19 April Friday

എന്തായിരിക്കണമെന്റെ മുന്‍ഗണന?

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Wednesday Mar 1, 2017

ഒരാളുടെ ജീവിതത്തിലെ സഫലമാകുന്ന വളര്‍ച്ചയോട് ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന ഘടകമാണ് ആ വ്യക്തി അതാത്  സന്ദര്‍ഭങ്ങളില്‍ കണ്ടെത്തുകയും പരിഗണിക്കുകയും ചെയ്യുന്ന മുന്‍ഗണന (priority) കള്‍.  ഓരോ ഘട്ടത്തിലും പ്രാധാന്യം നല്‍കേണ്ട കാര്യമെന്ത് എന്നതാണ് മുന്‍ഗണനാ തെരഞ്ഞെടുപ്പിലെ പ്രസക്തമായ വസ്തുത.  മുന്‍ഗണനകള്‍ വ്യക്തിയുടെ പ്രായം, കഴിവുകള്‍, ധര്‍മങ്ങള്‍ (Functions), സാമൂഹ്യപദവി, സ്വപ്നം, ലക്ഷ്യം തുടങ്ങിയ പല ഘടകങ്ങളോടും ബന്ധപ്പെട്ട് കിടക്കുന്നു.

സംസ്ഥാനതല പ്രവേശനപരീക്ഷയില്‍ സാമാന്യം നല്ല റാങ്ക് കിട്ടിയ യുവാവ് കേരളത്തിലെ ഭേദപ്പെട്ട ഒരു എന്‍ജിനിയറിങ് കോളെജില്‍ ബിടെക്കിന് ചേര്‍ന്നു. മധ്യവര്‍ഗ കുടുംബത്തില്‍പ്പെടുന്ന അയാള്‍ മാതാപിതാക്കളുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്നു. അയാളുടെ കുടുംബത്തില്‍നിന്ന് ആദ്യമായൊരാള്‍ എന്‍ജിനിയറിങ് പഠനത്തിന് ചേരുകയായിരുന്നു. സെയില്‍സ്മാനായിരുന്ന പിതാവും കുടുംബിനിയായ മാതാവും അവന്‍ ചേര്‍ന്ന തെക്കന്‍ കേരളത്തിലെ കോളെജും ഹോസ്റ്റലുംസന്ദര്‍ശിച്ചിരുന്നു. അധ്യാപകരെ കണ്ടിരുന്നു. ഹോസ്റ്റല്‍ സുഹൃത്തുക്കളെ പരിചയപ്പെട്ടിരുന്നു. ആദ്യമൊക്കെ അയാള്‍ ശനി, ഞായര്‍ അവധി ദിനങ്ങളില്‍ വീട്ടിലെത്തുമായിരുന്നു. അതു കുറഞ്ഞതിനുള്ള ന്യായീകരണം, പഠിക്കാനൊരുപാടുണ്ട് എന്നതായിരുന്നു.

ഇടയ്ക്കിടെ പരീക്ഷകളുണ്ടെന്നും അയാളറിയിച്ചു. അഞ്ചാറ് മാസം കഴിയുന്നതോടെ, അവന്റെ വേഷത്തിലും പെരുമാറ്റത്തിലും ചെറിയ മാറ്റങ്ങളുണ്ടായി. പരീക്ഷാക്കാര്യങ്ങളറിയിക്കാതായി. ഫോണ്‍ എടുക്കാത്ത ദിവസങ്ങള്‍ ഉണ്ടായി. ആദ്യത്തെ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷാഫലം വന്നപ്പോള്‍ അയാളറിയിച്ചത് ഒരു ബാക്ക് പേപ്പറേ തനിക്കുള്ളൂ എന്നായിരുന്നു. മൂന്നാംവര്‍ഷം കോളെജില്‍നിന്ന് അധ്യാപകര്‍ വന്ന് കാണാന്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ കുഴമറിഞ്ഞത് മനസ്സിലാക്കിയത്. ഹോസ്റ്റല്‍മുറിയില്‍വച്ച് കഞ്ചാവുപയോഗിച്ചതിനും പരീക്ഷകള്‍ എഴുതാത്തതിനും മോശപ്പെട്ട ഹാജര്‍നില കണ്ടും കോളേജ് അധികൃതര്‍ അയാള്‍ക്ക് ടിസി നല്‍കി കോളെജില്‍നിന്ന് പുറത്താക്കി. രക്ഷിതാക്കള്‍ക്ക് അത് കനത്ത ആഘാതമായിരുന്നു. താങ്ങാനാവാത്ത ദുരന്തമായിരുന്നു. കൌണ്‍സലിങ് മുറിയില്‍വച്ച് വെളിപ്പെട്ട കാര്യങ്ങള്‍ പലതായിരുന്നു.

