19 April Friday

സ്മാര്‍ട്ട് തൊഴിലുകള്‍ക്ക് സാധ്യത

ഡോ. ടി പി സേതുമാധവന്‍Updated: Thursday Dec 29, 2016

പുതുവര്‍ഷത്തില്‍ ഉന്നതവിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സ്മാര്‍ട്ട് തൊഴിലുകള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും.

സാമ്പത്തികം, തൊഴില്‍ സംരംഭകത്വം

സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട ചാര്‍ട്ടേഡ് അക്കൌണ്ടന്റ് പ്രോഗ്രാം, സിമ, ഐസിഡബ്ള്യുഎഐ എന്നിവയും മാനേജ്മെന്റ് കോഴ്സുകളും മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഐടി സേവന മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കാം. എന്റര്‍പ്രണര്‍ഷിപ്പില്‍ (തൊഴില്‍സംരംഭകത്വം) രാജ്യത്ത് കൂടുതല്‍ ഇന്നവഷന്‍ ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ രൂപപ്പെടും. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍  തൊഴില്‍ സംരംഭകരാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. തൊഴില്‍ നൈപുണ്യ വികസനം- സ്കില്‍ ഡെവലപ്മെന്റ് കോഴ്സുകള്‍ക്ക് സാധ്യതയേറും. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഗവേഷണത്തിന് പ്രാധാന്യമേറും.  കാര്‍ഷിക അനുബന്ധമേഖലയെ സമന്വയിപ്പിച്ച്  ഇന്റര്‍ ഡിസിപ്ളിനറി ഗവേഷണം ശക്തിപ്രാപിക്കും. ഡെവലപ്മെന്റല്‍ സയന്‍സ്, ഹ്യുമാനിനിറ്റീസ്, സോഷ്യല്‍  സയന്‍സ്, ന്യൂമീഡിയ, കമ്യൂണിക്കേഷന്‍, പബ്ളിക് അഡ്മിനിസ്ട്രേഷന്‍ കോഴ്സുകള്‍ക്ക് ആവശ്യക്കാരേറും.

നിര്‍മാണമേഖല


നിര്‍മാണമേഖലയില്‍ കൂടുതല്‍  തൊഴിലവസരങ്ങള്‍ രൂപപ്പെടുന്നത് സാങ്കേതിക കോഴ്സുകളായ എന്‍ജിനിയറിങ്, ഡിപ്ളോമ പ്രോഗ്രാമുകള്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ ഇടവരുത്തും. ആര്‍കിടെക്ചര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് കോഴ്സുകള്‍ക്ക് സാധ്യതയേറും. കംപ്യൂട്ടര്‍ സയന്‍സ്, ഐടി മേഖലകളില്‍ സോഷ്യല്‍, ക്ളൌഡ് സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും. ഭക്ഷ്യസംസ്കരണ മേഖലയില്‍ രാജ്യത്തെ വളര്‍ച്ചാനിരക്ക് 20 ശതമാനത്തിലധികമാണ്.

സേവനമേഖല


ഹോസ്പിറ്റാലിറ്റി, ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ്, റീട്ടെയില്‍, സപ്ളൈ ചെയിന്‍, ലോജിസ്റ്റിക്സ്, എയര്‍ലൈന്‍ ആന്‍ഡ്  എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സുകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ രംഗത്ത് ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്നോളജി, അപ്പാരല്‍ ഡിസൈന്‍, ബില്‍ഡിങ് ഡിസൈന്‍ കോഴ്സുകളില്‍ വന്‍ സാധ്യതകളാണ് വരാനിരിക്കുന്നത്. ബയോമെഡിക്കല്‍ രംഗത്ത്് വന്‍ വളര്‍ച്ച പ്രതീക്ഷിക്കാം. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, മെക്കാട്രോണിക്സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. മെയ്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്ക്ക് ആനുപാതികമായി തൊഴിലവസരങ്ങള്‍ നിര്‍മാണമേഖലയില്‍ വര്‍ധിച്ചുവരും. ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസംസ്കരണം, അനലിറ്റിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, കണക്ടോമിക്സ് എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും.
 
