26 April Friday

നീറ്റ്‌ ഫലത്തിനു‌ശേഷം; ശ്രദ്ധിക്കാനേറെ

ഡോ. ടി പി സേതുമാധവന്‍Updated: Saturday Oct 17, 2020



നീറ്റ് ഫലം  വന്നതിനുശേഷം വിദ്യാർഥികളിലും രക്ഷിതാക്കളിലും തുടർപ്രക്രിയയെക്കുറിച്ച് ഏറെ സംശയങ്ങളുണ്ടാകാറുണ്ട്‌. എംബിബിഎസ്‌, ബിഡിഎസ്‌, ബിഎഎംഎസ്‌, ബിഎച്ച്എംഎസ്‌, ബിയുഎംഎസ്‌, ബിഎസ്‌എംഎസ്‌, ബിഎസ്‌സി അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ബിവിഎസ്‌സി ആൻഡ്‌ എഎച്ച്, ബിഎഫ്എസ്‌സി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. രാജ്യത്ത് 86,000 എംബിബിഎസ്‌, 29,000 ബിഡിഎസ്‌ സീറ്റുകളുണ്ട്. എംബിബിഎസ്‌, ബിഡിഎസ്‌ സീറ്റുകൾക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ്  മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കാർഷിക, വെറ്ററിനറി, ഫിഷറീസ്, ആയുർവേദ, ഹോമിയോ മറ്റ് ആരോഗ്യ കോഴ്സുകൾക്ക് അഡ്മിഷൻ. രാജ്യത്തെ വെറ്ററിനറി കോളേജുകളിലെ 15ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്ക്‌ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും.

ഈ വർഷവും നീറ്റിന്റെ കട്ട് ഓഫ് മാർക്ക് 50 പേർസെന്റൈലാണ്. ഇനി വരുന്ന  ദിവസങ്ങളിൽ നീറ്റ് കൗൺസലിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണം. എംബിബിഎസ്‌, ബിഡിഎസ്‌ എന്നിവയ്ക്ക് അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക്‌ സെൻട്രൽ യൂണിവേഴ്സിറ്റികളിലെയും ഡീംഡ് യൂണിവേഴ്സിറ്റികളിലെ സീറ്റുകളിലേക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസാണ് കൗൺസലിങ്‌ നടത്തുന്നത്. സംസ്ഥാനങ്ങളിലെ സർക്കാർ ക്വോട്ട, സ്വകാര്യകോളേജുകളിലെ സീറ്റുകൾ എന്നിവയിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്റ് നടത്തും. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജിപ്മർ എന്നിവയിലേക്കുള്ള പ്രവേശനം അഖിലേന്ത്യാ ക്വോട്ട  വഴിയാണ്. ഈ ക്വോട്ടയിൽ ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 15ശതമാനം സീറ്റുകൾ, എഎഫ്എംസി എന്നിവ ഉൾപ്പെടും. ഡീംഡ് മെഡിക്കൽ കോളേജുകൾ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളിലേക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സയൻസാണ് കൗൺസലിങ്‌ നടത്തുക.
സംസ്ഥാനങ്ങളിലെ 85ശതമാനം സീറ്റുകളിലേക്കും അതാത് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ കമീഷണർമാരാണ് കൗൺസലിങ്‌ നടത്തുന്നത്.

