25 April Thursday

വിവരം കെട്ടവരും വിവരം നേടുന്നവരും

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Wednesday Feb 1, 2017

ജീന്‍- ജാക്വസ് അനൌഡ് സംവിധനം ചെയ്ത  ഫ്രഞ്ച്- കനേഡിയന്‍ സംരംഭമായ 'ക്വസ്റ്റ് ഫോര്‍ ഫയര്‍' (1982) എന്ന ചലച്ചിത്രം ഓര്‍മയിലുണ്ട്. യാദൃശ്ചികമായി കോഴിക്കോട്ടെ ക്രൌണ്‍ തിയേറ്ററില്‍വച്ച് കണ്ട ചലച്ചിത്രം ഓര്‍മയില്‍ നില്‍ക്കുന്നത് അതിലെ  പ്രമേയം കൊണ്ടാണ്. എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭൂമിയിലൊരിടത്ത് നടന്ന സംഭവമാണ് കഥ. തീകൊണ്ട് ഭക്ഷണക്രമങ്ങളില്‍ മാറ്റം വന്ന കാലം. തീ കെട്ടുപോകാതെ കാത്തുസംരക്ഷിക്കുന്ന ഉലാം എന്ന ഗോത്രവര്‍ഗക്കാര്‍. ആ വിദ്യ നേടിയെടുക്കാനുള്ള മറ്റൊരു ഗോത്രവര്‍ഗക്കാരുടെ ആക്രമണം-ഇവിടെ നിന്നാണ് ചലച്ചിത്രത്തിന്റെ തുടക്കം. ഉലാം വര്‍ഗക്കാര്‍ തീ കെട്ടുപോകാതിരിക്കാന്‍ രഹസ്യമായി ശ്രമിച്ചുകൊണ്ടിരുന്നു. ആവശ്യമുള്ള സമയത്ത് തീയുണ്ടാക്കുവാനും കെടുത്തുവാനും ഉള്ള കഴിവിനായി ഗോത്രവര്‍ഗക്കാര്‍ക്കിടയിലുണ്ടായ ആക്രമണങ്ങളും ഒടുവില്‍ തീയുണ്ടാക്കുന്ന വിദ്യ കരഗതമാക്കുന്നതുമാണ് കഥ. ചുള്ളിക്കമ്പുകളും പുല്ലും ഉണങ്ങിയ കാഷ്ഠവും ഉപയോഗിച്ച് തീയുണ്ടാക്കുന്നു. പ്രധാന കഥാപാത്രം ആ വിദ്യ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്നു. ജീവിതം മാറ്റിമറിക്കുന്ന ആ അറിവ് കണ്ടെത്തിയതിലുള്ള ആഹ്ളാദം ഗോത്രക്കാര്‍ക്കിടയില്‍ നിറഞ്ഞുതുളുമ്പുന്നു. ആ ചലച്ചിത്രം ബാക്കിവച്ചിരിക്കുന്നത് രണ്ട് കാര്യമാണ്. ഒന്നാമത്തേത് ചരിത്രാതീതകാലത്തെ മനുഷ്യരുടെ ഭാഷ രൂപപ്പെടുത്തുന്നതില്‍ പങ്കാളിയായത് 'നഗ്നവാനരനെ'ഴുതിയ (The Naked Ape)  ഡസ്മണ്ട് മോറിസ് ആയിരുന്നു എന്നതാണ്. യാദൃച്ഛികമായി പേരുകള്‍ കാണിക്കുന്ന നേരം ഡസ്മണ്ട് മോറിസിന്റെ സംഭാവന രേഖപ്പെടുത്തിയ നിമിഷം കണ്ടറിഞ്ഞതിലെ ആഹ്ളാദം ഓര്‍മയിലുണ്ട്. രണ്ടാമത്തെ കാര്യം, ആ ചലച്ചിത്രം പ്രതിഫലിപ്പിക്കുന്ന കഥയുമായി ബന്ധപ്പെട്ടതാണ്. അറിവ് ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെയും അധികാരത്തിന്റെയും ഊര്‍ജമാകുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്നു. അനേകം അറിവുകളില്‍നിന്ന് ഭൂമിയില്‍ മനുഷ്യരുണ്ടാക്കിയ ആധിപത്യത്തിന്റെ രഹസ്യമാണത്. അറിവ് നേടുന്നവര്‍ വിവരമുള്ളവരും മറ്റുള്ളവര്‍ക്ക് മുന്നില്‍ അധികാരികളുമാകുന്നതിന്റെ അടയാളമാണ്   'ക്വസ്റ്റ് ഫോര്‍ ഫയര്‍' വിളംബരം ചെയ്യുന്നത്. ചലച്ചിത്രത്തില്‍ ഗോത്രവര്‍ഗക്കാരെ സാഹസകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അഗ്നിയാണ്. അഗ്നി അറിവിന്റെ പ്രതീകമാണെന്നുകൂടി കണക്കാക്കുന്നവരാണ് നമ്മള്‍. അറിവ് ലഭിക്കാത്തവര്‍ വിവരം കിട്ടാത്തവരാണ്. അവര്‍ വിവരം കെട്ടവരെന്ന് വിളിക്കപ്പെടുന്നു. വിവരം ഒരു മനുഷ്യന്റെ വ്യക്തിത്വവികാസത്തിന്റെ ആദരണീയമായ തലത്തെ വെളിപ്പെടുത്തുന്നു. അത് വളര്‍ച്ചയുടെ പ്രകാശമാണ്.