1). രണ്ടു വര്‍ഷക്കാലമായി അയാള്‍ കഞ്ചാവ് വലിക്കുന്നു. ഏറെക്കുറെ കഞ്ചാവിന് കീഴ്പ്പെട്ടിരിക്കുന്നു.
2). ക്ളാസ്സില്‍ കയറാറില്ല. അറ്റന്‍ഡന്‍സ് തീരെയില്ല.
3). വായിച്ചിട്ടോ പറഞ്ഞുകേട്ടിട്ടോ പഠിക്കുന്ന വിഷയം ഒന്നും മനസ്സിലാവുന്നില്ല.
4). കടുത്ത ദേഷ്യവും സങ്കടവും ചിലപ്പോള്‍ പരസ്യമായി പ്രകടിപ്പിക്കുന്നു. വഴക്കുണ്ടാക്കുന്നു.
5). മൂന്നു വര്‍ഷക്കാലത്തെ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഇരുപതിലധികം പേപ്പറുകള്‍ക്ക് അയാള്‍ തോറ്റിരുന്നു.
6). ആ കോളെജില്‍ തുടര്‍ന്ന് പഠിക്കാന്‍ സാധ്യമല്ലാതായി.
ചെറുപ്പക്കാരന് സംഭവിച്ച ദുരന്തങ്ങളിലെ പ്രധാനഘടകം മയക്കുമരുന്നിനോടുള്ള വിധേയത്വമായിരുന്നു. മറ്റു കാര്യങ്ങളൊക്കെയും കഞ്ചാവിനോടുള്ള വിധേയത്വം കാരണം ഉണ്ടായതാണെന്നറിയാന്‍ പാടുപെടേണ്ടി വന്നില്ല. കോളെജില്‍ ചേര്‍ന്ന് നാലാമത്തെ മാസം അയാള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദത്താല്‍ കഞ്ചാവുപയോഗിച്ച് തുടങ്ങി. ഒരുകൊല്ലം കൊണ്ട് മയക്കുമരുന്നിന് കീഴടങ്ങുകയും ചെയ്തു. അയാള്‍ക്ക് കഞ്ചാവില്ലാതെ ജീവിക്കാന്‍ പറ്റാതായി. അയാളുടെ ദുരന്തം കുടുംബത്തിലുള്ള സര്‍വരെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അയാളുടെ പ്രശ്നങ്ങളുടെ തുടക്കം വിദ്യാര്‍ഥി- മകന്‍ എന്നീ നിലകളില്‍ അനുവര്‍ത്തിക്കേണ്ടിയിരുന്ന മുന്‍ഗണനകള്‍ തെറ്റിപ്പോയതുകൊണ്ടായിരുന്നു.

എന്തുകൊണ്ട് മുന്‍ഗണന?

