24 April Wednesday

ലോക്ക്‌ഡൗൺ കാലത്ത് പ്രൊഫഷണൽ കോഴ്സുകൾക്ക് തയ്യാറെടുക്കാം

ആർ സുരേഷ്‌കുമാർUpdated: Tuesday Mar 31, 2020

കോവിഡ്–-19 രോഗവ്യാപനത്തെ തടയുന്നതിനായി 21 ദിവസത്തെ ലോക്ക്‌ഡൗണിലേക്ക് പോയതോടെ രാജ്യത്തെ അക്കാദമിക കലണ്ടറിൽ സാരമായ മാറ്റം വരികയാണ്. വിവിധ ബോർഡ്, സർവകലാശാലാ പരീക്ഷകൾമുതൽ സംസ്ഥാന ദേശീയ പ്രവേശന പരീക്ഷകൾവരെ മാറ്റിവച്ചുകഴിഞ്ഞു. പുതിയ തീയതികൾ ലോക്ക്‌ഡൗൺ തീർന്നതിനുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാകും തീരുമാനിക്കുക. കേരളത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്കുള്ള വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഇനി പറയുന്നവയാണ്.

കീം അപേക്ഷകരുടെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതരവിഭാഗക്കാർ മാർച്ച് 23 മുതൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന് അറിയിച്ചിരുന്നു. അതുസംബന്ധമായി ഇപ്പോൾ ആശങ്ക വേണ്ടതില്ല. അതിനുള്ള സമയം പിന്നീട് അനുവദിക്കും.

ത്രിവത്സര-–-പഞ്ചവത്സര എൽഎൽബി കോഴ്സുകൾ
കീം കോഴ്സുകൾ കഴിഞ്ഞാൽ കൂടുതൽ അപേക്ഷകരുള്ള പ്രവേശന പരീക്ഷ എൽഎൽബി കോഴ്സുകൾക്കാണ്. ഏപ്രിൽ 25നും  26നും  ഓൺലൈനായി പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ലോക്ക്‌ഡൗൺ തീരുമ്പോൾ പരീക്ഷാതീയതികളിൽ മാറ്റം വരികയാണെങ്കിൽ അറിയിക്കും. ത്രിവത്സര/പഞ്ചവത്സര എൽഎൽബി കോഴ്സുകളിലെ പ്രവേശന പരീക്ഷകൾക്ക് ഒരേ പാറ്റേണിലുള്ള ചോദ്യങ്ങളാണുണ്ടാവുക. ജനറൽ ഇംഗ്ലീഷിന് 60 ചോദ്യവും പൊതു വിജ്ഞാനത്തിന് 45 ചോദ്യവും ഗണിതവും മെന്റൽഎബിലിറ്റിയും പരിശോധിക്കുന്ന 25 ചോദ്യവും നിയമ പഠനത്തിനുള്ള അഭിരുചിയളക്കുന്ന 70 ചോദ്യവുമാണ് ചോദിക്കുന്നത്.

എംബിഎ കോഴ്സിനുള്ള കെ-മാറ്റ്
സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും എംബിഎ കോഴ്സിന് പ്രവേശനം നേടാനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT) ഇനി സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറായിരിക്കും നടത്തുക. 2020–- - 21 വർഷത്തെ പ്രവേശനത്തിനുള്ള ആദ്യടെസ്റ്റ് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തി സ്കോർ കാർഡ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. രണ്ടാമത്തെ ടെസ്റ്റാണ് ഇനി പ്രവേശന പരീക്ഷാ കമീഷണർ നടത്തുക. മേയിൽ നടത്താൻ നിർദേശിച്ച  പരീക്ഷയുടെ പാറ്റേണിന് മുമ്പ് നടന്ന ടെസ്റ്റിൽനിന്ന്‌ വ്യത്യാസങ്ങളുണ്ടാകാൻ സാധ്യതയില്ല. ലോക്ക്‌ഡൗൺ തീർന്നാൽ അതിന് അപേക്ഷ ക്ഷണിക്കും. ഇംഗ്ലീഷ് ഭാഷാസംബന്ധിയായി 50 ചോദ്യവും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിന് 50 ചോദ്യവും ഡേറ്റാ സഫിഷ്യൻസിയും ലോജിക്കൽ റീസണിങ്ങുമായി ബന്ധപ്പെട്ട് 40 ചോദ്യവും പൊതുവിജ്ഞാനവും സമകാലിക ബിസിനസുമായി ബന്ധപ്പെട്ട 40 ചോദ്യവുമാണ് നിലവിൽ കെ-മാറ്റിന് ചോദിക്കുക.