അറിവിന്‍മേലുള്ള ആധിപത്യം

മനുഷ്യര്‍ വലിപ്പംകൊണ്ടും ശക്തികൊണ്ടും മറ്റ് പല ജീവജാലങ്ങളെക്കാളും എത്രയോ താഴെയാണ്. ഭൂമിയുടെ അവകാശികളായ മറ്റ് ജീവജാലങ്ങള്‍ക്കൊക്കെയും മീതെ മനുഷ്യര്‍ ആധിപത്യമുറപ്പിക്കുന്നത് ബുദ്ധിശക്തി കൊണ്ടാണ്. ബൌദ്ധികമായ വികാസം സാധ്യമാക്കിയത് കാലാകാലമായുള്ള അറിവുകളുടെ സമ്പാദനം കൊണ്ടാണ്. മനുഷ്യര്‍ക്കിടയിലും ഉച്ചനീചത്വങ്ങളുടെ അടിത്തറകളിലൊന്ന് അറിവും അറിവില്ലായ്മയുമാണ്. ശാരീരിക ശക്തിയുള്ളവര്‍ക്കും മീതെ അറിവുള്ളവര്‍ ആധിപത്യം നേടുന്നു. വിവരം ഒരാളെ മറ്റൊരാളിന്റെ യജമാനനാക്കിത്തീര്‍ക്കുന്നു. 'വിവരം കെട്ടവര്‍' അടിമകളായി മാറുന്നു.
അധികാരത്തിലെത്തുന്നവര്‍ അറിവുകളുടെ അധിപരായി നിലനില്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചതിന്റെ ചരിത്രം എല്ലാ സമൂഹങ്ങളിലുമുണ്ടായിട്ടുണ്ട്. ആയുധപരിശീലനവും മത(വേദ)പഠനവും ചിലര്‍ കുത്തകയാക്കിവച്ചതിലെ രാഷ്ട്രീയം ഇന്ന് തിരിച്ചറിയാനാവുന്നു. കീഴാളവര്‍ഗങ്ങളെ വിജ്ഞാന സമ്പാദനത്തില്‍നിന്ന്, അറിവില്‍നിന്ന് മാറ്റിനിര്‍ത്തിയ തന്ത്രങ്ങളില്‍ നിന്നാണ് സമൂഹത്തിലെ ശ്രേണീകരണവും (Communicology) പടുത്തുയര്‍ത്തപ്പെടുന്നത്. ഗോത്രവര്‍ഗക്കാരെയും താഴ്ന്ന ജാതിക്കാരെയും ഉണ്ടാക്കിയെടുത്ത ഒരു പ്രക്രിയയുടെ പ്രധാന ഘടകവും അറിവില്‍നിന്നുള്ള എടുത്തുമാറ്റപ്പെടലാണ്.
തിരസ്കരിക്കപ്പെടുന്നവരുടെ ജീവിതം മലയാളത്തിലെ എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേശവദേവിന്റെ 'തോട്ടി' ബഹിഷ്കൃതരുടെ കഥയാണ്. അറിവുകളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു തോട്ടികള്‍. അറിവുതിരസ്കരിക്കപ്പെട്ടവരുടെ രോദനമായിരുന്നു തോട്ടി. 'വിവരമില്ലാത്തവരെ' ഭൂമിയുടെ അവകാശികളല്ലാതാക്കുകയും വിവരമുള്ളവരുടെ അടിമകളാക്കി മാറ്റുകയും ചെയ്തതിലുള്ള രോഷമാണ് തകഴിയുടെ 'രണ്ടിടങ്ങഴി'യില്‍. ജാതിവ്യവസ്ഥയില്‍ കീഴാളവര്‍ഗമനുഭവിച്ച കെടുതികളാണ് തകഴിക്ക് പറയാനുണ്ടായിരുന്നത്. എം മുകുന്ദന്റെ  'പുലയപ്പാട്ട്' കേരളത്തില്‍ നിലനിന്ന സാമൂഹ്യതിരസ്കാരത്തിന്റെ ചരിത്രരേഖയാണ്. അറിവുനേടാനുള്ള മോഹത്താല്‍ ഉയര്‍ന്ന ജാതിക്കാര്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ പരിസരത്തെത്തിയ പുലയപ്പെണ്ണിന്റെ മാറരിഞ്ഞ നാടാണ് കേരളം. അറിവ് വെളിച്ചമാണെന്ന് തിരിച്ചറിഞ്ഞ വിഭാഗങ്ങളൊക്കെയും മറ്റുള്ളവരെ എക്കാലവും ഇരുള്‍ഗുഹകളില്‍ത്തന്നെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