രാജ്യത്തെ സ്വകാര്യ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ സീറ്റുകളിലേക്ക്‌ എല്ലാ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ചില സംസ്ഥാനങ്ങൾ നിശ്ചിത ശതമാനം സീറ്റുകൾ അതാത് സംസ്ഥാനങ്ങളിലുള്ളവർക്കായി മാറ്റി വച്ചിട്ടുണ്ട്‌‌. എഎഫ്എംസി. പുണെ, ഇഎസ്ഐ മെഡിക്കൽ കോളേജുകൾക്കും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിലുള്ള പ്രത്യേകം കൗൺസലിങ്ങുണ്ടാകും. എഎഫ്‌എംസിയിൽ പ്രവേശനത്തിന്‌ നീറ്റ് റാങ്കിന്‌ പുറമെ പ്രത്യേകം സ്ക്രീനിങ്‌ ടെസ്റ്റുകളും യോഗ്യതാ മാനദണ്ഡങ്ങളുമുണ്ട്. ഡിജിഎച്ച്‌എസ്‌ രണ്ട് കൗൺസലിങ്‌ കൂടാതെ മോപ്പപ്പ് റൗണ്ടും നടത്തും. സംസ്ഥാനങ്ങളിൽ സർക്കാരിന്റെ സീറ്റുകളിലേക്ക്‌ 2–-3 കൗൺസലിങ്ങും സ്വകാര്യ കോളേജുകളിലേക്ക് 3–-4 കൗൺസലിങ്ങും ഓൺലൈൻവഴിയാണ്.

നീറ്റ് അഡ്മിറ്റ് കാർഡ്, റാങ്ക് ലെറ്റർ, 10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റ്, ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്, സ്റ്റേറ്റ് ക്വോട്ടയിലേക്ക് നേറ്റുവിറ്റി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. അഖിലേന്ത്യാ ക്വോട്ട, ഡീംഡ്, സെൻട്രൽ യൂണിവേഴ്സിറ്റി, എഎഫ്‌എംസി, എയിംസ്‌, ജിപ്‌മർ എന്നിവയിലേക്ക്‌ അഖിലേന്ത്യാ കൗൺസലിങ്‌ പ്രക്രിയയാണ്. എയിംസിന്റെയും ജിപ്‌മറിന്റെയും കൗൺസലിങ്‌ ഈ വർഷമാണ് നീറ്റിൽ ഉൾപ്പെടുത്തിയത്‌. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രത്യേകം ശ്രദ്ധിയ്ക്കണം. അഖിലേന്ത്യാ കൗൺസലിങ്‌  www.mcc.nic.in എന്ന വെബ്സൈറ്റിലൂടെയാണ്. UG admission ക്ലിക്ക്‌ ചെയ്ത് രജിസ്റ്റർ ചെയ്ത് നിശ്ചിത ഫീസ് അടയ്‌ക്കണം .

കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്ക്‌ പ്രവേശനമാഗ്രഹിക്കുന്നവർ നീറ്റ് മാർക്ക് സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലൂടെ അപ്‌ലോഡ്‌ ചെയ്യണം. ഇതനുസരിച്ച് പ്രവേശന പരീക്ഷ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് ഓൺലൈൻ വഴി ഓപ്ഷൻ നൽകിയാണ് പ്രവേശനം. നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രവേശനം ആഗ്രഹിക്കുന്നവർ കീം രജിസ്റ്റർ ചെയ്തിരിക്കണം.

സർക്കാർ, സ്വാശ്രയ സീറ്റുകളിലേക്കും എൻആർഐ ക്വോട്ടയിലേക്കും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ കമീഷണർ ഓപ്ഷനനുസരിച്ച് കൗൺസലിങ്‌ പ്രക്രിയ പൂർത്തിയാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ  കോളേജുകളിലേക്ക്‌ അപേക്ഷിക്കുന്നവർ അതാത് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷ അതോറിറ്റികളിൽ രജിസ്റ്റർ ചെയ്യണം.

കർണാടക www.kea.kar.nic.in, തമിഴ്നാട്  www.tnhealth.org, പുതുച്ചേരി www.centacpuduchery.in, ആന്ധ്ര www.apmedco.com. ഓപ്ഷൻ നൽകുന്നതിനുമുമ്പ് ഫീസ്, നീറ്റ് റാങ്ക്/മാർക്ക്,  മുൻവർഷങ്ങളിലെ റാങ്ക് നിലവാരം അഡ്മിഷൻ എന്നിവ വിലയിരുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top