എങ്ങനെ പഠിക്കാം
ലോക്ക്‌ഡൗൺ കാലത്ത്‌ വീട്ടിലിരിക്കുന്നവർക്ക്‌ പഠനത്തിനുള്ള അവസരമായി ഇതിനെ വിനിയോഗിക്കണം.  പഠനത്തിന് ഓൺലൈൻ സാധ്യതകൾ ലഭ്യമാക്കാൻ ശ്രമിക്കാം. മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെട്ട് സ്വയം പഠിക്കാനവസരം നൽകുന്ന പല വെബ്സൈറ്റുകളും ബ്ലോഗുകളും ഗൂഗിൾ സെർച്ചിലൂടെ കണ്ടെത്താൻ കഴിയും. വിദ്യാർഥികൾ തമ്മിലും അധ്യാപകരുമായും ഇ-മെയിൽ, വാട്സാപ് മുഖേനയും പഠനകാര്യങ്ങൾ ഷെയർ ചെയ്യാനും സംശയനിവാരണം നടത്താം. സ്വന്തമായി കൈയിലുള്ള പാഠപുസ്തകങ്ങളാണ് മറ്റൊരു പ്രധാനപ്പെട്ട ഉപാധി. പ്ലസ്ടു സിലബസിനെമാത്രം കേന്ദ്രീകരിക്കുന്ന എൻജിനിയറിങ്‌ പോലുള്ള പ്രവേശന പരീക്ഷ്യ്‌ക്ക് അത് രണ്ടുവിധത്തിൽ ഗുണം ചെയ്യും. ബോർഡ് പരീക്ഷ്യ്‌ക്കും പ്രവേശന പരീക്ഷ്യ്‌ക്കും ഒരുപോലെ അതാവശ്യമാണ്. ഈ കാലയളവ് ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കിൽ ലോക്ക്‌ഡൗൺ തീർന്നശേഷം പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമ്പോൾ ബോർഡ്/ സർവകലാശാലാ പരീക്ഷകളും പ്രവേശന പരീക്ഷകളും തമ്മിൽ ഇടവേളകൾ കുറവായിരിക്കും. അലോട്ട്മെന്റുകൾക്കിടയിലുള്ള തീയതികളും കുറവായിരിക്കും. ലോക്ക്‌ഡൗൺ തീർന്നാലുടൻ പരീക്ഷാതീയതികൾ പ്രഖ്യാപിക്കും. അതുകൊണ്ടുതന്നെ തയ്യാറെടുപ്പുകൾക്ക്‌ പിന്നീട്‌ കൂടുതൽ സമയം ലഭിക്കില്ല.

യോഗ്യതാപരീക്ഷയും പ്രവേശനപരീക്ഷയും
ബോർഡ്/സർവകലാശാലാതലത്തിലെ യോഗ്യതാപരീക്ഷകളെയും പ്രവേശനപരീക്ഷകളെയും ഒരേതരത്തിൽ അഭിമുഖീകരിക്കുന്നത് ഗുണം ചെയ്യില്ല. ഒരേ സിലബസ് ആണെങ്കിലും രണ്ട് പരീക്ഷയിലും വ്യത്യസ്തമായി മികവ് പുലർത്തുന്നത് കാണാൻ കഴിയും. പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനപരീക്ഷകൾ മത്സരാധിഷ്ഠിത പരീക്ഷകൾക്ക് തുല്യമാണ്. വസ്തുതകൾ, ആശയങ്ങൾ (Concepts) എന്നിവ നന്നായി വിശദീകരിച്ചാൽ യോഗ്യതാ പരീക്ഷയ്‌ക്ക് സ്കോർ നേടുന്നതിന് കഴിയും.