അറിവ്, പൌരാവകാശം


ആധുനികകാലത്ത് അറിവ് ഓരോ മനുഷ്യന്റെയും ജാതിമത വര്‍ഗാതീതമായ അവകാശമാണ്. ജനാധിപത്യവ്യവസ്ഥ അടിമത്വത്തെയും മേലാള ഭരണത്തെയും ചോദ്യം ചെയ്യുന്നത് അറിവ് സമ്പാദിക്കുന്നതില്‍ തുല്യനീതി നടപ്പില്‍ വരുത്തിക്കൊണ്ടുകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടോടെ വേരോടിയ ആധുനിക രാഷ്ട്രീയ- സാമൂഹിക വിചാരങ്ങളും പ്രയോഗങ്ങളുമാണ് വിദ്യാഭ്യാസം ഓരോ പൌരന്റെയും അനിവാര്യതയും അവകാശവുമായി കണക്കാക്കുന്നത്. അറിവുള്ളവരാകുക എന്നത് അനേകം പരസ്പരബന്ധിതമായ വിദ്യകള്‍ കരസ്ഥമാക്കുക എന്നതാണ്. വിവരമുള്ളരാകുക എന്നത് ഇന്ന് ഏതെങ്കിലുമൊരു മേഖലയില്‍ സിദ്ധാന്തവും പ്രയോഗവും പഠിക്കുക എന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് പൌരാവകാശമാണുതാനും.
ഏകലവ്യന്റെ ദുര്യോഗം ഇന്ന് ആഘോഷമല്ല, അപമാനമാണ്. ഇന്നും അറിവില്‍നിന്ന് പലരും ബഹിഷ്കരിക്കപ്പെടുന്നുണ്ട് എന്നത് നാമറിയുന്നു. ഈയിടെ വായിച്ചത്: രണ്ട് വര്‍ഷത്തെ സംഗീതപഠനം നടത്തി പാലക്കാട്ടെ സംഗീതകോളേജില്‍ ഗാനഭൂഷണം പഠനത്തിന്  സാംബവ സമുദായത്തില്‍ ജനിച്ച സുദര്‍ശനനെത്തി. പൊതുവെ ആധിപത്യ ഭാവത്തോടെ പെരുമാറ്റച്ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അന്തരീക്ഷമായിരുന്നു അവിടെ. സുദര്‍ശനനെ ക്രൂരമായി ഒതുക്കാനുള്ള ശ്രമമായിരുന്നു അധ്യാപകരുടേത്. മൂന്നാമത്തെ വര്‍ഷം ത്യാഗരാജസ്വാമികളുടെ കൃതി 'മണിമാലൈ' ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ 'സംഗീതചന്ദ്രിക' എന്നീ ഗ്രന്ഥങ്ങള്‍ ലൈബ്രറിയില്‍ നിന്ന് ലഭിക്കാന്‍ കുറെ കാത്തിരിക്കേണ്ടിവന്നു. നല്‍കാനാവാതെ വന്നപ്പോള്‍ ഒരാഴ്ചകൊണ്ട് പുസ്തകം  മടക്കിക്കൊടുക്കാന്‍ പറഞ്ഞു. പുസ്തകം നഷ്ടപ്പെട്ടു എന്ന കള്ളം പറഞ്ഞ്, അതിനുള്ള പണം അടച്ച് 'സംഗീതചന്ദ്രിക' വായിച്ചും എഴുതിയെടുത്തും പഠിക്കുകയായിരുന്നു സുദര്‍ശനന്‍.
ഇന്ന് അടൂര്‍ സുദര്‍ശനന്‍ കേരളത്തിന്റെ അഭിമാനമാണ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളെജില്‍ നിന്ന് ഗാനപ്രവീണും തൃപ്പൂണിത്തറ ആര്‍ എല്‍ വി കോളെജില്‍ നിന്ന് സംഗീതം എംഎയും വിജയിച്ച്, നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍, ബാലമുരളി കൃഷ്ണ എന്നീ ഗുരുക്കന്മാരില്‍നിന്ന് പരിശീലനം നേടി സ്വന്തമായ ആലാപനം കൊണ്ട് സംഗീതലോകത്ത് ഇടം നേടിയെടുത്തുകഴിഞ്ഞിരിക്കുന്നു ഈ കര്‍ണാടിക് സംഗീതജ്ഞന്‍. അറിവ് കൈമാറാനുള്ള വിമുഖതയെ അഭിമുഖീകരിച്ച് വിജയരഥത്തിലെത്തിയ സംഗീതജ്ഞന്‍.