ഒരാളുടെ ജീവിതത്തിലെ സഫലമാകുന്ന വളര്‍ച്ചയോട് ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന ഘടകമാണ് ആ വ്യക്തി അതാത് സന്ദര്‍ഭങ്ങളില്‍ കണ്ടെത്തുകയും പരിഗണിക്കുകയും ചെയ്യുന്ന മുന്‍ഗണന (priority) കള്‍. ഓരോ ഘട്ടത്തിലും പ്രാധാന്യം നല്‍കേണ്ട കാര്യമെന്ത് എന്നതാണ് മുന്‍ഗണനാ തെരഞ്ഞെടുപ്പിലെ പ്രസക്തമായ വസ്തുത. മുന്‍ഗണനകള്‍ വ്യക്തിയുടെ പ്രായം, കഴിവുകള്‍, ധര്‍മങ്ങള്‍ (Functions), സാമൂഹ്യപദവി, സ്വപ്നം, ലക്ഷ്യം തുടങ്ങിയ പല ഘടകങ്ങളോടും ബന്ധപ്പെട്ട് കിടക്കുന്നു. വ്യക്തി ഭിന്നമായിരിക്കും മുന്‍ഗണനകള്‍. ഒരേ സാമൂഹ്യപദവിയില്‍ നില്‍ക്കുന്ന രണ്ടുപേര്‍ക്ക് ഒരു സന്ദര്‍ഭത്തില്‍ ഒരൊറ്റ മുന്‍ഗണനയായിരിക്കണമെന്നില്ല. ഒരേ സ്വപ്നങ്ങളോ ഒരേ ലക്ഷ്യമോ ആയിരിക്കില്ല; സയാമിസ് ഇട്ടകള്‍ക്കുപോലും. എന്നാല്‍ ജീവിതത്തിലെ ഘട്ടങ്ങളോ പ്രായമോ ചില പൊതുഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും വ്യക്തിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ആര്‍ക്കും ചില പൊതുമുന്‍ഗണനകള്‍ രൂപംകൊള്ളുന്നു. ഒരു കൊച്ചുകുട്ടിയുടെ പ്രധാന മുന്‍ഗണന കളിയും കളിയിലൂടെയുള്ള സാമൂഹീകരണവുമാണെന്ന് കാണാന്‍ കഴിയുന്നു. എന്നാല്‍ കുട്ടി വിദ്യാഭ്യാസത്തിന് ചേര്‍ന്നുകഴിയുന്നതോടെ പ്രധാന മുന്‍ഗണന പഠനവും പഠനത്തിലൂടെയുള്ള സാമൂഹീകരണവും (Socialisation) ആണെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. പഠനകാലത്ത് ലക്ഷ്യങ്ങങ്ങള്‍ പലതുമാകുമ്പോള്‍ പ്രധാന ലക്ഷ്യം വ്യക്തിയില്‍നിന്ന് മെല്ലെ വേറിട്ട് പോകുന്നു. അത് വ്യക്തിയുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്.

ഡോ. ഷക്കീല്‍

ഡോ. ഷക്കീല്‍



മുന്‍ഗണന ലക്ഷ്യമായി മാറുമ്പോള്‍

പ്ളസ്വണ്‍ ക്ളാസ്സില്‍ പഠിക്കുന്ന ഒരാണ്‍കുട്ടിക്ക് ഉണ്ടായ അനുഭവം കുറിക്കാം.
പ്ളസ്വണ്‍ സയന്‍സ് ഗ്രൂപ്പിലാണ് അവന്‍ പഠിക്കുന്നത്. മിടുക്കനായ വിദ്യാര്‍ഥി. വീട്ടുകാരുടെയും അധ്യാപകരുടെയും പ്രതീക്ഷ. പ്ളസ്വണ്ണിന് ചേര്‍ന്നപാടെ അവന്‍ തന്റെ പ്രധാന ലക്ഷ്യമായ ഐഐടി അഡ്മിഷന്  വേണ്ടി ശ്രമിച്ചുതുടങ്ങി. മൂന്ന് മാസത്തിനുള്ളില്‍ അവന്‍ ക്ളാസിലുള്ള ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലായി. പ്രേമം പലതും ഒരു വ്യക്തിയില്‍നിന്ന് ആവശ്യപ്പെടുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് സ്നേഹിക്കുന്നവര്‍ പരസ്പരം അനുവദിച്ചുകൊടുക്കുന്ന സമയം. പ്രേമിക്കുന്ന പെണ്‍കുട്ടിക്ക് കാണാനും കേള്‍ക്കാനും അവന്‍ സമയം നല്‍കി. അതൊരാവേശത്തിന്റെ സമയമായി മാറി. ക്ളാസുകളില്‍ പോവാതെ അവര്‍ സംസാരിച്ചിരുന്നു. വൈകുന്നേരം വൈകാവുന്നത്ര നേരം അവര്‍ കണ്ടിരുന്ന് സംസാരിക്കാന്‍ ചെലവഴിച്ചു. വീട്ടിലെത്തിയാല്‍ മൊബൈല്‍ വഴി സന്ദേശങ്ങളയച്ചു. പാതിരാത്രി എല്ലാവരുമുറങ്ങിയാല്‍ അടച്ചിട്ട മുറിയില്‍ കിടന്ന് പ്രഭാതം പൊട്ടിവിടരുംവരെയും ഫോണില്‍ സംസാരിച്ചു. രാവിലെയെഴുന്നേറ്റപാടെ സന്ദേശങ്ങള്‍ കൈമാറി. ദിവസത്തിന്റെ സിംഹഭാഗവും അവര്‍ ഇതിനൊക്കെ ചെലവഴിച്ചു. രാത്രി ഉറക്കം നഷ്ടപ്പെടുന്നതിനാല്‍ പകല്‍ ക്ളാസ്സിലിരുന്ന് ഉറങ്ങി. പലപ്പോഴും ക്ളാസുകള്‍ കട്ട് ചെയ്തു. പരീക്ഷക്ക് പഠിക്കാന്‍ പറ്റാതായി. ക്ളാസ്ടെസ്റ്റുകളില്‍ തോറ്റു. ഒടുവില്‍ പ്ളസ്വണ്‍ പരീക്ഷകള്‍ക്ക് ഇരിക്കാന്‍ കഴിഞ്ഞില്ല. പഠനം എന്ന അവന്റെ മുന്‍ഗണന കൈയൊഴിഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ ജീവിതത്തെ ആകെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തു.