എന്നാലവയുടെ പ്രയോഗതല (Application)മാണ് മിക്കവാറും പ്രവേശനപരീക്ഷയ്‌ക്ക് ചോദിക്കുക. വസ്തുനിഷ്ഠ (Objective) ചോദ്യങ്ങൾ ബോർഡ് പരീക്ഷകൾക്ക് സാധാരണ 20 ശതമാനത്തിനപ്പുറം ഉണ്ടാകില്ല. അവതന്നെ ഓർമപരിശോധിക്കുന്ന തരത്തിലുള്ള (Information level) ചോദ്യങ്ങളായാണ് കാണുക. ബാക്കി ചോദ്യങ്ങൾ വിവരണാത്മക (Descriptive) രീതിയിലായിരിക്കും. ഉത്തരത്തിന്റെ അവതരണശൈലിപോലും സ്കോർ ലഭിക്കുന്നതിന് സഹായിക്കും.

  പ്രവേശന പരീക്ഷകൾ മുഴുവൻ വസ്തുനിഷ്ഠ ചോദ്യങ്ങളാണ്. കോൺസെപ്റ്റുകളെ ആപ്ലിക്കേഷൻ തലത്തിൽ അവതരിപ്പിച്ച് അതിന്റെ ശരിയുത്തരം കണ്ടെത്താനാവശ്യപ്പെടുന്ന തരത്തിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങളാണ് സാധാരണ മത്സരപരീക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കും ചോദിക്കുക. അതിനാലാണ് യോഗ്യതാപരീക്ഷയിൽ ഉയർന്ന സ്‌കോർ നേടുന്ന പലരും പ്രവേശന പരീക്ഷയിൽ പിന്നിൽ പോകുന്നത്. യോഗ്യതാപരീക്ഷയിൽ ഒരേസ്കോർ നേടുന്നവർ തമ്മിൽ പ്രവേശനപരീക്ഷയിൽ വലിയറാങ്ക് വ്യത്യാസം ഉണ്ടാകുന്നതിന്റെ കാരണവും അതാണ്.

ചോദ്യങ്ങൾ സ്വയമുണ്ടാക്കുന്ന പഠനരീതി
ബോർഡ് പരീക്ഷകൾക്കാവശ്യമായ  വസ്‌തുതകളും ആശയങ്ങളും ശരിയായി ഉൾക്കൊണ്ടിരിക്കുന്നവർക്ക് ഇത്തരം പരിശീലനങ്ങൾ പ്രവേശന പരീക്ഷയിൽ മുന്നിലെത്താൻ സഹായിക്കും. രണ്ടിനും അതിന്റേതായ പരിമിതികൾ ഉള്ളതിനാൽ യോഗ്യതാപരീക്ഷയ്‌ക്കും പ്രവേശനപരീക്ഷയ്‌ക്കും ഒരേ വെയിറ്റേജ് നൽകിയാണ് കേരളത്തിൽ എൻജിനീയറിങ്‌ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ, മെഡിക്കൽ പ്രവേശനത്തിന് നീറ്റ് പരീക്ഷയ്‌ക്ക് പ്രവേശന പരീക്ഷയുടെ സ്കോർ തന്നെയാണ് റാങ്കിന് മാനദണ്ഡം. വിഷയങ്ങൾ പഠിക്കുന്നതിനൊപ്പം കോൺസെപ്റ്റുകളുടെ ആപ്ലിക്കേഷൻ തലത്തെക്കുറിച്ചുകൂടി ചിന്തിക്കുന്നതും അവയെ സംബന്ധിച്ച് ചോദ്യങ്ങൾ സ്വയം തയ്യാറാക്കാൻ ശ്രമിക്കുന്നതും വളരെ പ്രയോജനം ചെയ്യും. ഒരാൾ ഏറ്റവും നന്നായി പഠിക്കുന്നത് പഠിപ്പിക്കാൻ വേണ്ടിയാണെന്ന് പറയാറുണ്ട്. അതുപോലെ നിലവാരമുള്ള ചോദ്യങ്ങൾ സ്വയം ഉണ്ടാക്കാൻ ശ്രമിക്കുന്നത് നല്ലൊരു പഠനരീതിയായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top