മതവും അറിവ് കൈമാറ്റവും

ഇന്ത്യയിലെ മുസ്ളിങ്ങളുടെയിടയിലും മതപഠനകാര്യത്തില്‍ നേതൃത്വം ആധിപത്യം വച്ചുപുലര്‍ത്തിയിരുന്നു. മുസ്ളിങ്ങളുടെ പരമപ്രധാനമായ പുണ്യഗ്രന്ഥമാണ് ഖുര്‍-ആന്‍. അതിലിരുപക്ഷമില്ല. അല്ലാഹുവിന്റെ രചന പ്രവാചകന്‍ മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് മുസ്ളിങ്ങള്‍ കരുതുന്നു. ഒമ്പതാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തിലെ മുസ്ളിങ്ങള്‍ ഒരു പ്രബലസമുദായമായി മാറിയത്. അക്കാലത്തുതന്നെ ഖുര്‍-ആനും നബിചര്യകളുടെ സമാഹാരമായ ഹദീസും കേരളത്തിലെത്തിയിട്ടുണ്ട്. വേദഭാഷയെന്ന് കരുതപ്പെടുന്ന അറബിക് ഭാഷയും മലയാളക്കരയിലെത്തി. പക്ഷേ, അറബിക് ഭാഷയും ഖുര്‍ആന്റെ അര്‍ഥതലങ്ങളും സാധാരണ മുസ്ളിങ്ങള്‍ക്ക് അന്യമായിരുന്നു. ഖുര്‍ആനോ മറ്റ് വിശേഷഗ്രന്ഥങ്ങളോ അര്‍ഥമറിഞ്ഞ് പഠിക്കേണ്ടതില്ലെന്ന നിഷ്കര്‍ഷ മഹാഭൂരിപക്ഷത്തെ അറിവില്ലാത്തവരാക്കുകയായിരുന്നു. അതുവഴി മതാധിപത്യം ന്യൂനപക്ഷത്തിന്റെ കൈകളിലുമായിരുന്നു. അവര്‍ കൈമാറ്റം ചെയ്യുന്ന അറിവിലൊതുങ്ങിയ ആത്മീയതയും മതബോധവുമായി താഴേക്കിടയിലുള്ളവരും അല്ലാത്തവരും കഴിഞ്ഞുപോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം കഴിഞ്ഞാണ് വക്കം മൌലവി, സി എന്‍ അഹമ്മദ് മൌലവി, മുട്ടാണിശ്ശേരി കോയക്കുട്ടി മൌലവി തുടങ്ങിയവരാല്‍ മുസ്ളിങ്ങള്‍ക്കിടയിലെ അറിവിന്റെ വിപ്ളവമുണ്ടാകുന്നത്, പില്‍ക്കാലത്ത് വിദ്യാഭ്യാസ കാര്യങ്ങളിലും അറിവിന്റെ അഗ്നി പടര്‍ന്നുകേറുന്നത്. എന്നാല്‍ ദീര്‍ഘകാലം അറിവില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സമുദായ ഭൂരിപക്ഷം ഇരുള്‍മൂടിയ കാലത്തിന്റെ കറുത്ത മറുക് പേറിയാണിപ്പോഴും കഴിയുന്നത്.
ജാതീയതയുടെയോ മതത്തിന്റെയോ സാമ്പത്തിക വര്‍ഗീകരണത്തിന്റെയോ അടിസ്ഥാനത്തില്‍ അറിവ് കൈമാറാനുള്ള വിമുഖത, ഇന്ന് സാമൂഹികമായ കുറ്റകൃത്യമാണ്. പൌരാവകാശ ലംഘനമോ നിയമ നിഷേധമോ ആണ്. ഈ ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പരിസരത്ത് നിന്ന്, പഠിക്കാനും ജോലി നേടാനും വളരാനും ഉയരാനുമുള്ള ആഗ്രഹം തന്റെ  അവകാശമാണെന്ന് ഓരോ വ്യക്തിയും തിരിച്ചറിയേണ്ടതുണ്ട്. അത് ആനുകൂല്യമല്ലതാനും. വിവരം കൈമാറാതെ അടക്കിപ്പിടിച്ച് വാണ 'വിവരം കെട്ടവരു'ടെ കാലമല്ലിത്. വിവരം കൈമാറാത്തതു കൊണ്ട്, അത് ലഭിക്കാതെ പോയവരെ വിവരം കെട്ടവരെന്ന് അപഹസിച്ച നാളുകളിന്ന് പരിഷ്കൃത ലോകത്തിന് അനുയോജ്യമല്ലാതായിരിക്കുന്നു. ആവശ്യമായ അറിവ് ഒരാള്‍ക്ക് ലഭിക്കാതെ പോകുന്നതും തിരസ്കരിക്കപ്പെടുന്നതും ഒരു വികസിത ദേശത്തിന്റെ അടയാളമല്ലിന്ന്. മാത്രമല്ല, ഒരു വ്യക്തിക്ക് അറിവും കഴിവും കരഗതമാക്കാനുള്ള അനുകൂലമായ ചുറ്റുവട്ടം ഒരുക്കൂട്ടിക്കൊടുക്കുക എന്നത് സാമൂഹികമായ ഉത്തരവാദിത്വം കൂടിയാണ്. ഒരാള്‍ക്ക് സ്വപ്നാകാശത്തെ സ്വതന്ത്രസഞ്ചാരത്തിന് ആവശ്യമായ അറിവ് നല്‍കേണ്ടത് ഭരണകൂടങ്ങളുടെ കര്‍മപരിപാടിയാകുന്നതങ്ങനെയാണ്.