പൊതുവെ, വിദ്യാര്‍ഥിയായിരിക്കുന്ന കാലം, പ്രാധാന്യം കൊടുക്കേണ്ടത് പഠനത്തിനാണ്. പഠനത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരാള്‍ മറ്റ് മുന്‍ഗണനകളെ തല്‍ക്കാലം ഉപേക്ഷിക്കുന്നു. യാഥാര്‍ഥ്യബോധത്തോടെ തന്റെ പ്രധാന മുന്‍ഗണനകള്‍ തിരിച്ചറിയുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. തന്റെ പ്രധാന മുന്‍ഗണനയെ കൈവിടാതെ, അതിന്റെ സഫലീകരണത്തിന് ശ്രമിക്കുന്നവരാണ് ജീവിതത്തില്‍ മഹത്തായ നേട്ടങ്ങളുണ്ടാക്കുന്നത്.

ഡോ. ഷക്കീലിനെ പരിചയപ്പെടുക: കണ്ണൂര്‍ക്കാരനായ ഷക്കീല്‍ കോഴിക്കോട് ഹോമിയോ കോളെജില്‍ വിദ്യാര്‍ഥിയായി. ബിഎച്ച്എംഎസ് പഠനകാലത്ത് ഷക്കീലിന് മുന്‍ഗണന നല്‍കേണ്ടിയിരുന്നത് ബിരുദം നേടുക എന്നതില്‍ മാത്രമായിരുന്നു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ ഷക്കീലിനെ തന്റെ പ്രധാന ലക്ഷ്യം സഫലീകരിക്കുന്നതില്‍ തടസ്സമായില്ല. ഷക്കീല്‍ നന്നായി പ്രസംഗിക്കുമായിരുന്നു. പ്രസംഗമത്സരങ്ങളില്‍ ഷക്കീല്‍ പങ്കെടുത്തിരുന്നത് അംഗീകാരം നേടുന്നതിനേക്കാളേറെ സമ്മാനത്തുക കരസ്ഥമാക്കാനായിരുന്നു. പഠിക്കാന്‍ സ്വന്തമായി കണ്ടെത്തിയ വഴിയായിരുന്നു മത്സരങ്ങളിലെ വിജയം. അപ്പോഴൊക്കെയും ഷക്കീലിന്റെ ഉള്ളില്‍ ഒരു മോഹമുണ്ടായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസ്സുകാരനാവണം. തന്റെ മുന്‍ഗണനയുടെ പ്രാധാന്യമറിഞ്ഞ ഷക്കീല്‍ സിവില്‍ സര്‍വീസ് പരീക്ഷക്കൊരുങ്ങാന്‍ തുടങ്ങി. ഡോക്ടറായി ജോലിയെടുത്തത് പ്രധാനമായും പ്രവേശനപ്പരീക്ഷക്ക് പഠിക്കാനുള്ള ചെലവ് കണ്ടെത്താനായിരുന്നു. പരിശീലനം നല്‍കുന്ന മാഹിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ ഷക്കീല്‍ പരമാവധി പ്രയോജനപ്പെടുത്തി. സിവില്‍ സര്‍വീസ് പരീക്ഷക്ക് ഒരുങ്ങുന്നവരുമായി ആശയവിനിമയം നടത്തി. അക്കാലത്ത് ഐഎഎസ്സോ ഐപിഎസ്സോ നേടിയവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിച്ചു.

അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തന്റെ വിജയത്തിന് സഹായകരമാവുമെന്നറിഞ്ഞ ഷക്കീല്‍ ആയിടെ ഐഎഎസ് നേടിയ ഡോ. വി വേണുവിനെ കാണാനൊരു ശ്രമം നടത്തി. സഫലമായില്ല. തന്റെ മുന്‍ഗണന ഡോ. വി വേണുവിനെ കാണുകയെന്നതാണെന്ന് ഉറപ്പിച്ചപ്പോള്‍ അതിനുള്ള വഴി തേടാന്‍ തുടങ്ങി. ആരോ പറഞ്ഞ് വേണുവിന്റെ  കല്യാണമുണ്ടെന്നറിഞ്ഞു. കല്യാണത്തോട് ചേര്‍ന്ന് റിസപ്ഷന്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍വച്ച് നടക്കുന്നുണ്ടെന്നറിഞ്ഞ ഷക്കീല്‍ ഒരു കൊച്ചു ഉപഹാരവുമായി കല്യാണഹാളിലെത്തി. താന്‍ വിളിക്കപ്പെടാത്ത അതിഥിയാണെന്നും താങ്കളെ കാണാന്‍ മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ഇവിടെയെത്തിയതെന്നും മെല്ലെ അറിയിച്ചു. തനിക്ക് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ താങ്കളുടെ സഹായം വേണമെന്നഭ്യര്‍ഥിക്കുകയും ചെയ്തു. (തന്റെ ഹണിമൂണ്‍ കഴിഞ്ഞിട്ട് സഹായിച്ചാല്‍ മതിയോ എന്ന് ഡോ. വി വേണു ചോദിച്ചതായി പറയപ്പെടുന്നു!) വേണുവിന്റെ സഹായം പിന്നീട് ഷക്കീലിന് ഐഎഎസ്  നേടാന്‍ പ്രയോജനപ്പെടുകയും ചെയ്തു. ആസാം-മേഘാലയ കേഡറില്‍ 1995ല്‍ ഐഎസ്സുകാരനായി ജോലിയില്‍ പ്രവേശിച്ച ഷക്കീല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എംഡിയായി ജോലി നോക്കുന്നു. ഇതിനുമുമ്പ് മോസ്കോയില്‍ ടീബോര്‍ഡ് ഡയറക്ടറായും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. സമര്‍ഥരായ ഐഎഎസ്സ് ഉദ്യോഗസ്ഥരിലൊരാളാണ് ഷക്കീല്‍.(drshakilp@gmail.com
മൊബൈല്‍: 9013330019).

