20 April Saturday

എംജി സർവകലാശാലയിൽ 15 പുതിയ തൊഴിലധിഷ്ഠിത കോഴ‌്സുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019


കോട്ടയം
മഹാത്മാഗാന്ധി സർവകലാശാല പുതുതായി 15 തൊഴിലധിഷ്ഠിത ഹ്രസ്വകാല പാർട‌് ടൈം സർട്ടിഫിക്കറ്റ‌്–-ഡിപ്ലോമാ കോഴ‌്സുകൾ ആരംഭിച്ചതായി വൈസ‌് ചാൻസലർ പ്രൊഫ. സാബു തോമസ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യാന്തര ഗവേഷണ സംഘടനകളുമായും പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള ഈ കോഴ‌്സ‌് പൂർത്തിയാക്കുന്നവർക്ക‌് ക്യാമ്പസ‌് റിക്രൂട്ട‌്മെന്റ‌് വഴി ഉയർന്ന ജോലി ലഭിക്കുന്നതിനുള്ള സാധ്യതകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന്(ഡിഎഎസ്‌പി) കീഴിലാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകളും ആരംഭിക്കുന്നത‌്. അപ്ലൈഡ് ഹ്രസ്വകാല പാർട്ട്‌ടൈം സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് എംജി.
സർവകലാശാലയിലെ എട്ട് പഠനവകുപ്പുകളുമായും അഞ്ച് ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ചാണ് പ്രോഗ്രാമുകൾ നടത്തുക. ഉയർന്ന പ്രായപരിധിയില്ലാത്ത എല്ലാവർക്കും പഠിക്കാൻ കഴിയുന്ന നിലയിലാണ് റഗുലർ -പാർട്ട്ടൈം ഓൺ കാമ്പസ് പ്രോഗ്രാമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും പ്രോഗ്രാമിന് ചേരാം. പഠിതാക്കൾക്ക് സൗകര്യപ്രദമായ സമയത്താണ് ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ക്ലാസ‌്.

അവധിക്കാലത്ത് നിശ്ചിത മണിക്കൂർ ക്ലാസുകളുള്ള ക്രാഷ് കോഴ്‌സ് രീതിയിലുള്ള പ്രോഗ്രാമുകളുമുണ്ട്. ആധുനിക വിവര-സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടുള്ള പഠനവും മൂല്യനിർണയ സംവിധാനവുമാണ് പ്രത്യേകത.  ഏറ്റവും കുറഞ്ഞ ഫീസാണ് കോഴ്‌സുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത‌്‌.
പ്രഗത്ഭരായ അധ്യാപകരും വിദഗ്ധരുമാണ് ക്ലാസുകൾ നയിക്കുക. 

ഒരു സെമസ്റ്ററിൽ പൂർത്തീകരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 16 ക്രെഡിറ്റാണുള്ളത്. 32 ക്രെഡിറ്റുള്ള ഡിപ്ലോമ കോഴ്സുകൾക്ക് രണ്ട് സെമസ്റ്ററുണ്ട്. എട്ട് പോയിന്റ് സ്‌കെയിലിലുള്ള ഗ്രേഡിങ‌് സംവിധാനമാണ് പ്രോഗ്രാമുകൾക്കുള്ളത്. കോഴ‌്സ‌് പൂർത്തിയാകുന്നവർക്ക‌് പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ‌് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കും.

ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്സൽ), എക്സ്ട്രൂഡർ ഓപ്പറേറ്റർ ഫോർ പോളിമർ ഇൻഡസ്ട്രി ആപ്ലിക്കേഷൻ, ഇന്റർനെറ്റ് പ്രോഗ്രാമിങ‌് ആന്റ് വെബ് ടെക‌്നോളജീസ്, ഫിലിം-കൾച്ചർ ആന്റ് സൊസൈറ്റി, വേസ്റ്റ് മാനേജ്മെന്റ്, വാട്ടർ ഹാർവെസ്റ്റിങ‌് ആന്റ് മാനേജ്മെന്റ്, പേരന്റിങ‌് സൈക്കോളജി, ഇവന്റ് മാനേജ്മെന്റ് എന്നീ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. 10/12–--ാം ക്ലാസ്/തത്തുല്യ വിജയമാണ് യോഗ്യത.

ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെതേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ‌്, നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, ഇമോഷണൽ ഇന്റലിജൻസ് എന്നീ പിജി സർട്ടിഫിക്കറ്റ് കോഴ്സുകളുടെ കാലാവധി ആറ് മാസമാണ്. അംഗീകൃത ബിരുദമാണ് യോഗ്യത.
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ‌് ആന്റ് ടാക്സേഷൻ ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. പ്ലസ്ടു/തത്തുല്യ വിജയമാണ് യോഗ്യത. ഒരു വർഷത്തെ ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ പിജി ഡിപ്ലോമ കോഴ്സാണുള്ളത്. അംഗീകൃത ബിരുദമാണ് യോഗ്യത. www.dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 21 ന് വൈകീട്ട് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ഈ വർഷം അപേക്ഷ നൽകുന്നതിലെ സീനിയോരിറ്റി അനുസരിച്ചാണ് പ്രവേശനം. ഫീസടക്കമുള്ള വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731066.

ഡിഎഎസ്‌പി ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ്, പിആർഒ എ അരുൺ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top