ഐടിയില്‍ ആന്‍ഡ്രോയ്ഡ്


വിവരസാങ്കേതികവിദ്യ  അനുവര്‍ത്തിച്ചുള്ള  മൊബൈല്‍  ആപ്പുകള്‍ കൂടുതലായി രൂപപ്പെടും. ആന്‍ഡ്രോയ്ഡ്  വികസനരംഗത്തും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലും ലക്ഷക്കണക്കിന്  തൊഴിലവസരങ്ങള്‍  രൂപപ്പെടും. സ്റ്റാര്‍ട്ടപ്പുകള്‍ വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കി മാത്രമല്ല, കാര്‍ഷിക, ഭക്ഷ്യസംസ്കരണ മേഖലകളിലും രൂപപ്പെടും. ഇന്റര്‍നാഷണല്‍ ബിസിനസ്, മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ഇ-കൊമേഴ്സ്, ഡുവല്‍ മനേജ്മെന്റ് പ്രോഗ്രാമുകള്‍, ഫിലിം പ്രൊഡക്ഷന്‍ കോഴ്സുകള്‍ എന്നിവയ്ക്ക്  സാധ്യതയേറും. മെഡിക്കല്‍പഠനത്തിന് വിദേശത്തെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. 16 ലക്ഷത്തിലധികം പേര്‍ എഴുതുന്ന എല്‍ഡി ക്ളര്‍ക്ക് പരീക്ഷയ്ക്ക് 2017 സാക്ഷിയാകും.

എസ്ടിഇഎം കോഴ്സുകള്‍

ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ബിഎ ഹ്യുമാനിറ്റീസ്, ഇംഗ്ളീഷ്, വിദേശഭാഷാ കോഴ്സുകള്‍ എന്നിവയ്ക്ക് ഉപരിപഠനസാധ്യതയേറും.  ബികോമിന് കൂടുതല്‍ അപേക്ഷകരുണ്ടാകും. ഫിസിക്കല്‍ സയന്‍സ്, ജൈവശാസ്ത്രം, മാത്തമാറ്റിക്സ്, കൃഷി, കൃഷി അനുബന്ധ മേഖലകള്‍ എന്നിവയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനെത്തും. ഡെയ്റി ടെക്നോളജി, പൌള്‍ട്രി സയന്‍സ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഭക്ഷ്യവ്യവസായ മേഖലകളില്‍  പ്രവര്‍ത്തിക്കാം. ജിഎസ്ടി, ഫുഡ് സേഫ്റ്റി എന്നിവ റെഗുലേറ്ററി സംവിധാനത്തില്‍ കൂടുതല്‍ തൊഴിവസരങ്ങള്‍ ഉറപ്പുവരുത്തും. 

ആയുര്‍വേദ കോഴ്സുകള്‍ക്ക് സാധ്യതയേറും


ആരോഗ്യമേഖലകളില്‍  എംബിബിഎസ്, ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകള്‍ക്ക് സാധ്യതയേറും. മികച്ച  ആരോഗ്യമേഖലയുമായി  ബന്ധപ്പെട്ട കോഴ്സായി ആയുര്‍വേദം മാറും. ആയുഷില്‍ ഇതിന് പ്രാമുഖ്യം ലഭിക്കും. നാനോ സയന്‍സ്, നാനോ ടെക്നോളജി, മോളിക്കുലാര്‍ ജനറ്റിക്സ്, ജൈവസാങ്കേതികവിദ്യ, ഫോറസ്ട്രി, അഗ്രികള്‍ചര്‍, അഗ്രി ബിസിനസ്, കാലാവസ്ഥാ പഠനം എന്നിവയില്‍  ബിരുദാനന്തര ഗവേഷണ പ്രോഗ്രാമുകള്‍ക്ക് സാധ്യതയേറും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top