19 April Friday

സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന്‌ ജി സ്യൂട്ട് പ്ലാറ്റ്ഫോം; 
47 ലക്ഷം കുട്ടികള്‍ക്കും പോര്‍ട്ടലില്‍ ലോഗിന്‍ സംവിധാനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 8, 2021


തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം സജ്ജമായി.  ഇതിന്റെ ഭാഗമായി മുഴുവൻ സ്കൂൾ കുട്ടികളെയും അധ്യാപകരെയും  kiteschool.in എന്ന പൊതുഡൊമൈനിൽ കൊണ്ടുവരും. പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകൾ ചുവടെ:

● 47 ലക്ഷം കുട്ടികൾക്കും പോർട്ടലിൽ ലോഗിൻ സംവിധാനം.–- സ്കൂൾകോഡ്. അഡ്മിഷൻനമ്പർ @kiteschool.in

● 1.7 ലക്ഷത്തോളം  അധ്യാപകർക്ക് അവരുടെ പെൻകോഡുൾപ്പെടുന്നവിധം trPEN@ kiteschool.in   പേരിൽ ലോഗിൻ സൗകര്യം.

● പൊതു പ്ലാറ്റ്ഫോം ഗൂഗിൾ ഇന്ത്യ സൗജന്യമായി ലഭ്യമാക്കിയത്. കുട്ടികളുടെയും അധ്യാപകരുടെയും സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ പങ്കിടില്ല. പ്ലാറ്റ്ഫോമിൽ അപ്‍ലോഡ് ചെയ്യുന്ന ഡാറ്റയുടെ മാസ്റ്റർ കൺട്രോൾ കൈറ്റിന് ഉണ്ടായിരിക്കും. പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.

●വീഡിയോ കോൺഫറൻസിങ്ങിനുള്ള ഗൂഗിൾ മീറ്റ്, ക്ലാസ്റൂം ലേണിങ്‌ മാനേജ്‍മെന്റ് സംവിധാനം, അസൈൻമെന്റുകൾ, ക്വിസുകൾ എന്നിവ നൽകാനും മൂല്യനിർണയം നടത്താനുമുള്ള സൗകര്യം, ഡാറ്റകൾ തയാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യം തുടങ്ങിയവ ജി-സ്യൂട്ടിലുണ്ട്. വേർഡ് പ്രോസസിങ്‌, പ്രസന്റേഷൻ, സ്പ്രെഡ്ഷീറ്റ്, ഡ്രോയിങ്‌ എന്നിവയ്ക്കുള്ള സംവിധാനവും ഫോം ആപ്ലിക്കേഷനും സ്യൂട്ടിന്റെ ഭാഗമായുണ്ട്.

● പൊതു ഡൊമൈനിൽ എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. അനോണിമസായി പ്രവേശിക്കുന്നവരെ ട്രാക്ക് ചെയ്യാനും കഴിയും.

● അഡ്മിനിസ്ട്രേറ്റർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിങ്ങനെ ഓരോ വിഭാഗം ഉപയോക്താക്കൾക്കും പ്രത്യേകം പെർമിഷനുകൾ ക്ലാസ്റൂമുകളിൽ ക്രമീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ക്ലാസുകൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും സ്കൂൾതലത്തിൽ കുട്ടികളുടെ ഗ്രൂപ്പും ഉണ്ടാക്കാനാകും. സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്കും അധ്യാപകർക്കും അവരുടെ ക്ലാസുകൾ നിയന്ത്രിക്കാനുള്ള പൂർണമായ അധികാരം ഉണ്ടായിരിക്കും.

● കുട്ടികൾ പാസ്‍വേർഡ് മറന്നുപോകുന്ന സാഹചര്യത്തിൽ അവ റീസെറ്റ് ചെയ്ത്നൽകാനും വിവിധ ക്ലാസ്-ഗ്രൂപ്പ് വിഭാഗങ്ങൾ തിരിക്കാനും സ്കൂൾതലത്തിൽ സൗകര്യം ഉണ്ടായിരിക്കും.

● എടുക്കുന്ന ക്ലാസുകൾ തത്സമയം തന്നെ റെക്കോർഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് പിന്നീട് റെക്കോർഡ് ചെയ്തതിന്റെ ലിങ്ക് നൽകാനും ഉള്ള സൗകര്യം ലഭ്യമാണ്.

● ഗൂഗിൾ ക്ലാസ് റൂമിനകത്തെ ഡ്രൈവ് പ്രയോജനപ്പെടുത്തുന്നതിനാൽ ക്ലാസുകൾ റെക്കോർഡ് ചെയ്യാനും കാണാനും പറ്റുന്നതിനുപുറമേ, മറ്റ്‌ ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്താനും പ്രത്യേക സ്റ്റോറേജ് സ്പേസ് (മൊബൈൽ ഫോണിൽ ഉൾപ്പെടെ) ആവശ്യമായി വരുന്നില്ല.

● സംസ്ഥാനം, ജില്ല, ഉപജില്ല, സ്കൂൾതലത്തിൽ ഉപയോഗം പരിശോധിക്കുന്നതിനുള്ള പ്രത്യേക ഓഡിറ്റിങ്‌ മൊഡ്യൂൾ പ്ലാറ്റ്ഫോമിന്റെ ഭാഗമായി ഉണ്ട്. അതുപോലെ വിവിധ ഓൺലൈൻ ഗ്രൂപ്പുകൾ നിർമിക്കാനും സന്ദേശങ്ങൾ ഒരുമിച്ച് നൽകാനും (ഉദാ: സംസ്ഥാനതലത്തിൽ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും എന്നിങ്ങനെ) സൗകര്യമുണ്ട്. കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾ, സമഗ്രവിഭവ പോർട്ടലിലെ വിഭവങ്ങൾ തുടങ്ങിയവയും ഇപ്രകാരം കുട്ടികൾക്ക് ലഭ്യമാക്കാം.

● ജി സ്യൂട്ട് പ്ലാറ്റ്ഫോം പരിശീലനം: ജി സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള പരിശീലനം എല്ലാ അധ്യാപകർക്കും കുട്ടികൾക്കും നൽകും.  ഇതിനായി പ്രത്യേക പരിശീലന മൊഡ്യൂളുകൾ കൈറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനലും പരിശീലനത്തിന് പ്രയോജനപ്പെടുത്തും. പൈലറ്റ് പ്രവർത്തനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോമിൽ വരുത്തേണ്ട മാറ്റങ്ങൾ തുടർന്ന് ഉൾക്കൊള്ളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top