23 April Tuesday

കണക്ക് കളിച്ചുപഠിക്കാം, ജയിക്കാം; ജനുവരി രണ്ടാം വാരം വിദ്യാലയങ്ങളില്‍ ഗണിതലാബ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

തിരുവനന്തപുരം> ക്ളാസ് മുറിയില്‍ മുട്ടിടിപ്പിക്കും വില്ലന്‍വേഷം മാറ്റി കളിക്കൂട്ടുകാരനാകാന്‍  കണക്ക്. കണക്കിനെ ചങ്ങാതിയാക്കി വിജയഗാഥ തീര്‍ക്കാന്‍ 'ഗണിതലാബുമായി' എസ്എസ്എ. ഗണിതലാബില്‍ ഏണിയും പാമ്പും കളിക്കുമ്പോഴും പലനിറങ്ങളില്‍ കോര്‍ത്ത മുത്തുമാലയുടെ ഒത്തനടുവില്‍ പൂമ്പാറ്റയെവച്ച് ചന്തം കൂട്ടുമ്പോഴും നമ്മുടെ കുട്ടികള്‍ അനായാസം കണക്കിലെ സൂത്രങ്ങള്‍ പഠിക്കും.

വെറും പറച്ചിലല്ലിത്, കളിച്ചു ജയിച്ച കഥപറയും കണ്ണൂരിലെ ഇരിണാവ് എല്‍പി സ്കൂളിലെ ഒന്നാം ക്ളാസിലെ മിടുക്കന്മാര്‍. ഗണിതലാബ് വരുന്നതിനുമുമ്പ് നടത്തിയ ഒന്നാം ടേം പരീക്ഷയില്‍ ആര്‍ക്കും ഗണിതത്തില്‍ എ ഗ്രേഡ് നേടാന്‍ സാധിച്ചില്ല. എന്നാല്‍ ലാബ് വന്ന ശേഷമുള്ള രണ്ടാം ടേമില്‍ 25 ശതമാനം കുട്ടികള്‍ എ ഗ്രേഡ് നേടി. സി ഗ്രേഡ് നേടിയവര്‍ 19 ശതമാനം ആയി കുറഞ്ഞു.

ഗണിതലാബിലേക്ക് പഠനോപകരണങ്ങള്‍ നിര്‍മിക്കാനും പ്രയോഗരീതി പരിചയപ്പെടുത്തുന്നതിനുമുള്ള സംസ്ഥാന ശില്‍പ്പശാല വെള്ളിയാഴ്ച്ച സമാപിച്ചു. പങ്കെടുത്ത 50 അധ്യാപകര്‍ ജനുവരി ആദ്യവാരം നടക്കുന്ന ജില്ലാ ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കും. രണ്ടാം വാരത്തിനകം ഉപജില്ലകളിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഗണിതലാബ് ഒരുക്കും. വിജയിച്ചാല്‍ മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാനത്ത് ഒന്നുമുതല്‍ നാലുവരെയുള്ള ക്ളാസ്മുറികളില്‍ ഗണിതവിജയം പദ്ധതിയുടെ ഭാഗമായി സര്‍വശിക്ഷാ അഭിയാനാണ് ഗണിതലാബ് തയ്യാറാക്കുന്നത്.

ലാബിലെ രസകരമായ പ്രവര്‍ത്തനങ്ങളിലൂടെ കണക്ക് കുട്ടികളുടെ ഇഷ്ടവിഷയമാക്കുകയാണ് ലക്ഷ്യം. ഗണിതത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഗണിതവിജയം പരിപാടി നടപ്പാക്കുന്നത്. പി പി ശശിധരന്‍, സി വി സജീവന്‍, എം കെ ഉണ്ണികൃഷ്ണന്‍എന്നിവര്‍ പരിശീലനം നല്‍കി. എസ്എസ്എ പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍, കണ്‍സള്‍ട്ടന്റ് ഡോ. ടി പി കലാധരന്‍, പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top