25 September Monday

കോവിഡ് 19 : വിദേശപഠനം കരുതലോടെ

ഡോ. ടി പി സേതുമാധവന്‍Updated: Monday Mar 23, 2020


കോവിഡ്−19 ബാധയെത്തുടർന്നുള്ള സാഹചര്യങ്ങൾ വിദേശപഠനത്തെ സാരമായി ബാധിക്കും.   ഇന്ത്യയിൽ നിന്നുള്ള അഞ്ചരലക്ഷത്തോളം വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നതായാണ് കണക്ക്. വിദേശപഠനത്തിനെത്തുന്ന ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർഥികളിൽ ഏറെ മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികളാണ്. പ്രതിവർഷം ഒരുലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലെത്തുന്നത്. കേരളത്തിൽ  നിന്നു മാത്രം 15,000 മുതൽ 20,000  വരെ വിദ്യാർത്ഥികൾ പ്രതിവർഷം വിദേശ  സർവ്വകലാശാലകളിലെത്തുന്നു. പ്ലസ്സ്ടുവിന് ശേഷമുള്ള അണ്ടർഗ്രാഡ്വേറ്റ്‌, ബിരുദശേഷമുള്ള  ഗ്രാഡ്വേറ്റ്‌, ഡോക്ടറൽ, ഡിപ്ലോമ, സ്ക്കിൽ വികസന കോഴ്സുകൾക്കാണ് വിദ്യാർത്ഥികൾ കൂടുതലായും വിദേശ രാജ്യങ്ങളിലെത്തുന്നത്. ഇതു കൂടാതെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ സ്ക്കിൽഡ് വർക്കർ വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ ഇമിഗ്രേഷൻ വ്യവസ്ഥകളിലൂടെ  തൊഴിൽ തേടിയെത്തുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക,  യുകെ, ഓസ്ട്രേലിയ, ക്യാനഡ, ചൈന, റഷ്യ, ഉക്രെയിൻ, ജോർജ്ജിയ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ  തുടങ്ങി 30ലധികം രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്നു.  ചൈനയടക്കമുള്ള രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിനു മാത്രമായി 10,000ത്തിലധികം വിദ്യാർത്ഥികൾ എത്തുന്നതായണ് ഏകദേശ കണക്ക്. കേരളത്തിൽ നിന്നും പ്രതിവർഷം 2000ത്തോളം വിദ്യാർത്ഥികൾ മെഡിക്കൽ/പ്രൊഫഷണൽ കോഴ്സ് പഠനത്തിന് വിദേശ രാജ്യങ്ങളിലെത്തുന്നു.

കോവിഡ്‌−19 ബാധപരിഗണിച്ച്‌  വിദേശ സർവകലാശാലകൾ ദീർഘകാലത്തേക്ക്  ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അവർ ഓൺലൈൻ പഠനം പ്രോത്സാഹിപ്പിച്ചു തുടങ്ങിയിരുന്നു.     വിദേശത്തു പഠിക്കുന്ന വിദ്യാർത്ഥികളുടെ നാട്ടിലെത്താനുള്ള ശ്രമങ്ങൾ ധ്രുതഗതിയിൽ  പുരോഗമിച്ചുവരുന്നു. യുകെ., അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ് നാട്ടിലെത്തിയവരിലേറെയും. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളും, വിദേശത്ത് ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർഥികളും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

1.    വിദേശ ക്യാമ്പസുകളിൽ പഠിയ്ക്കുന്ന വിദ്യാർഥികൾ ക്യാമ്പസ്സിനുള്ളിൽ/ ഹോസ്റ്റലിൽ/ താമസസ്ഥലത്തുതന്നെ കഴിയണം.

2.    പഠനം, ഗവേഷണം എന്നിവയുടെ ഭാഗമായുള്ള യാത്ര ഒഴിവാക്കണം.

3.    പാർടൈം തൊഴിൽ തൽക്കാലം ഉപേക്ഷിക്കണം

4.     പഠനം ഓൺലൈൻ വഴിയാക്കണം

5.    കൊറോണ ബാധയുള്ളവരുമായി ബന്ധപ്പെടരുത്

6. വിദേശത്ത് എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുള്ള നൈപുണ്യ ശേഷിയും മനക്കരുത്തും സ്വായത്തമാക്കണം 

7.  മാളുകൾ, സൂപ്പർമാർക്കറ്റുകൾ, കൂട്ടായ്മകൾ എന്നിവ ഒഴിവാക്കണം 

8. വീട്ടുകാരുമായി നിരന്തരമായി വീഡിയോ കാളിൽ ബന്ധപ്പെടാം.

