൾക്ക് പഠിക്കാൻ താൽപ്പര്യമില്ലാത്തതും പ്രയാസമുള്ളതുമായ വിഷയഗ്രൂപ്പുകൾ നിർബന്ധിച്ച് പഠിപ്പിച്ചാൽ പ്ലസ്‌ടു പഠനത്തിലും അതിനുശേഷവും മുന്നോട്ടുപോകാൻ കഴിയാതെ വന്നേക്കാം.

സമീപസ്കൂളുകളിൽ ഏതെല്ലാം വിഷയകോമ്പിനേഷനുകളാണുള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. രക്ഷിതാക്കളും വിദ്യാർഥികളും പരസ്പരം മനസ്സിലാക്കി കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ ധാരണയിലെത്തുന്നതാകും അഭികാമ്യം. വിദ്യാർഥികളുടെ അഭിരുചികൾ മനസ്സിലാക്കിയിട്ടുള്ള അധ്യാപകർക്കും ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ്‌ പ്രവേശന നടപടികൾ.

(ഹയർസെക്കൻഡറി അക്കാദമിക്‌ ജോയിന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top