26 April Friday

എംജിയിൽ ബിരുദ പ്രവേശനം; ഏകജാലക രജിസ്‌ട്രേഷൻ 24 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 17, 2020


കോട്ടയം
ആഗസ്‌ത്‌ 18 വരെ തെറ്റ് തിരുത്താം, സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യാം, ഓപ്ഷനുകൾ പുനക്രമീകരിക്കാം
എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ(ക്യാപ്) 24 ന് വൈകിട്ട് നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ. വിശദമായ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും.

ഓൺലൈൻ അപേക്ഷയിലെ തെറ്റ് തിരുത്താനും നിശ്ചിത സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ഓപ്ഷനുകൾ പുനക്രമീകരിക്കാനും  18ന് വൈകിട്ട് അഞ്ചുവരെ സൗകര്യമുണ്ട്. അപേക്ഷയ്‌ക്കൊപ്പം നൽകേണ്ട സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ നിശ്ചിത തീയതിക്കകം അപ്‌ലോഡ് ചെയ്യണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷിക്കുന്നവർ വില്ലേജ് ഓഫീസറിൽനിന്നുള്ള ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. പകരം വരുമാന സർട്ടിഫിക്കറ്റ്/സാക്ഷ്യപത്രം എന്നിവ അപ്‌ലോഡ് ചെയ്താൽ പ്രവേശനം നിരസിക്കപ്പെടും.

എസ്ഇബിസി, ഒഇസി വിഭാഗക്കാർ ജാതി, വരുമാസർട്ടിഫിക്കറ്റുകൾ ഒറ്റ ഫയലായി അപ്‌ലോഡ് ചെയ്യുകയോ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയോ വേണം. എസ്‌സി, എസ്ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് മാത്രം അപ്‌ലോഡ് ചെയ്താൽ മതി. എൻസിസി, എൻഎസ്എസ് വിഭാഗത്തിൽ ബോണസ് മാർക്കിന് അർഹരായവർ പ്ലസ്ടു തലത്തിൽ ലഭിച്ച സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം. വിമുക്തഭടൻ/ജവാൻ വിഭാഗത്തിലുള്ളവർ ജില്ല സൈനിക ക്ഷേമ ഓഫീസറിൽനിന്നുള്ള സാക്ഷ്യപത്രം/കമാൻഡിങ് ഓഫീസറുടെ സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യണം.

എൻസിസി ബോണസ് മാർക്കിനായി സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് അടക്കം മറ്റ് സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യരുത്. വെബ്‌സൈറ്റിൽ ലഭിക്കുന്ന പ്രോസ്‌പെക്ടസും മറ്റു നിർദേശങ്ങളും വായിച്ചു നോക്കിയശേഷം അപേക്ഷിക്കുക. ക്യാപ് വെബ്‌സൈറ്റിൽ ലഭ്യമായ പ്രോഗ്രാം, കോളജ് വിശദാംശങ്ങളും ലഭ്യമായ സീറ്റുകളും പരിശോധിച്ച് ഓപ്ഷനുകൾ നൽകണം.
 സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിലേക്കുള്ള അപേക്ഷയും 24ന് വൈകിട്ട് നാലിനകം ഓൺലൈനായി നൽകണം. സ്‌പോർട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുമ്പോൾ നിശ്ചിത സ്‌പോർട്‌സ് ഇവന്റ് ലഭ്യമായ കോളേജുകളിലേക്ക് മാത്രമേ ഓപ്ഷൻ നൽകാനാകൂ. കോളേജ് അധികൃതർ കോളജ് ലോഗിനിൽ നൽകിയിട്ടുള്ള യുജി പ്രോഗ്രാമുകളുടെ സീറ്റ് മാട്രിക്‌സ് പരിശോധിച്ച് കൃത്യത ഉറപ്പാക്കണം. സീറ്റുകൾ സംബന്ധിച്ച് വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ ക്യാപ് സെല്ലിൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top