മുന്‍ഗണന ഏതെന്നറിയാന്‍

മുന്‍ഗണനയേതെന്ന് ചിലര്‍ക്ക് കണ്ടെത്താന്‍ എളുപ്പം കഴിയാറില്ല. ലക്ഷ്യം വ്യക്തമായി തീരുമാനിക്കുന്നവര്‍ക്കാണ് മുന്‍ഗണന നിശ്ചയിക്കാനാവുക. ലക്ഷ്യം സ്വപ്നത്തോട് ചേര്‍ന്നുകിടക്കുന്നു. ലക്ഷ്യം അഭിരുചികളോടും ബന്ധപ്പെട്ടിട്ടുണ്ടാവും. താല്‍പ്പര്യങ്ങള്‍, കഴിവുകള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആത്മപരിശോധന സാധാരണരീതിയില്‍ അഭിരുചിയറിയാന്‍ സഹായിച്ചേക്കും. അഭിരുചി തിരിച്ചറിയാത്ത പലരും ഏതെങ്കിലും വിഷയമോ കോഴ്സോ പഠിക്കുന്നു. മുന്‍ഗണന തെറ്റുന്നത് ജീവിതത്തിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. അഭിരുചിയില്‍ വ്യക്തമായ ധാരണയില്ലാത്ത ഒരു വ്യക്തിക്ക് തൊഴില്‍ നേടുന്നതിലും അബദ്ധം പിണയാനിടയുണ്ട്. അവര്‍ ഏതെങ്കിലും ഒരു ജോലിയില്‍ പ്രവേശിക്കുന്നു. തൃപ്തികരമായിരിക്കില്ല ശിഷ്ടജീവിതം. അധികം വൈകാതെ ചിലര്‍ തൊഴില്‍ മാറുന്നു. ഒന്നിലും കാര്യമായ വളര്‍ച്ചയോ പുരോഗതിയോ സ്വരൂപിക്കാനാവാത്ത പലരെയും കാണാനാവും. മുന്‍ഗണന അഭിരുചിയോടിണങ്ങുമ്പോള്‍, ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ ഊര്‍ജമാവുമ്പോള്‍, ഏതു തരത്തിലുള്ള പുരോഗതിയാണ്, നേട്ടങ്ങളാണ് തനിക്ക് ഏറ്റവും അഭികാമ്യം എന്ന് കണ്ടെത്താനാവും. തൊഴില്‍ നേടുന്നയാള്‍ തന്റെ വളര്‍ച്ച ഏതുവിധമാകണമെന്നും തീരുമാനിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു മാധ്യമ പ്രവര്‍ത്തകനോ പ്രവര്‍ത്തകയോ ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക് മാറുന്നു. ദിനപത്രത്തില്‍നിന്ന് ചാനലിലേക്ക് നീങ്ങുന്നു. ഈ സ്ഥാപനങ്ങളുടെ തലപ്പത്ത് അയാളെത്തണമെന്നില്ല. തിരശ്ചീനമായ (Horizontal)  സ്ഥാനലബ്ധിയാണ് മുന്‍ഗണന വ്യക്തമല്ലാത്തയാളുകള്‍ക്ക് പലപ്പോഴുമുണ്ടാവുക. പഠനത്തിലും ഇത് കാണാറുണ്ട്. ബിഎസ്സി ഫിസിക്സിന് പഠിക്കുന്നു. അതുകഴിഞ്ഞ് ബിഎഡിന് ചേരുന്നു. ബിഎഡ് കഴിയുമ്പോള്‍ എംഎ കൂടിയായാലെന്ത് എന്ന വിചാരത്തില്‍ ഒരു കോഴ്സിന് പഠിക്കുന്നു. എംഎ കഴിയുമ്പോള്‍ മറ്റൊരു ബിരുദാനന്തരബിരുദം കൂടിയായാലെന്ത് എന്ന് സംശയിക്കുന്നു. പഠിക്കുന്നു. മുന്‍ഗണനകള്‍ തീരുമാനിക്കുന്നത് പ്രത്യേകിച്ചൊരു പ്ളാനിന്റെ അടിസ്ഥാനത്തിലല്ല.

ചിലരാവട്ടെ മുന്‍ഗണനകള്‍ തീരുമാനിക്കുന്നത് അടിത്തട്ടില്‍ നിന്ന് ഓരോ പടികളായി കയറി ഉദ്യോഗസ്ഥശ്രേണിയുടെ ഉന്നതങ്ങളിലെത്താനാണ്. ലംബമായ (Vertical)പുരോഗതിക്കനുസൃതമായ മുന്‍ഗണനയായിരിക്കും അവര്‍ നല്‍കുക. ഒരു ക്ളര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നയാള്‍, വിദൂരവിദ്യാഭ്യാസ പരിപാടിയിലൂടെ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടുന്നു. എംബിഎ പഠിച്ച്  ഫാഷന്‍ ഡിസൈനിങ്ങില്‍ സ്പെഷല്‍ കോഴ്സ് ചെയ്ത് ക്ളര്‍ക്കിന്റെ സ്ഥാനത്തുനിന്ന് ഒരു വകുപ്പിന്റെ മാനേജരായിത്തീരുന്നതിങ്ങനെയാണ്. പഠനത്തില്‍ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ ബിരുദാനന്തര ബിരുദം നേടി, സ്കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉന്നതസ്ഥാനത്തെത്തിയ ഒരാളെ ലംബമായ പുരോഗതിയിലൂടെ വളര്‍ച്ച നേടിയയാളാണെന്ന് പറയാം.

