18 April Thursday

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ 
എഴുതിയത്‌ ഒരുലക്ഷം കുട്ടികൾ ; ഫലം ഒരാഴ്‌ചയ്‌ക്കകം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിലെ കൈറ്റിന്റെ ‘ലിറ്റിൽ കൈറ്റ്സ്' യൂണിറ്റുകളിലേക്ക് 2022-–-25 ബാച്ചിലേക്കുള്ള പ്രവേശനപരീക്ഷ പൂർത്തിയായി. സംസ്ഥാനത്തെ 2007 കേന്ദ്രത്തിലായി 1,03,548 കുട്ടികൾ പരീക്ഷയെഴുതി.  കൂടുതൽ പേർ എഴുതിയത്‌ മലപ്പുറം ജില്ലയിലാണ് (13,000). പരീക്ഷാ നടത്തിപ്പിനായി അയ്യായിരത്തിലധികം കൈറ്റ് മാസ്റ്റർ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി.

പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ  പരീക്ഷാ നടത്തിപ്പിനായി കൈറ്റ് വികസിപ്പിച്ച സോഫ്റ്റ്‌വെയർ പരീക്ഷാകേന്ദ്രങ്ങളിലെ 26,000 കംപ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്താണ് പരീക്ഷ നടത്തിയത്. ഐടി രംഗത്തെ വിവിധ മേഖലകളെയും ഗണിത യുക്തിയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയായിരുന്നു ചോദ്യങ്ങൾ. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായിത്തന്നെ മൂല്യനിർണയം നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. 60,000 പേർക്ക്  പ്രവേശനം ലഭിക്കും. ഓരോ യൂണിറ്റിലുമുള്ള  മികച്ച റാങ്ക് നേടുന്ന കുട്ടികളെയാണ് തെരഞ്ഞെടുക്കുക.

പ്രവേശനം നേടുന്നവർക്ക് മൂന്നു വർഷത്തിലായി  ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കു പുറമെ മൊബൈൽ ആപ്‌  നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ–-കൊമേഴ്സ്, ഇ–ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top