26 April Friday

കണ്ണൂർ സർവകലാശാല പുതിയ കോളേജുകളും കോഴ്‌സുകളും ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


കണ്ണൂർ
പുതിയ കോളേജുകളും കോഴ്സുകളും ആരംഭിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ യോഗം തീരുമാനിച്ചു. ഏഴ് സ്വാശ്രയ കോളേജുകൾ തുടങ്ങുന്നതിനുള്ള അപേക്ഷ സർക്കാരിന് ശുപാർശ ചെയ്യും. നിലവിലെ അഫിലിയേറ്റഡ് കോളേജുകളിൽ 2020–- 21 വർഷത്തിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റ് എണ്ണത്തിൽ സ്ഥിരം വർധന അനുവദിക്കുന്നതിനും സിൻഡിക്കറ്റ് ഉപസമിതികൾ സമർപ്പിച്ച പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ചു. സർക്കാർ, എയ്ഡഡ് കോളേജുകളിൽ കേരള സർക്കാർ പ്രഖ്യാപിച്ച പുതുതലമുറ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കാനും തീരുമാനിച്ചു.

സംസ്കൃതം ബിരുദാനന്തരബിരുദ കോഴ്സ് ആരംഭിക്കണമെന്ന പഠനബോർഡിന്റെ നിർദേശം പഠിക്കാൻ ഉപസമിതി രൂപീകരിച്ചു. സർവകലാശാല പരിധിയിലെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം, രാഷ്ട്രീയ പാരമ്പര്യം, നാടോടി സംസ്കാരം എന്നിവയുടെ ഗവേഷണത്തിനായി ചെയർ സ്ഥാപിക്കണമെന്ന സെനറ്റ് പ്രമേയത്തിന്റെ  അടിസ്ഥാനത്തിൽ വിശദ നിർദേശം തയ്യാറാക്കും. 

നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളിൽ അവശേഷിക്കുന്നവ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിനിധികളുടെ യോഗം 18ന് വിളിച്ചുചേർക്കും. ബിടെക് വിദ്യാർഥികളുടെ ഇന്റേണൽ അസസ്‌മെന്റ്‌‌ ഇംപ്രൂവ്മെന്റ്‌ പരീക്ഷകൾ അടിയന്തരമായി നടത്തുന്നതിന് നിർദേശം നൽകി.

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2013ന് മുമ്പ് പഠിച്ച വിദ്യാർഥികൾ തോറ്റ പേപ്പർ മാത്രം എഴുതിയാൽ മതിയെന്ന ആനുകൂല്യം അനുവദിച്ചു. അഞ്ചു ഗവേഷകർക്ക് പിഎച്ച്ഡി നൽകാനും തീരുമാനിച്ചു.വിവിധ ക്യാമ്പസുകളിലെ പഠന വകുപ്പുകൾ വിഷയാടിസ്ഥാനത്തിൽ പരസ്പരം മാറ്റണമെന്ന സർക്കാർ നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. കോവിഡ് ലോക്‌‌ഡൗൺ പശ്ചാത്തലത്തിൽ 2020–-21 അധ്യയന വർഷത്തെ അഫിലിയേഷൻ ഫീസ് കൃത്യസമയത്ത് അടയ്ക്കാൻ സാധിക്കാതിരുന്ന കോളേജുകൾക്ക് 2020 ജൂൺ വരെ പിഴ ചുമത്തുന്നതിൽ ഇളവ് അനുവദിച്ചു.

സർവകലാശാല സെനറ്റിന്റെ അധികാരം വർധിപ്പിക്കണമെന്ന പ്രമേയം അനുകൂല നടപടിക്കായി സർക്കാരിലേക്ക് അയയ്ക്കും. തിരുവനന്തപുരത്ത് ലെയ്സൺ ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു. സ്വാശ്രയ കോളേജ് പ്രിൻസിപ്പലുമാരുടെ വിരമിക്കൽ പ്രായം 65 ആയി നിജപ്പെടുത്തും. ജനനത്തിയതി ജൂലൈ രണ്ടിനു ശേഷമാണെങ്കിൽ അത്തരക്കാരെ ആ അധ്യയന വർഷം കഴിയുന്നതു വരെ ജോലിയിൽ തുടരാൻ അനുവദിക്കും.

വൈസ് ചാൻസലർ ചെയർമാനും ഡോ. എ സാബു കൺവീനറുമായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റി പുനഃസംഘടിപ്പിക്കും. ഓൺലൈനായി നടത്തിയ യോഗത്തിൽ വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ് രവിന്ദ്രൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top