മുന്‍ഗണനയില്‍ നിന്നുള്ള ആസൂത്രണം

മുന്‍ഗണന തീരുമാനിക്കുമ്പോള്‍ ഒരു വ്യക്തിക്ക് ജീവിതപുരോഗതിയുടെ തെളിമയാര്‍ന്ന രൂപരേഖയുണ്ടാക്കാനാവുന്നു. ഇതിന് തന്നെക്കുറിച്ചുള്ള വിലയിരുത്തലാണ് ആദ്യം ആവശ്യമായി വരുന്നത്. ആത്മപരിശോധനയില്‍ തന്റെതന്നെ ഉള്ളം കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഏകാന്തവേളകള്‍ സ്വയം അപഗ്രഥിക്കുന്നതിനും ആത്മപരിശോധന നടത്തുന്നതിനും അവസരം നല്‍കുന്നു. ഒരാള്‍ക്ക് അയാളെത്തന്നെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ശ്രമങ്ങളില്‍നിന്ന് തന്റെ വ്യക്തിത്വത്തിന് ഇണങ്ങിയ മുന്‍ഗണനകളെയും അതിന്റെ അടിസ്ഥാനത്തില്‍ ശരിയായ ആസൂത്രണവും ചെയ്യാനാവും. മുന്‍ഗണനയറിഞ്ഞുള്ള വളര്‍ച്ചയ്ക്കുതകുന്ന രൂപരേഖ അനിശ്ചിതത്വങ്ങളെ ഇല്ലാതാക്കുന്നു. അവയെ മാറാല കണക്കെ തൂത്തെറിയാനാവുന്നു. ലക്ഷ്യമില്ലാതെയുളള അന്വേഷണം മുന്‍ഗണനകള്‍ കണ്ടെത്താന്‍ സഹായിക്കുന്നില്ല. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവാത്ത വ്യക്തിയും ഉചിതമായ മാര്‍ഗം കണ്ടെത്തുന്നില്ല.
മുന്‍ഗണനയനുസരിച്ച് ജീവിതപദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ വളര്‍ച്ച സുഗമമായിത്തീരുന്നു. എന്നാല്‍ ഉടനെ നേടേണ്ടതും കുറേക്കഴിഞ്ഞുണ്ടാവേണ്ടതും വേര്‍തിരിച്ചറിയാന്‍ കഴിയണം. ഉടനടി വേണ്ടതേതെന്നും പ്രധാനപ്പെട്ടതേതാണെന്നും വേര്‍തിരിച്ചറിയുന്നവര്‍ക്ക് കാലപരിഗണനയോടെ ഉചിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാവും. ചൈനീസ് പഴമൊഴി മാര്‍ഗദര്‍ശനമാകുന്നു: 'ഒരു കൊല്ലത്തേക്കാണ് നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതെങ്കില്‍ ധാന്യങ്ങള്‍ വിതയ്ക്കുക, ഒരു ദശാബ്ദ കാലത്തേക്കാണെങ്കില്‍ മരങ്ങളാണ് നടേണ്ടത്. നൂറ് വര്‍ഷത്തേക്കാണെങ്കില്‍ മനുഷ്യരെ സൃഷ്ടിക്കുക'.

മുന്‍ഗണന മറ്റുള്ളവരെ ബാധിക്കുമ്പോള്‍


ഒരാളുടെ മുന്‍ഗണന തെറ്റുന്നത് ആ വ്യക്തിയെ മാത്രമല്ല ബാധിക്കുക. ആ വ്യക്തി ഉള്‍ക്കൊള്ളുന്ന സംഘത്തെയും അത് കുത്തിമറിച്ചിടുന്നു. ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ കീഴടങ്ങുന്നത് അയാളുടെ കുടുംബത്തെയും അയല്‍പക്കത്തെയും സമുദായത്തെയും മൊത്തത്തില്‍ സമൂഹത്തെയും ബാധിക്കുന്നുണ്ട്. ലഹരിപദാര്‍ഥ വിധേയത്വം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വാസ്ഥ്യം കെടുത്തുന്നു. ഒരാള്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുകയും അതിനായി കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അത് ആ വ്യക്തിയുടെ മാത്രം വിജയത്തിനല്ല കാരണമാക്കുന്നത്. അത് കുടുംബത്തിന്റെ ആഹ്ളാദമായി മാറുന്നു. സമൂഹത്തിന്റെ പുരോഗതിയുടെ ചാലകശക്തിയായി മാറുന്നു. അധഃസ്ഥിതിയില്‍പെട്ട ഒരു കുടുംബം സാമൂഹികശ്രേണിയില്‍ ഉന്നത പദവിയിലെത്താന്‍ ആ കുടുംബത്തിലെ ഒരംഗത്തിന്റെ പദവിമാറ്റം കൊണ്ട് കഴിയും. ആ വ്യക്തിയുടെ മുന്‍ഗണന കുടുംബത്തിന്റെയും മുന്‍ഗണനയായി മാറുന്നു എന്നതാണ് വസ്തുത.
കെ മനോജ്കുമാര്‍

