23 April Tuesday

പ്രിലിമിനറിക്ക്‌ മാർച്ച്‌ 18 വരെ അപേക്ഷിക്കാം: സിവിൽ സർവീസ‌് പരീക്ഷയ്‌ക്ക‌് സമയമായി

ഡോ. നീതുസോണ ഐഐഎസ‌്Updated: Monday Feb 25, 2019

സിവിൽ സർവീസസ‌് പരീക്ഷയുടെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം യുപിഎസ‌്സി പ്രസിദ്ധീകരിച്ചു. ഇന്ത്യൻ അഡ‌്മിനിസ‌്ട്രേറ്റീവ‌് സർവീസ‌്, ഇന്ത്യൻ പൊലീസ‌് സർവീസ‌് എന്നിവ ഉൾപ്പടെ ഇന്ത്യൻ ഭരണസംവിധാനത്തിന‌് ചുക്കാൻ പിടിക്കുന്ന 24 ആകർഷകമായ സർവീസുകളിലേക്ക‌് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നത‌് സിവിൽ സർവീസസ‌് പരീക്ഷ വഴിയാണ‌്. ഈ വർഷത്തെ പ്രിലിമിനറിപരീക്ഷ ജൂൺ രണ്ടിനാണ‌്. http://upsconline.nic.in വെബ‌്സൈറ്റിലൂടെ മാർച്ച‌് 18വരെ ഓൺലൈനായി അപേക്ഷിക്കാം.

896 ഒഴിവ‌്

ആകെ 896 ഒഴിവുകളാണ‌് ഈ വർഷമുള്ളതെന്ന‌് കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 10 ലക്ഷത്തിനടുത്ത‌് ഉദ്യോഗാർഥികൾ വർഷംതോറും പരീക്ഷക്കായി അപേക്ഷിക്കുന്നു. ഇവരിൽ നാലരലക്ഷം മുതൽ അഞ്ച‌ുലക്ഷംേപർവരെയാണ‌് പ്രിലിമിനറി പരീക്ഷ എഴുതുന്നത‌്.

ആർക്കൊക്കെ അപേക്ഷിക്കാം

അംഗീകൃത സർവകലാശാലയിൽനിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ‌് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അവസാനവർഷപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എന്നാൽ മെയിൻപരീക്ഷക്കുമുമ്പ‌് യോഗ്യതാപരീക്ഷ വിജയിച്ചതിന്റെ രേഖകൾ നൽകണം.

പ്രായപരിധി 21–-32 വയസ‌്. ഒബിസി, എസ‌്സി/എസ‌്ടി ഉയർന്ന പ്രായപരിധി യഥാക്രമം 35 വയസും 37 വയസുമാണ‌്.
ജനറൽ വിഭാഗത്തിന‌് ആറുതവണ പ്രിലിമിനറി പരീക്ഷയെഴുതാം. ഒബിസിക്കാർക്ക‌് ഒമ്പതു തവണയെഴുതാം. എസ‌്സി/എസ‌്ടി വിഭാഗത്തിൽപെട്ടവർക്ക‌് പ്രായപരിധിക്കുള്ളിൽ നിന്നുകൊണ്ട‌് എത്രതവണ വേണമെങ്കിലും പരീക്ഷ എഴുതാം.

പ്രിലിമിനറി പരീക്ഷ

പ്രിലിമിനറി പരീക്ഷ അഥവാ സിവിൽസർവീസസ‌് ആപ‌്റ്റിറ്റ്യൂഡ‌് ടെസ‌്റ്റി (സിസാറ്റ‌്)ൽ 200 മാർക്ക‌് വീതമുള്ള ഒബ‌്ജക്ടീവ‌് മാതൃകയിലുള്ള രണ്ടു ചോദ്യപേപ്പറുകളാണുള്ളത‌്. ഒന്നാം പേപ്പറിൽ സയൻസ‌്, ഭൂമിശാസ‌്ത്രം, ചരിത്രം, ഭരണഘടന എന്നീ മേഖലകളിൽ നിന്നെല്ലാം  ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറിൽ ഉദ്യോഗാർഥികളുടെ സമഗ്രശേഷി, മാനസിക ക്ഷമത എന്നിവ പരിശോധിക്കപ്പെടുന്നു. രണ്ടാംപേപ്പറിൽ കുറഞ്ഞത‌് 33 മാർക്ക‌് ലഭിച്ചാൽ മാത്രമേ ഒന്നാംപേപ്പറിന്റെ മൂല്യനിർണയം നടത്തുകയുള്ളൂ. സിസാറ്റ‌് രണ്ടാംപേപ്പറിൽ യോഗ്യതനേടിയ ഉദ്യോഗാർഥികൾക്ക‌് ഒന്നാംപേപ്പറിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മെയിൻപരീക്ഷക്ക‌് തെരഞ്ഞെടുക്കുന്നത‌്.  പരീക്ഷയിൽ നെഗറ്റീവ‌് മാർക്കിങ‌് ഉണ്ടായിരിക്കുന്നതാണ‌്. പ്രിലിമിനറി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക‌് അന്തിമ റാങ്കിങ്ങിനു പരിഗണിക്കുകയില്ല .

