29 March Friday

എംജി ഒന്നുമുതല്‍ ഓണ്‍ലൈനില്‍; കടലാസ് രഹിത സര്‍വകലാശാലയാകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2017

കോട്ടയം > കേരളപ്പിറവി ദിനത്തില്‍ എംജി സര്‍വകലാശാലയില്‍ നാല് ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യോഗ്യത/തുല്യത സര്‍ട്ടിഫിക്കറ്റ്, സര്‍വകലാശാല ഫീസ്, അധ്യാപകരുടെയും ജീവനക്കാരുടെയും പിഎഫ് ക്രെഡിറ്റ് സ്ളിപ്പ്, വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഓണ്‍ലൈനാവുന്നത്. 2017-18 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐടി അധിഷ്ഠിത പദ്ധതി നടപ്പാക്കുന്നത്. ഇ-ഗവേണന്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുകയും വിതരണം നടത്തുകയുംചെയ്യും.

ആദ്യഘട്ടമെന്ന നിലയില്‍ യോഗ്യത/തുല്യത, റെക്കഗ്നീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷയും വിതരണവുമാണ് നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നത്. 31 മുതല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ   ഓണ്‍ലൈന്‍ വഴിയേ സ്വീകരിക്കൂ.
 സര്‍വകലാശാലയുടെ ഇ-പേമെന്റ് പോര്‍ട്ടല്‍ വഴി എല്ലാ  ഫീസും അടയ്ക്കാനുള്ള സംവിധാനം ഒന്നിന് നിലവില്‍ വരും. പേമെന്റ് ഗേറ്റ്വേകളായ പേ യു മണി, എസ്ബിഐ ഇ-പേ എന്നിവകളിലൂടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും നെറ്റ്ബാങ്കിങ് സൌകര്യം ഉപയോഗിച്ചും ഫീസ് അടയ്ക്കാം.  പോസ്റ്റ് ഓഫീസ് വഴിയും ഫീസ് അടയ്ക്കാം.  ഒന്നുമുതല്‍ സര്‍വകലാശാലയില്‍ ക്യാഷ് കൌണ്ടര്‍ പ്രവര്‍ത്തിക്കില്ല.

 പി എഫ് ക്രെഡിറ്റ് സ്ളിപ്പ്  ഒന്നുമുതല്‍ ഓണ്‍ലൈനായി ലഭിക്കും. ഇതിനായി എല്ലാ ജീവനക്കാര്‍ക്കും അവരുടെ എംപ്ളോയി ഐഡി യൂസര്‍ നെയിം ആക്കി യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ അക്കൌണ്ട് ലഭ്യമാക്കും. ഈ അക്കൌണ്ട് വഴി പിഎഫ് ക്രെഡിറ്റ് സ്ളിപ്പ് ലഭ്യമാക്കും. ജീവനക്കാര്‍ക്കുള്ള മറ്റ് സേവനങ്ങളും ഈ അക്കൌണ്ട് വഴി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ക്രമീകരിച്ച ജീവന്‍ പ്രമാണ്‍  പദ്ധതിയിലേക്ക് എംജിയെയും ഉള്‍പ്പെടുത്തിയതോടെയാണ്  വിരമിച്ച അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും  ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഓണ്‍ലൈനായി സമര്‍പ്പിക്കാനാവുന്നത്
ഇത്രയും ഐടി അധിഷ്ഠിത സേവനങ്ങള്‍  സുതാര്യമായും കുറഞ്ഞ ചെലവിലും ഒരു സര്‍വകലാശാലയില്‍ നടപ്പാകുന്നത് രാജ്യത്താദ്യമായാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ ഷെറഫുദ്ദീന്‍, ഡോ. ആര്‍ പ്രഗാഷ്, ഡോ. എ ജോസ്, എം ആര്‍ ഉണ്ണി എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top