അറിയാനുളള മോഹം

സമുദ്രജലം കുടിച്ചുവറ്റിച്ച് സവിശേഷജലത്തിന്റെ രുചിയറിയാനുള്ള ശ്രമമല്ല ഇന്ന് വിദ്യാഭ്യാസം. കൈക്കുമ്പിളില്‍ കുറച്ച് വെള്ളമെടുത്ത് ആഴങ്ങളിലറിയാനുള്ള യത്നമാണ് അറിവുസമ്പാദനം. അതുകൊണ്ടുതന്നെ അറിയുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്,  ഒരു വ്യക്തിയോ സംഘമോ ഏത് കാര്യത്തിലാണ്/മേഖലയിലാണ് അറിവ് നേടേണ്ടതെന്ന തിരിച്ചറിവാണ്. എല്ലാമറിയുന്നതല്ല  ഇന്നിന്റെ ജ്ഞാനം. ഉചിതമായതിന്റെ ഉള്ളറിയുകയെന്നതാണ് പ്രധാനം. അറിയുന്നതിന് അനിവാര്യമായ കാര്യം എല്ലാം അറിഞ്ഞെന്നുള്ള ഭാവം കൈയൊഴികയെന്നതാണെന്ന് ജ്ഞാനികളറിയിക്കുന്നു.

ഒരു  സൂഫി കഥ


അഹങ്കാരിയായ ഒരു പഠിതാവ് ഗുരുവിനടുത്തെത്തി: 'ഗുരോ എന്നെ ശിഷ്യനായി പരിഗണിച്ചാലും'. ഗുരു ഒരു പിഞ്ഞാണക്കോപ്പയെടുത്ത് അതില്‍ കൂജയില്‍നിന്നും പാനീയമൊഴിച്ചുതുടങ്ങി. കോപ്പ നിറഞ്ഞു. ഗുരു അപ്പോഴും കോപ്പയില്‍ പാനീയം ഒഴിച്ചുകൊണ്ടേയിരുന്നു. പാനീയം പുറത്തു തുളുമ്പിയൊലിച്ചു. ശിഷ്യനാകാന്‍ വന്നയാള്‍ പറഞ്ഞു. 'ശ്രേഷ്ഠരേ, കോപ്പ നിറഞ്ഞുതുളുമ്പുന്നു'. ഗുരു പുഞ്ചിരിയോടെ പറഞ്ഞു: 'നിറഞ്ഞ കോപ്പയില്‍ പുതുതായി നിറയ്ക്കാന്‍ സാധ്യമല്ലെന്നറിഞ്ഞില്ലേ? ഒഴിഞ്ഞ മനസ്സുമായി വരുന്നവര്‍ക്കേ അറിവ് നേടാനാവൂ'.
വിദ്യാര്‍ഥികളില്‍ ഏറ്റവും തീവ്രതരമായ ആഗ്രഹമുണ്ടാവുമ്പോള്‍ പഠനം എളുപ്പമായിത്തീരുന്നു. എല്ലാമറിഞ്ഞെന്നുള്ള ഭാവമല്ല, ചിലതറിയാനുള്ള അദമ്യമായ മോഹം ഉണ്ടാവുകയെന്നതാണ് അറിവ് നേടുന്നതിലെ ആദ്യപാഠം. ഈ ആഗ്രഹമാവട്ടെ പാരമ്പര്യനിര്‍മിതിയല്ല, ജൈവശാസ്ത്രപരമായി കൈമാറുന്നതല്ല, ജന്മവാസനയുമല്ല; ഒരു വ്യക്തി ഉണ്ടാക്കിത്തീര്‍ക്കുന്ന സവിശേഷ ഘടകമാണ്. അറിയാനുള്ള ആഗ്രഹം ഒരു കുട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ചുറ്റുവട്ടത്തിന് പങ്കുണ്ട്. കുടുംബത്തിനും കൂട്ടുകാര്‍ക്കും ഗുരുജനങ്ങള്‍ക്കും അറിയാനുള്ള മോഹം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാനാവുന്നു.