9. ധൃതിപിടിച്ച് നാട്ടിലേക്ക് വരാൻ ശ്രമിക്കരുത്

10. യാത്രാ നിരോധനം, എയർലൈൻ സർവീസുകളുടെ നിബന്ധന എന്നിവ കാര്യമായി പാലിക്കണം

11.മാസ്‌ക്‌, ബയോസാനിട്ടൈസറുകൾ എന്നിവ ഉപയോഗിക്കുന്നതോടൊപ്പം  വേണ്ട ജൈവ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം.

12.     വിദേശ സർവകലാശാലകളിൽ ഇതിനകം പ്രവേശനം നേടിയവർ 2020 ആഗസ്ത്  സെപ്തംബർ സെമസ്റ്ററിനു പകരം,  2021 ആഗസ്ത് സെപ്തംബർ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാൽ അമേരിക്ക, ക്യാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ പ്രവേശനം  നേടിയവർക്ക് 2021 ജനുവരി ഫെബ്രുവരി സെമസ്റ്റർ തെരഞ്ഞെടുക്കാം.

13.    വിദേശ പഠനത്തിന് ശ്രമിക്കുന്നവർ രണ്ട്  സെമസ്റ്റർ നീക്കിവെക്കുന്നതാണ് നല്ലത്.

14.     ജിആർഇ, ജിമാറ്റ്‌, ഐഇഎൽടിഎസ്‌ തുടങ്ങിയ  പരീക്ഷ പൂർത്തിയാക്കിയവർക്ക് സ്കോറിന്റെ  കാലയളവ് തീരുന്നതിന് മുമ്പ് അഡ്മിഷന് ശ്രമിക്കാം. അഡ്മിഷൻ ലഭിച്ചാൽ ഒരു വർഷത്തേക്ക് കോളേജ് പ്രവേശനം നീട്ടിവെക്കാം.

15.    പുതുതായി വിദേശത്ത് പഠിക്കാൻ പോകുന്നവർ ഒരു വർഷത്തെ തയ്യാറെടുപ്പ് ഇപ്പോൾ തുടങ്ങണം.

16.    പാർട് ടൈം തൊഴിൽ, പോസ്റ്റ് സ്റ്റഡി വർക്ക് വിസ എന്നിവ മാത്രം വിലയിരുത്തി വിദേശ പഠനത്തിന് ശ്രമിക്കരുത്.

17. പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളുമായി ബന്ധപ്പെടാൻ ശ്രമിക്കണം.

18. നിർബന്ധമായും ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്തണം.

19.     കോവിഡ് ബാധയ്ക്കു മുമ്പ് നാട്ടിലെത്തിയ വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെട്ട് ഓൺലൈൻ ട്യൂട്ടോറിയൽ പഠനത്തിലേർപ്പെട്ടാൽ മതി. കൊറോണ വ്യാപന സമയത്ത് തിരിച്ച്പോകാൻ ശ്രമിക്കരുത്.

20. സ്റ്റുഡന്റ് വിസ, വർക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ് എംബസ്സികളുമായി ഓൺലൈനിൽ ബന്ധപ്പെടാം.

21.     ഇമിഗ്രേഷൻ, ബിരുദദാനം എന്നിവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന തീയതികളും നീട്ടിയിട്ടുണ്ട്.

22. വിസ, ഇന്റർവ്യൂ തീയതി ലഭിച്ചവർ എംബസ്സികളുമായി  ബന്ധപ്പെട്ട്  നീട്ടിവെയ്ക്കാൻ ശ്രമിക്കണം.     ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്സ്, ജർമ്മനി, ഇറ്റലി, ലിത്വാനിയ, നെതർലാന്റ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്‌, യു.കെ. എന്നീ രാജ്യങ്ങൾ അഡ്മിഷൻ കാലയളവ് ദീർഘിപ്പിച്ചിട്ടുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top