25 April Thursday

എംബിബിഎസ്, ബിഡിഎസ് 3-ാം അലോട്ട്മെന്റിന് ഇന്നുകൂടി ഓപ്ഷന്‍ നല്‍കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2017


തിരുവനന്തപുരം > സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിന് ശനിയാഴ്ച വൈകിട്ട് നാലുവരെ ഓപ്ഷന്‍ നല്‍കാം. ഓപ്ഷന്‍ വിവരങ്ങളുംഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ഫീസ് വിജ്ഞാപനവും പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   മൂന്നാം അലോട്ട്മെന്റ് ഞായറാഴ്ച  വൈകിട്ട് www.cee.kerala.gov.in  വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികളും 28നും 29നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ക്യാമ്പസിലെ പഴയ ഓഡിറ്റോറിയത്തില്‍ ഹാജരായി നിര്‍ദിഷ്ട ഫീസ് തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്ക് ഗ്യാരണ്ടി, ബോണ്ട് (ഏതാണോ ബാധകമായത് അത്) എന്നിവ സമര്‍പ്പിച്ച് പ്രവേശന യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍രേഖകളും ഹാജരാക്കി പ്രവേശനം നേടണം.
 പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കേരളത്തിലെ എല്ലാ മെഡിക്കല്‍, ഡെന്റല്‍ കോളേജ് അധികാരികളും 28നും 29നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ക്യാമ്പസിലെ പഴയഓഡിറ്റോറിയത്തില്‍ ഹാജരാകണം. 29ന് വൈകിട്ട് അഞ്ചിനകം ഫീസ് ഒടുക്കി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് റദ്ദാകും.

ഇരുപത്തൊമ്പതിന് വൈകിട്ട് അഞ്ചിനുശേഷം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നിലനില്‍ക്കുന്ന പക്ഷം അവ നികത്താന്‍ 30നും 31നും പ്രവേശന കമീഷണര്‍ തിരുവനന്തപുരത്ത് ഗവ. മെഡിക്കല്‍കോളേജിലെ പഴയ ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് മാത്രമായിരിക്കും സ്പോട്ട് അഡ്മിഷന്‍. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം അവിടെത്തന്നെ നിര്‍ദിഷ്ട ഫീസ് ഒടുക്കി പ്രവേശനം നേടണം. എല്ലാ മെഡിക്കല്‍, ഡെന്റല്‍ കോളേജ് അധികാരികളും സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയാകും വരെ അഡ്മിഷന്‍ കേന്ദ്രത്തില്‍ ഉണ്ടാകണം. പ്രവേശന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നവരെയേ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കൂ.

സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കായി നീക്കിവച്ച സീറ്റുകളിലേക്ക് പ്രവേശനം തേടുന്നവര്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെ 28 മുതല്‍ 29ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഈ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് 30നും 31നും സ്പോട്ട് അഡ്മിഷനില്‍ നടത്തും. കൂടാതെ പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ 28 മുതല്‍ 29ന് വൈകിട്ട് അഞ്ചിനകം പ്രവേശന കമീഷണറുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

മാര്‍ച്ച് 22ലെ സുപ്രീംകോടതി വിധിപ്രകാരം പാലക്കാട് കരുണ മെഡിക്കല്‍കോളേജില്‍ പ്രവേശന മേല്‍നോട്ട സമിതി യോഗ്യരെന്ന് കണ്ടെത്തിയ 30 വിദ്യാര്‍ഥികളെ 2017-18 അധ്യയന വര്‍ഷത്തില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്. ഈ വിദ്യാര്‍ഥികളുടെ പ്രവേശനവും 28നും 29നും സ്പോട്ട് അലോട്ട്മെന്റ് കേന്ദ്രത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണം. കൌണ്‍സലിങ്ങിന്റെ സമയക്രമവും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങുന്ന വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമീഷണറുടെ ംംം.രലലസലൃമഹമ.ീൃഴ വെബ്സൈറ്റിലും ലഭിക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top