എന്തറിയണം? എങ്ങനെയറിയണം?

അറിയാനുള്ള മോഹമുണ്ടെങ്കില്‍ ഒരാളറിയേണ്ടത് അത് എവിടെനിന്നെങ്ങനെ നേടാനാവുമെന്ന കാര്യമാണ്. ഇന്നലെയും ഒരു വിദ്യാര്‍ഥി ഫോണില്‍ വിളിച്ചുചോദിച്ചു: 'എനിക്ക് സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്നുണ്ട്. ഡിഗ്രിക്ക് പഠിക്കുന്ന ഞാന്‍ എങ്ങനെ എന്റെ ലക്ഷ്യം നേടിയെടുക്കും?' ഞാനവള്‍ക്ക് ഉത്തരം നല്‍കി. 'ആദ്യം സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അറിയുകയെന്നതാണ് പ്രധാനം'. അതെങ്ങനെയറിയാനാവുമെന്നായിരുന്നു അവളുടെ അടുത്ത ചോദ്യം. ഞാനവളോട് അര മണിക്കൂര്‍ സംസാരിച്ചു. അവള്‍ നന്ദിയറിയിച്ചുകൊണ്ട് പറഞ്ഞു: 'എനിക്കിനിയുമൊരുപാട് പോകാനുണ്ടെന്ന് മനസ്സിലായി'.
വിവരമറിയാന്‍ പല മാര്‍ഗങ്ങളുണ്ട്. പരമ്പരാഗതമായ മാര്‍ഗങ്ങള്‍ വായനയും അറിവുള്ളവരോടുള്ള  സമ്പര്‍ക്കവുമാണ്. അറിഞ്ഞുവച്ചത് ശേഖരിക്കാനുള്ള യത്നമാണിത് രണ്ടും. ഒരു ലേഖനമോ ഒരു പുസ്തകമോ ഒരാളിനെ മാറ്റിമറിക്കാന്‍ വഴിവച്ചേക്കും. അനുഭവങ്ങളുടെയും കണ്ടെത്തലുകളുടെയും ശേഖരമാണ് പുസ്തകം. ഓരോ വ്യക്തിക്കും അറിഞ്ഞിരിക്കേണ്ടതെന്തെന്നറിയാമെങ്കില്‍ അതു ലഭിക്കാന്‍ ഏറ്റവുമുചിതമായ പുസ്തകമേതെന്ന് മനസ്സിലാക്കാന്‍ ഇന്ന് വഴികളുണ്ട്. അറിയുന്നവരുമായുള്ള അഭിമുഖീകരണവും ചര്‍ച്ചയും അത് മനസ്സിലാക്കുന്നതിന് സഹായിക്കും. ലൈബ്രറികളില്‍നിന്ന് കാറ്റലോഗ് വഴിയോ പുസ്തകത്തിന്റെ ഉള്ളടക്കപരിശോധനയിലൂടെയോ അറിയാനാവും. ആശയവിനിമയശാസ്ത്രത്തിലുള്ള (ഇീാാൌിശരീഹീഴ്യ) എന്റെ താല്‍പ്പര്യം വളര്‍ത്തിയെടുക്കാനുതകുന്ന ഒരു ഗ്രന്ഥം കണ്ടെത്തിയത്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗ്രന്ഥാലയത്തിലെ പുസ്തക പരിശോധനയില്‍ നിന്നാണ്. ഞാന്‍ ഡയറിയില്‍ എന്റെ അറിവുകളുടെ പരിസരത്തില്‍ ഏറെ സ്വാധീനിച്ച ആ ഗ്രന്ഥത്തിന്റെ പേര് കുറിച്ചുവച്ചിരിക്കുന്നു: Looking out, Looking in. Ronald B Adle, Neil Towne, Russel F. Proctor (1978). വ്യക്തിബന്ധങ്ങളിലെ കഴിവുകളും ആശയവിനിമയത്തിലെ സഫലമാര്‍ഗങ്ങളും അറിയിച്ച ഗ്രന്ഥം. ശ്രദ്ധയോടെ കേട്ടുഗ്രഹിക്കുന്നതിന്റെ (Listening)   പ്രാധാന്യമറിയിച്ച രചന.

