25 April Thursday

മെഡിക്കല്‍/എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് 3 മുതല്‍ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Dec 31, 2015

തിരുവനന്തപുരം > 2016–17 അധ്യയനവര്‍ഷത്തേക്കുള്ള കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് മൂന്നുമുതല്‍ ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  പരീക്ഷകള്‍ ഏപ്രില്‍ 25 മുതല്‍ 28 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഏപ്രില്‍ 25നും  26നും എന്‍ജിനിയറിങ് വിഭാഗത്തിലെയും 27നും 28നും മെഡിക്കല്‍ വിഭാഗത്തിലെയും പരീക്ഷകളാകും നടക്കുക.  പകല്‍ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ.
25ന് എന്‍ജിനിയറിങ്ങിലെ പേപ്പര്‍ ഒന്ന് ഫിസിക്സ് ആന്‍ഡ് കെമിസ്ട്രിയും 26ന് പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. 27ന് മെഡിക്കല്‍ പേപ്പര്‍ ഒന്ന് കെമിസ്ട്രി ആന്‍ഡ് ഫിസിക്സും 28ന് പേപ്പര്‍ രണ്ട് ബയോളജി പരീക്ഷയും. കേരളത്തിലെ ഏകദേശം 350  കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണ് പ്രവേശന പരീക്ഷ. മെഡിക്കല്‍ പരീക്ഷയുടെ ഫലം മെയ് 25ന് മുമ്പായും എന്‍ജിനിയറിങ്ങിന്റെ റാങ്ക് ലിസ്റ്റ് ജൂണ്‍ 25 നുമുമ്പും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് 2015–16 വര്‍ഷത്തെ എന്‍ട്രന്‍സ് പ്രവേശനത്തിന്റെ പ്രോസ്പെക്ടസ് പുറത്തിറക്കിയത്. മെഡിക്കല്‍ വിഭാഗത്തില്‍ ഈ വര്‍ഷം യുനാനി കോഴ്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സീറ്റുകള്‍ അലോട്ട് ചെയ്തിട്ടില്ല.

മെഡിക്കല്‍–എന്‍ജിനിയറിങ്  പ്രവേശനപരീക്ഷ ഏപ്രില്‍ 25 മുതല്‍

തിരുവനന്തപുരം >  2016–17 അധ്യയനവര്‍ഷത്തേക്കുള്ള കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് മൂന്നുമുതല്‍ 29 വരെയുള്ള തീയതികളില്‍ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ് സൈറ്റായ www.cee.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 30ന് മുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ എത്തിക്കണം.

അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്പെക്ടസും കേരളത്തിനകത്തും പുറത്തുമുള്ള 168 തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍ വഴി ശനിയാഴ്ച മുതല്‍ വിതരണംചെയ്യും. ജനറല്‍വിഭാഗത്തിന് അപേക്ഷാ ഫീസ് 1000 രൂപയും എസ്സി വിഭാഗത്തിന് 500 രൂപയുമാണ്.  എസ്ടി വിഭാഗം വിദ്യാര്‍ഥികളെ അപേക്ഷാ ഫീസില്‍നിന്ന് ഒഴിവാക്കി. എസ്ടി വിഭാഗത്തിനുള്ള പ്രോസ്പെക്ടസും സെക്യൂരിറ്റി കാര്‍ഡും ഓരോ ജില്ലകളിലെയും ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസുകളില്‍നിന്ന് സൌജന്യമായി ലഭിക്കും.
പരീക്ഷകള്‍ ഏപ്രില്‍ 25 മുതല്‍ 28 വരെ സംസ്ഥാനത്തെ മുന്നൂറോളം കേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമായി നടത്തും.
എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മുന്‍വര്‍ഷങ്ങളിലെപ്പോലെ പ്രവേശനപരീക്ഷയുടെ സ്കോറും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ പരിഗണിച്ച് മാര്‍ക്ക് ഏകീകരണ പ്രക്രിയക്ക് വിധേയമാക്കിയശേഷമാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

പ്രവേശനപരീക്ഷകളില്‍ യോഗ്യത നേടുന്നതിന് ഒരു പരീക്ഷാര്‍ഥി അതത് പ്രവേശനപരീക്ഷകളുടെ രണ്ട് പേപ്പറും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് 10 മാര്‍ക്ക് എങ്കിലും നേടിയിരിക്കണം. എസ്സി/എസ്ടി വിഭാഗത്തിന് ഈ നിബന്ധയില്ല. എന്നാല്‍ ഇവര്‍ യോഗ്യത നേടുന്നതിന് രണ്ടു പേപ്പറുകളും എഴുതി ഒരു ചോദ്യത്തിനെങ്കിലും കുറഞ്ഞത് ഉത്തരമെഴുതിയിരിക്കണം. മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ രണ്ടു പേപ്പറുകളിലുമായി ജനറല്‍വിഭാഗത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും എസ്ഇബിസി, എസ്്സി, എസ്ടി വിഭാഗങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്കും ഉണ്ടാകണമെന്ന നിബന്ധനയില്‍ മാറ്റമില്ല.  ഇവരെ മാത്രമേ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കൂ. ശാരീരിക വൈകല്യമുള്ളവരുടെ വിഭാഗത്തില്‍പ്പെടുന്നവര്‍ എംബിബിഎസ് കോഴ്സിലേക്ക് പരിഗണിക്കാന്‍ കുറഞ്ഞത് 45 ശതമാനം മാര്‍ക്കും ബിഡിഎസ് കോഴ്സിലേക്ക് പരിഗണിക്കാന്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.

എന്‍ജിനിയറിങ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് പ്ളസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍  കണക്കിനുമാത്രമായി 50 ശതമാനം മാര്‍ക്കും കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഉണ്ടാകണം.  എസ്ഇബിസി, പിഡി വിഭാഗങ്ങള്‍ക്ക് അഞ്ചുശതമാനം മാര്‍ക്ക് ഇളവുണ്ടാകും. എസ്്സി, എസ്ടി വിഭാഗക്കാര്‍ യോഗ്യതാപരീക്ഷ ജയിച്ചാല്‍ മതി. എന്നാല്‍, സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനത്തിന് കണക്കിനുമാത്രമായി 45 ശതമാനം മാര്‍ക്കും കണക്ക്്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കും മതിയാകും. മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലെ പ്രവേശനയോഗ്യതയില്‍ മാറ്റമില്ല.
പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി കെ അബ്ദുറബ്ബ് പ്രോസ്പെക്ടസ് പ്രകാശനംചെയ്തു. ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ബി ശ്രീനിവാസ് ഏറ്റുവാങ്ങി. പ്രവേശന കമീഷണര്‍ ബി എസ് മാവോജി പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ceekerala.org 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top