25 April Thursday

' കണക്കിൽ ലോക്കായില്ല; സമയം കിട്ടിയതോണ്ട്‌ നന്നായി പഠിച്ചു. പരീക്ഷയും എളുപ്പം '

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


തിരുവനന്തപുരം
രണ്ടുമാസത്തിലധികം കണക്ക്‌ പുസ്‌തകം കൂട്ടിയും കിഴിച്ചും മനഃപാഠമാക്കിയാണ്‌ അർജുൻ ചൊവ്വാഴ്‌ച തിരുവനന്തപുരം ഗവ. മോഡൽ സ്‌കൂളിലെത്തിയത്‌. അമ്മയുടെ വണ്ടിയിൽ നിന്നിറങ്ങിയതും മുമ്പിൽ പൊലീസ്‌. "പേടിക്കണ്ട പരീക്ഷ നന്നായെഴുതണ’മെന്ന്‌ പറഞ്ഞ്‌ ഒരു മാസ്‌കും നൽകി എസ്‌ഐയുടെ ഓൾ ദ ബെസ്‌റ്റ്‌. സ്‌കൂൾ കവാടത്തിന്‌ മുന്നിലെത്തിയതും സാനിറ്റൈസറുമായി അധ്യാപകർ. കൈ കഴുകുമ്പോൾതന്നെ പാലിക്കേണ്ട നിർദേശങ്ങൾ ഓരോന്നായി ടീച്ചർ പറഞ്ഞു. ഒപ്പം പരീക്ഷ നന്നായെഴുതാൻ ആശംസയും. അകത്തേ‌ക്ക്‌ കയറി അടയാളപ്പെടുത്തിയ വഴിയിലൂടെ ആരോഗ്യപ്രവർത്തകരുടെ അടുത്തേ‌ക്ക്‌. തെർമൽ പരിശോധന കഴിഞ്ഞ്‌ പരീക്ഷ ഹാളിലേ‌ക്ക്‌. കുട്ടുകാരുമൊത്ത്‌ സംശയങ്ങളും സംസാരവുമൊന്നുമില്ല. ഒരു മീറ്റർ വിട്ട്‌ ഒറ്റയ്‌ക്ക്‌ ഹാളിലെത്തി.

നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ വിദ്യാർഥികളെ സർക്കാർ ചൊവ്വാഴ്‌ച പരീക്ഷാ ഹാളിലേക്കെത്തിച്ചത്‌. പൊലീസ്, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, സന്നദ്ധസേവകർ എന്നിവരുടെയും സ്റ്റുഡന്റ് പൊലീസ്, എൻസിസി, ജെആർസി കുട്ടികളുടെയും സേവനം മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും ഉറപ്പുവരുത്തി. മുഴുവൻ സ്‌കൂൾ കവാടത്തിനടുത്തും പ്രത്യേക ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചു. കുട്ടികളെ സ്‌കൂളിലെത്തിക്കാൻ സ്‌കൂൾ ബസും സ്വകാര്യവാഹനങ്ങളും കെഎസ്‌ആർടിസി ബസും തയ്യാറാക്കി. പരീക്ഷാഹാളിനുപുറത്ത് സോപ്പുലായനിയും ആരോഗ്യമാർഗനിർദേശം നൽകുന്ന ബോർഡും ഒരുക്കി. പരീക്ഷാഹാളിൽ 10 ബെഞ്ചിലായി 20 കുട്ടികളെ ഇരുത്തി‌.  ഒന്നരയ്‌ക്ക്‌ ആദ്യ ബെല്ലടിച്ചു. 1.45ന്‌ ഉത്തരക്കടലാസും ചോദ്യപേപ്പറും നൽകി. ഹാജർഷീറ്റിൽ കുട്ടികളെ ഒപ്പിടീച്ചില്ല. പരീക്ഷകഴിഞ്ഞ്‌ ഉത്തരപേപ്പറുകൾ അധ്യാപകർ സ്‌പർശിക്കാതെ പ്രത്യേക കവറിൽ വാങ്ങി. ഒരു ഹാളിലെ 20 കുട്ടികൾ വീതം സാമൂഹ്യഅകലം പാലിച്ച്‌ പുറത്തേ‌ക്കിറക്കി.

"കണക്കായിരുന്നു പേടി. സമയം കിട്ടിയതോണ്ട്‌ നന്നായി പഠിച്ചു. പരീക്ഷയും എളുപ്പം. രണ്ട്‌ ദിവസം മുമ്പ്‌ മാസ്‌ക്കും ലഘുലേഖയുമെല്ലാം വീട്ടിൽ കൊണ്ടുത്തന്നിരുന്നു. ടീച്ചർ വിളിച്ച്‌ പനിയുണ്ടോ? ഏങ്ങനെയാണ്‌ വരുന്നേ എന്നെല്ലാം ചോദിച്ചു. സ്‌കൂളിലെത്തുന്നവരെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ ഇവിടെയെത്തിയപ്പോ എല്ലാം മാറി' –- പരീക്ഷ കഴിഞ്ഞിറങ്ങിയ അർജുൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top