അറിവിന്റെ മാര്‍ഗങ്ങള്‍


ഇന്ന് വായന എളുപ്പമാക്കുന്ന വിധം സാങ്കേതികവിദ്യ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇലക്ട്രോണിക് മീഡിയ അത്രകണ്ട് വികസിച്ചിരിക്കുന്നു.  ഗൂഗ്ള്‍ സെര്‍ച്ച് മെഷീന്‍ അറിവുകളുടെ മഹാസമുദ്രം പഠനമേശക്ക് മുന്നിലെത്തിക്കുന്നു. ഏതു തിരഞ്ഞെടുക്കണം ഏത് തിരസ്കരിക്കണമെന്നതാണ് ഇന്ന് പഠിതാവിന്റെ പ്രശ്നങ്ങളിലൊന്ന്. ഇ- റീഡിങ് അത്രകണ്ട് പുരോഗമിച്ചിരിക്കുന്നു. പത്തിരുന്നൂറ് ഗ്രന്ഥങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് കൈയില്‍ കൊണ്ടുനടക്കാവുന്ന കിന്‍ഡലുകളും ടാബുകളും ആര്‍ക്കും അന്യമല്ല. ഒരു ഗ്രന്ഥമല്ല, ഗ്രന്ഥാലയം തന്നെ കൈയിലോ സഞ്ചിയിലോ കൊണ്ടുനടക്കുന്നവരാണ് ഇന്നിന്റെ വിദ്യാര്‍ഥി. അറിവ് നേടാനാശിക്കുന്നവര്‍ നവസാങ്കേതികതയുടെ ഈ സാര്‍ഥമാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സൈറ്റുകളില്‍നിന്ന് ഇന്ന് ആവശ്യമുള്ള അറിവ് പരതിയെടുക്കാനാവും. ഗവേഷണം നടത്തുന്നവരുടെ മുന്നില്‍ജെസ്റ്റോര്‍ (Jstore) പോലെയുള്ള വിവരശേഖരണക്കലവറ നല്‍കുന്ന അറിവുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്.
അറിവുള്ളവരുമായുള്ള അഭിമുഖീകരണത്തിന് ഒരാളെ എമ്പാടും സഹായിക്കാനാവും. നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ വായിച്ച് ഗ്രഹിച്ച ഒരാള്‍ക്ക് താന്‍ സ്വാംശീകരിച്ച ആശയങ്ങളും സിദ്ധാന്തങ്ങളും അറിവുകളും ലളിതമായി പകുത്തുതരാനാവും. അറിവുള്ളവര്‍ പറയുന്നതില്‍ നിന്ന് തിരഞ്ഞെടുക്കാം. വേണ്ടെന്ന് തോന്നുന്നത് തിരസ്കരിക്കാം. ഡോ. എം ജി എസ്  നാരായണന്റെയും എം ടി വാസുദേവന്‍നായരുടെയും അടുത്തിരുന്നു സംസാരിക്കുമ്പോള്‍ രണ്ട് വ്യത്യസ്ത ലോകാനുഭവങ്ങള്‍ പകുത്തുവാങ്ങാനായിട്ടുണ്ട്. എം ജി എസ് പറയുന്നത് ചിലത് വിയോജിപ്പുള്ള കാര്യമായിരിക്കും. പക്ഷേ, അത് കേട്ടിരിക്കുകയെന്നതൊരനുഭവമാണ്. ചരിത്രവും സംസ്കാരവും അപ്പോള്‍ എനിക്ക് മുന്നില്‍ ആകാശമായ് വിരിയുന്നു. എം ടി പകുത്തുനല്‍കുന്നത് കലയുടെയും സാഹിത്യത്തിന്റെയും അനന്തസാധ്യതകളാണ്, അത്ഭുതങ്ങളാണ്. വിദ്യാര്‍ഥികള്‍ പ്രഗത്ഭരായ വ്യക്തികളെ അഭിമുഖീകരിച്ചെത്തുമ്പോള്‍ അവര്‍ വിടര്‍ന്ന് പൂക്കളായ് മാറുന്നത് അധ്യാപകനെന്ന നിലയില്‍ പലവട്ടം അറിഞ്ഞിട്ടുണ്ട്.
സമൂഹശാസ്ത്രം പണ്ഡിതരെ മാത്രമല്ല അറിവ് സമ്പാദനത്തിന്റെ മാര്‍ഗമായി പരിഗണിക്കുന്നത്. സാധാരണക്കാരില്‍നിന്നും സാമൂഹികഭാവത്തെ തിരിച്ചറിയാന്‍ അഭിമുഖീകരണം നടത്താന്‍ മാനവിക ശാസ്ത്രങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. അവര്‍ പറയുന്നതിന്റെ ഉള്ളടക്കത്തിന്റെ അടരുകള്‍ അടര്‍ത്തിയെടുക്കാനുള്ള ഗവേഷണ മാര്‍ഗങ്ങള്‍ക്ക് രൂപകല്‍പ്പന നല്‍കിയിട്ടുണ്ട്. നാട്ടറിവും ഒരാളിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു.

