13 August Saturday
സിഎ പരീക്ഷയിൽ രണ്ടാം റാങ്ക്‌ പാലക്കാട്‌ സ്വദേശിനിക്ക്‌

പരീക്ഷാപ്പേടി മാറ്റിയാൽ വിജയം ഉറപ്പ്‌; വരദ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

തിരുവനന്തപുരം > ‘‘പേടിയോടെ പരീക്ഷയെ സമീപിക്കുന്ന രീതി ഉപേക്ഷിക്കുക. നാളെ പഠിക്കാമെന്ന്‌ കരുതി മാറ്റിവയ്‌ക്കുകയും അരുത്‌. സമയം പ്രയോജനപ്പെടുത്തുക. പരമാവധി പ്രയത്‌നിക്കുക. പിന്നെയങ്ങ്‌ എഴുതുക’’ –-ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ (സിഎ) മെയിൻ പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക്‌ നേടിയ പാലക്കാട്‌ മണ്ണാർക്കാട്‌ സ്വദേശിനി കെ പി വരദ പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാണ്‌ ഈ മിടുക്കി. സ്‌കൂൾ പഠനകാലത്തുതന്നെ സിഎയായിരുന്നു വരദയുടെ ലക്ഷ്യം. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പത്താം ക്ലാസും പുലാപ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ് ടുവും ഉയർന്ന മാർക്കോടെ വിജയിച്ചു. ബിരുദത്തിന് പാലക്കാട് വിക്ടോറിയ കോളേജിൽ പ്രവേശനം ലഭിച്ചെങ്കിലും ഇന്റർ പാസായതോടെ വരദ സിഎ പഠനത്തിലേക്ക് തിരിഞ്ഞു. 2015ലാണ് വരദ പ്ലസ് ടു പൂർത്തിയാക്കിയത്. വെറും നാലുവർഷംകൊണ്ട് വരദ തന്റെ സ്വപ്‌നം നേടിയെടുത്തു. എട്ട് വിഷയത്തിലായി 800 മാർക്കിൽ 548 മാർക്കു നേടിയാണ് വരദ പരീക്ഷ പാസായത്.

പരീക്ഷ പാസാകുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. റാങ്ക് ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. പരീക്ഷ നടത്തിയ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാർട്ടേർഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ (ഐസിഎഐ) പ്രസിഡന്റ്‌ വിളിച്ചാണ്‌ റാങ്ക്‌ വിവരം അറിയിച്ചത്‌. പഠിക്കുകയെന്നത് മാത്രമാണ് സിഎ നേടാനുള്ള വഴി. സമയം പാഴാക്കരുത്. സിലബസ് പരമാവധി വായിച്ചുതീർക്കുക, നേരത്തെ നടന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സംഘടിപ്പിച്ച് പഠിക്കുക, മോക്ക് ടെസ്റ്റ് എഴുതുക ഇതെല്ലാമായിരുന്നു പഠനരീതി. ബേസിക്‌സ് വിട്ടുകളയരുത്, മൂന്നു തവണയെങ്കിലും എല്ലാം വായിച്ചിരിക്കണം. റിവിഷൻ വളരെ പ്രധാനപ്പെട്ടതാണ്. അത് പരീക്ഷ എഴുതുമ്പോൾ നമ്മളെ നന്നായി സഹായിക്കും–-വരദ പറഞ്ഞു.

തച്ചമ്പാറ ചൂരിയോട് കോൽപ്പുറത്ത് മന പരമേശ്വരൻ നമ്പൂതിരിയുടെയും തച്ചമ്പാറ സർവീസ് സഹകരണ ബാങ്ക്‌ ജീവനക്കാരിയായിരുന്ന സാവിത്രിയുടെയും മകളാണ്. സഹോദരങ്ങൾ: കെ പി നന്ദിത, കെ പി വിഷ്‌ണുപ്രസാദ്‌. സിഎ കോഴ്‌സുകൾ അറിയാൻ   icaiexam.icai.org, caresults.icai.org ,  icai.nic.in  വെബ്‌സൈറ്റുകൾ സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top