കെ മനോജ്കുമാര്‍



ഫാറൂഖ് കോളെജില്‍ പഠിച്ച പേരാമ്പ്രക്കാരനായ കെ മനോജ്കുമാര്‍ ഇന്ന് അഹമ്മദബാദിലെ സെന്‍ട്രല്‍ ഹ്യൂമന്‍ റിസോര്‍സസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഇന്‍ഫ്ളിബ്നെറ്റ് എന്ന ദേശീയ സ്ഥാപനത്തില്‍ സീനിയര്‍ സയിന്റിസ്റ്റാണ്. ഇന്‍ഫ്ളിബ്നെറ്റിന്റെ താല്‍ക്കാലിക ഡയറക്ടറുടെ ചുമതലയും ഇപ്പോള്‍ മനോജ്കുമാറിനാണ്. ഫാറൂഖ് കോളെജില്‍ ബിഎസ്സി കെമിസ്ട്രിക്ക് പഠിക്കുമ്പോള്‍ത്തന്നെ കലാസാഹിത്യരംഗത്തും സേവനരംഗത്തും മനോജ്കുമാറുണ്ടായിരുന്നു. എംഎസ്സി കെമിസ്ട്രിക്ക് പഠിക്കുമ്പോഴാണ് മനോജ് തന്റെ വഴി കമ്പ്യൂട്ടര്‍ പഠനമാണെന്നറിഞ്ഞത്, മുന്‍ഗണന മറ്റൊന്നിനല്ല നല്‍കേണ്ടതെന്നും. കോളെജ് ഓഫ് എന്‍ജിനിയറിങ് തിരുവനന്തപുരത്ത് (CET)  എംസിഎക്ക് ചേര്‍ന്നു. കോഴിക്കോട്ട് എല്‍ബിഎസ്സിലാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. വണ്ടൂരിലെ എല്‍ബിഎസ് സെന്റര്‍ തുടങ്ങുന്നത് മനോജ്കുമാറിന്റെ നേതൃത്വത്തിലാണ്. പിന്നീട് കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലും ബിഹാറിലെ കോള്‍ ഇന്ത്യയിലും കോഴിക്കോട് സിഇഡിറ്റിയിലും ഐഐഎമ്മിലും ജോലിചെയ്തു. തന്റെ തട്ടകം കമ്പ്യൂട്ടര്‍ ലോകവും വിവരസാങ്കേതിക വിദ്യയുമാണെന്നറിയാമായിരുന്ന മനോജ് ഇന്‍ഫ്ളിബ്നെറ്റില്‍ സയിന്റിസ്റ്റായി ചേരുകയായിരുന്നു. അഹമ്മദാബാദിലെ സാമൂഹ്യക്ഷേമ-കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളി സമാജത്തിലൂടെ നേതൃത്വം കൊടുക്കുന്ന മനോജ്, വഴിതെറ്റാത്ത തന്റെ മുന്‍ഗണനാക്രമത്തിലൂടെ കുടുംബത്തിനും പേരാമ്പ്രക്കും പഠിച്ച സ്ഥാപനങ്ങള്‍ക്കും യശസ്സേറ്റിയിരിക്കുന്നു. ഇന്‍ഫ്ളിബ്നെറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ്കുമാറിന് 2011ല്‍ ദേശീയാംഗീകാരം കൂടി ലഭിച്ചിരിക്കുന്നുവെന്നത് നേട്ടങ്ങള്‍ക്ക് പൊലിമ കൂട്ടുന്നു.(manoj@inflibnet.ac.in 
മൊബൈല്‍: 9376134222)
(nphafiz@gmail.com
മൊബൈല്‍: 9847553763)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top