ആവശ്യവും അറിവും

അറിവിന്റെ ആവശ്യമെന്ത ്എന്നത് അറിഞ്ഞിരിക്കേണ്ടതുണ്ട്. പല കാര്യങ്ങളിലും അറിവ് നേടാനുണ്ടെന്നതിനാല്‍ ഏതാവശ്യത്തിന് അറിയണമെന്നത് പ്രാധാന്യമുള്ള കാര്യമാണ്. അത് പഠനാവശ്യമാകാം. ഒരു പരീക്ഷ വിജയിക്കുന്നതിനുവേണ്ടിയാവാം. അപ്പോള്‍ പരീക്ഷയെന്തെന്നറിയണം. പരീക്ഷാരീതിയറിയണം. പരീക്ഷയിലെ നിഷ്കര്‍ഷകള്‍ മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ അറിയേണ്ടത് മാത്രമറിയാനുള്ള പഠനം സാധ്യമാകുന്നു.
ഗവേഷണമാണെങ്കില്‍, ജോലിയെക്കുറിച്ചാണെങ്കില്‍ അറിയേണ്ടത് വ്യത്യസ്തങ്ങളായിരിക്കും. ഒരു കോഴ്സിനെക്കുറിച്ചോ അത് ഫലവത്തായി പഠിക്കാന്‍ കഴിയുന്ന സ്ഥാപനത്തെക്കുറിച്ചോ അറിയണമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കേണ്ടതുണ്ട്. മാര്‍ഗനിര്‍ദേശം (Guidance) അറിവ് നേടുന്നതിനുള്ള ഫലവത്തായ ഉപകരണമായിത്തീരുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്. ഒരാള്‍ക്ക് സ്കോളര്‍ഷിപ്പോടെ നാട്ടിലോ വിദേശത്തോ പഠിക്കണമെന്ന് വിചാരിക്കുക. വിചാരിച്ചിരുന്നതുകൊണ്ട് മാത്രം അത് സാധ്യമാകുന്നില്ല. സ്കോളര്‍ഷിപ്പുകളെക്കുറിച്ചറിയണം. അതിന് അപേക്ഷിക്കാനുള്ള പ്രാഥമികമായ യോഗ്യതകളെക്കുറിച്ചറിയണം. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നറിയണം. ഏതുവിധമപേക്ഷിച്ചാല്‍ ലഭിക്കാനുള്ള സാധ്യത കൂടുതലുണ്ടെന്നറിയണം. അഭിമുഖപ്പരീക്ഷയുണ്ടെങ്കില്‍ അതെങ്ങനെ ഫലവത്തായിത്തീരുമെന്നറിയണം. ഇതൊക്കെയറിയുകയും അമേരിക്കയിലെ പഠനത്തിന് ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് നേടിയെടുക്കുകയും ചെയ്ത എന്റെ ഒരു വിദ്യാര്‍ഥിയുണ്ട്. സി സെയ്തലവി. 2009-10ല്‍ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സാന്‍ഫ്രാന്‍സിസ്കോയില്‍ എണ്‍വയണ്‍മെന്റല്‍ സോഷ്യോളജിയില്‍ വിസിറ്റിങ് സ്കോളറായി പഠിച്ചുവന്ന സെയ്തലവി ഇപ്പോള്‍ തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അസിസ്റ്റന്റ ് പ്രൊഫസറാണ് . (saidmuty@gmail.com, 9895012935)
nphafiz@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top