മെയിൻ പരീക്ഷ

പ്രിലിമിനറി എന്ന കടമ്പ കടന്നാൽ  മെയിൻ പരീക്ഷയായി. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ‌് മെയിൻ പരീക്ഷക്കുള്ളത‌്. എഴുത്തുപരീക്ഷയിൽ വിവരണാത്മക രീതിയിലുള്ള ഒമ്പത‌് പേപ്പറുകളാണുള്ളത‌്. ഇതിൽ ഇംഗ്ലീഷ‌്, പ്രാദേശികഭാഷ എന്നീ രണ്ടു പേപ്പറുകൾ യോഗ്യതാ പേപ്പറുകളാണ‌്. ഇതു കൂടാതെ പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കി നാലു പേപ്പറുകൾ. അവയിൽ ഒന്ന‌് ഉദ്യോഗാർഥിയുടെ അഭിരുചി, സത്യസന്ധത എന്നിവ അളക്കുന്ന പേപ്പറാണ‌്. യുപിഎ‌സ‌്സി അംഗീകരിച്ച വിഷയങ്ങളുടെ പട്ടികയിൽനിന്നും ഒരു ഐഛികവിഷയം തെരഞ്ഞെടുത്ത‌് ഇതുമായി ബന്ധപ്പെട്ട രണ്ടു പേപ്പറുകളും ഉദ്യോഗാർഥി എടുക്കേണ്ടിവരും. ഒരു ഉപന്യാസ പേപ്പറും എഴുത്തുപരീക്ഷയിലുണ്ട‌്.

യോഗ്യതാപേപ്പറുകളുടെ മാർക്ക‌് മെയിൻ പരീക്ഷയുടെ മൊത്തംമാർക്കിലേക്ക‌് പരിഗണിക്കുകയില്ല. 250 മാർക്ക‌് വീതമുള്ള ഏഴ‌് പേപ്പറുകൾക്കുംകൂടി ആകെ 1750 മാർക്കാണുള്ളത‌്.  എഴുത്തുപരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ആകെ ഒഴിവിന്റെ രണ്ടിരട്ടിയോളം ഉദ്യോഗാർഥികൾ ഇന്റർവൂവിന‌് തെരഞ്ഞെടുക്കപ്പെടും. ഇന്റർവ്യൂവിന‌് 275 മാർക്ക‌്. എഴുത്ത‌്പരീക്ഷയിലും ഇന്റർവ്യൂവിനും ഉദ്യോഗാർഥി നേടുന്ന മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിലാണ‌് റാങ്ക‌് പട്ടികയിൽ ഇടം കണ്ടെത്തുന്നത‌് .  അതുകൊണ്ടുതന്നെ മെയിൻ പരീക്ഷയിൽ ലഭിക്കുന്നമാർക്ക‌് ഉദ്യോഗാർഥിയുടെ റാങ്കും സർവീസും നിർണയിക്കുന്നതിൽ വലിയ പങ്ക‌് വഹിക്കുന്നു. മെയിൻപരീക്ഷയുടെ അപേക്ഷക്കൊപ്പംഉദ്യോഗാർഥി സമർപ്പിക്കുന്ന സർവീസ‌് മുൻഗണനാക്രമവും സർവീസ‌് ഏതെന്ന‌് നിശ‌്ചയിക്കുന്നതിൽ ഒരു ഘടകമാണ‌്.

പരാജിതർക്കും ആശ്വാസം

പ്രിലിമിനറിയും മെയിൻ എഴുത്തുപരീക്ഷയും വിജയിച്ച‌് ഇന്റർവ്യൂവിൽ പരാജയപ്പെടുന്ന നിരവധിപേരുണ്ട‌്. ഈ വർഷംതൊട്ട‌് ഇത്തരം ഉദ്യോഗാർഥികൾക്ക‌് മെയിൻപരീക്ഷയിൽ ലഭിക്കുന്ന മാർക്ക‌് യുപിഎസ‌്സി വെബസൈറ്റിൽ അവരുടെ സമ്മതത്തോടെ പ്രസിദ്ധീകരിക്കും. ഈ വിവരം പ്രയോജനപ്പെടുത്തി പൊതു, സ്വകാര്യമേഖലയിലെ റിക്രൂട്ട‌്മെന്റ‌് ഏജൻസികൾക്ക‌് ആവശ്യമെങ്കിൽ ഇവരെ നിയമിക്കാം.

സിവിൽസർവീസ‌് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമല്ല. ഏതെങ്കിലും ഒരു ഘട്ടത്തിലെ പരാജയത്തിൽ നിരാശരാകാതെ അതിൽ നിന്നും പാഠം ഉൾക്കൊണ്ട‌് നിശ‌്ചയദാർഢ്യത്തോടെ മുന്നോട്ടുപോവുക. സിവിൽ സർവീസ‌് എന്ന സ്വപ‌്നം യാഥാർഥ്യമാവുകതന്നെ ചെയ്യും. പരീക്ഷയെക്കുറിച്ച‌് കൂടുതലറിയാൻ www.upsc.gov.in വെബ‌്സൈറ്റ‌് കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top