24 April Wednesday

സാങ്കേതിക സർവകലാശാലയുടെ ബിടെക്‌: ഇന്റർ സെമസ്‌റ്റർ പരീക്ഷകൾ ഉപേക്ഷിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയുടെ ബിടെക്‌ ഇന്റർ സെമസ്‌റ്റർ പരീക്ഷകൾ ഉപേക്ഷിച്ചേക്കും. അന്തിമ തീരുമാനമായില്ലെന്നും ഉപസമിതി റിപ്പോർട്ട്‌ ഒരാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നും സമിതി ചെയർമാൻ ഡോ. സി സതീഷ്‌കുമാർ പറഞ്ഞു. കെടിയുവിൽ രണ്ട്‌, നാല്‌, ആറ്‌ ഇന്റർ സെമസ്‌റ്റർ പരീക്ഷകൾ നടത്തുന്നതുസംബന്ധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ അക്കാദമിക്‌ കൗൺസിലാണ്‌ ഉപസമിതിയെ നിയോഗിച്ചത്‌. എല്ലാ വശങ്ങളും സമിതി പരിശോധിക്കുന്നുണ്ട്‌.

കോളേജ്‌ തലത്തിൽ ഇന്റർ സെമസ്‌റ്റർ പരീക്ഷ നടത്താനാകുമോ മുൻ സെമസ്‌റ്റർ സ്‌കോറും മാർക്കും പരിശോധിച്ച്‌ ശരാശരി നിർണയിച്ച്‌ അടുത്ത സെമസ്‌റ്ററിലേക്ക്‌ പ്രവേശിപ്പിക്കാനാകുമോ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുന്നഘട്ടത്തിൽ ക്ലാസ്‌ തുടങ്ങിയശേഷം ഒന്നിലധികം സെമസ്‌റ്റർ പരീക്ഷ ഒന്നിച്ച്‌ നടത്താനാകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ്‌ പരിശോധിക്കുന്നത്‌.

ഫൈനൽ സെമസ്‌റ്റർ പരീക്ഷ മാറ്റണമെന്നും ഇന്റർ സെമസ്‌റ്ററുകളുടെ പരീക്ഷ ഒഴിവാക്കണമെന്നും നേരത്തേ നിർദേശമു‌ണ്ടായി. എന്നാൽ, ഫൈനൽ സെമസ്‌റ്റർ പരീക്ഷ മാറ്റേണ്ടതില്ലെന്ന അക്കാദമിക്‌ കൗൺസിൽ നിർദേശം സിൻഡിക്കറ്റ്‌ അംഗീകരിച്ചു. ഇന്റർ സെമസ്‌റ്റർ പരീക്ഷാ കാര്യത്തിൽ തീരുമാനമെടുക്കാൻ അക്കാദമിക്‌ ഉപസമിതിയെ ചുമതലപ്പെടുത്തി.

ബുധനാഴ്‌ച ഫൈനൽ സെമസ്‌റ്റർ പരീക്ഷ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായശേഷമാണ്‌ തിങ്കളാഴ്‌ച തീരുമാനം മാറ്റിയത്‌. കണ്ടെയ്‌ൻമെന്റ്‌ സോണുകളുടെ എണ്ണം വർധിച്ചതും പരീക്ഷാ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ചിലയിടങ്ങൾ കോവിഡ്‌ രോഗ സാന്നിധ്യത്താൽ അടച്ചതും തീരുമാനം മാറ്റാൻ കാരണമായി. വിദ്യാർഥികൾക്ക്‌ ഏത്‌ സെന്ററിലും പരീക്ഷ ഏഴുതാനുള്ള സൗകര്യം ഒരുക്കിയ പരീക്ഷ മാറ്റിവയ്‌ക്കേണ്ടതില്ലായിരുന്നുവെന്നാണ്‌ സ്വാശ്രയ എൻജിനിയറിങ്‌ കോളേജ്‌ മാനേജ്‌മെന്റിന്റെ പ്രതികരണം.

പരീക്ഷ വേഗത്തിൽ നടത്തി ഫലം പ്രഖ്യാപിച്ചാൽ ക്യാമ്പസ്‌ പ്ലേസ്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾക്ക്‌ തൊഴിൽ ലഭ്യമാകും. ആദ്യം പരീക്ഷ വൈകുന്നതിനെ വിമർശിച്ചവർതന്നെ പരീക്ഷ തീരുമാനിച്ചപ്പോൾ അതിനെതിരെ പരാതിയുമായി വന്നത്‌ വിദ്യാർഥികളോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും മാനേജ്‌മെന്റ്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top