26 April Friday

പ്ലസ‌് വൺ: രണ്ടാം അലോട്ട‌്മെന്റ‌ിലെ പ്രവേശം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday May 30, 2019


തിരുവനന്തപുരം
പ്ലസ‌് വൺ ഏകജാലക പ്രവേശത്തിന്റെ രണ്ടാം മുഖ്യ അലോട്ട‌്മെന്റ‌് പ്രകാരമുള്ള പ്രവേശം വ്യാഴാഴ്ചമുതൽ. ആദ്യ അലോട്ട‌്മെന്റിൽ ഇടം നേടിയ 2,00,842 സീറ്റിന‌ുശേഷം അവശേഷിച്ച 42,471 സീറ്റ‌ിലേക്കാണ‌് രണ്ടാം അലോട്ട‌്മെന്റ‌്. രണ്ടാം അലോട്ട‌്മെന്റിൽ ഇടംനേടിയ വിദ്യാർഥികൾക്ക‌് വ്യാഴാഴ്ച രാവിലെ പത്തുമുതൽ ശനിയാഴ്ച വൈകിട്ട‌് നാലുവരെ പ്രവേശം നേടാം. www.hscap.kerala.gov.in വെബ‌്സൈറ്റിൽ അലോട്ട‌്മെന്റ‌് വിവരങ്ങൾ ലഭ്യമാണ‌്.

താൽക്കാലിക പ്രവേശത്തിൽ തുടരുന്ന വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അതത് സ്കൂളുകളിൽ ഫീസടച്ച് സ്ഥിരപ്രവേശം നേടണം. അലോട്ട് ചെയ്ത സ്കൂളിൽ ജൂൺ ഒന്ന‌് വൈകിട്ട് നാലിന‌ുമുമ്പ‌് ഫീസടച്ച് സ്ഥിരപ്രവേശം നേടണം.
സ്‌പോർട്‌സ് ക്വോട്ട സ്‌പെഷ്യൽ രണ്ടാം അലോട്ട്‌മെന്റ് റിസൾട്ടും പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in വെബ്‌സൈറ്റിലെ  ‘സ്പോർട‌്സ‌് അലോട്ട‌്മെന്റ‌് റിസൾട്ട‌്’  ലിങ്കിലൂടെ എട്ട് അക്കങ്ങളുള്ള സ്‌പോർട്‌സ് അപേക്ഷാ നമ്പരും ജനനത്തീയതിയും നൽകി ജില്ല സെലക്ട് ചെയ്ത് റിസൾട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ ലിങ്കിൽനിന്ന‌് രണ്ടുപേജുള്ള അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ടെടുത്ത് സ്പോർട‌്സ‌് കൗൺസിലിൽനിന്ന‌് നൽകിയ സ്കോർ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ വ്യാഴാഴ്ച രാവിലെ പത്തുമുതൽ പ്രവേശം നേടണം. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശം നേടി രണ്ടാം അലോട്ട‌്മെന്റിൽ ഉയർന്ന ഓപ്ഷൻ  ലഭിക്കാത്തവർക്ക‌് പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂൺ 12 മുതൽ അപേക്ഷ സ്വീകരിക്കും. ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവർക്ക് നിലവിലുള്ള അപേക്ഷ പുതുക്കി ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. 

ആകെ 4,79,730 കുട്ടികളാണ‌് പ്ലസ‌്‌ വൺ പ്രവേശത്തിന‌്‌ അപേക്ഷിച്ചത‌്. ആദ്യ അലോട്ട‌്മെന്റ‌് ലഭിച്ച 96010 വിദ്യാർഥികൾ സ്ഥിരപ്രവേശം ഉറപ്പാക്കിയിരുന്നു. വിദ്യാർഥികളുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ച‌് 20 ശതമാനം സീറ്റ‌് വർധിപ്പിച്ച‌് സർക്കാർ ഉത്തരവിട്ടിരുന്നു. രണ്ടാം അലോട്ട‌്മെന്റ‌് പ്രകാരമുള്ള പ്രവേശം അവസാനിച്ചശേഷം കുറവുള്ള ഇടങ്ങളിലേക്ക‌് ഈ സീറ്റുകൾ ക്രമീകരിക്കുമെന്ന‌് പൊതുവിദ്യാഭ്യാസ വകുപ്പ‌് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top