24 April Wednesday

എന്‍ജിനിയറിങ് മേഖല മികവിന്റെ കേന്ദ്രങ്ങളാകണം

ഡോ. ടി പി സേതുമാധവന്‍Updated: Thursday Jul 21, 2016

ഇത്തവണയും എന്‍ജിനിയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. മെറിറ്റ് സീറ്റുകള്‍തന്നെ 14000 ഒഴിഞ്ഞുകിടക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം 18000ത്തോളം എന്‍ജിനിയറിങ് സീറ്റാണ് ഒഴിഞ്ഞുകിടന്നത്. സംസ്ഥാനത്ത് മൊത്തം  162ഓളം എന്‍ജിനിയറിങ് കോളേജുകളുണ്ട്.  60 ശതമാനത്തിലധികം  കോളേജിലും സീറ്റുകള്‍ പൂര്‍ണമായും നികത്താന്‍ സാധിക്കുന്നില്ല.  ഒരു മാനദണ്ഡവുമില്ലാതെ എന്‍ജിനിയറിങ് കോളേജുകള്‍ അനുവദിച്ചതിന്റെ പരിണതഫലമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. അഞ്ചോളം എന്‍ജിനിയറിങ് കോളേജുകള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ബിടെക്കിന് താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളെക്കാള്‍ സീറ്റിന്റെ എണ്ണം  കൂട്ടുന്നതാണ് ഈ അവസ്ഥയ്ക്ക് വഴിയൊരുക്കിയത്. തമിഴ്നാട്ടില്‍ 200 ഓളം എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കേരളത്തില്‍  പ്രവേശനപരീക്ഷാ മാര്‍ക്ക് നിഷ്കര്‍ഷിക്കുമ്പോള്‍ പതിനായിരത്തോളം വിദ്യാര്‍ഥികളാണ് അയല്‍സംസ്ഥാനങ്ങളില്‍ ബിടെക്കിന്  പ്രവേശനം തേടുന്നത്.

എന്‍ജിനിയറിങ്ങിന് ചേരുന്നതിനുമുമ്പ് വിദ്യാര്‍ഥികള്‍  കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ ശരാശരി വിജയശതമാനം  അറിയുന്നത്  നല്ലതാണ്.  ഇത് ഏകദേശം  20 ശതമാനത്തോളം  മാത്രമേ ഉള്ളൂ.   അറിവും തൊഴില്‍ നൈപുണ്യവും വിവേകവും  മികച്ച മനോഭാവവും വേണ്ട പ്രൊഫഷനാണിത്.  ആദ്യത്തെ നാല് സെമസ്റ്റര്‍ ശരാശരിയിലും മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിള്‍ക്ക് പഠനം അത്ര എളുപ്പമല്ല.  എന്‍ജിനിയറിങ്  മാത്തമാറ്റിക്സിലാണ് വിദ്യാര്‍ഥികള്‍ കൂടുതലായി തോല്‍ക്കുന്നത്. 

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയില്‍ അഭിരുചിയില്ലാത്ത വിദ്യാര്‍ഥികള്‍ എന്‍ജിനിയറിങ്ങന് ശ്രമിക്കരുത്. അടുത്തിടെ പുറത്തിറങ്ങിയ  നാസ്കോമിന്റെ  കണക്കനുസരിച്ച്  പുറത്തിറങ്ങുന്ന എന്‍ജിനിയറിങ് ബിരുദധാരികളില്‍ മൂന്നിലൊന്നു പേര്‍ക്കു മാത്രമേ തൊഴില്‍ ലഭിക്കുന്നുളളു.  എന്നാല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ പദ്ധതികള്‍ എന്‍ജിനിയറിങ്ങിന് കരുത്തേകും. ലോകത്തിലെ മൊത്തം എന്‍ജിനിയര്‍മാരില്‍ 15 ശതമാനത്തോളം ഇന്ത്യക്കാരാണ്. 2020 ഓടെ  ഇത് 25 ശതമാനം  ആക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിങ് മികച്ച തൊഴില്‍മേഖലയാണ്. എന്നാല്‍ മറ്റ്ഡിഗ്രി കോഴ്സുകളില്‍ അഡ്മിഷന്‍ കിട്ടാത്തതുമൂലവും,  രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങിയും എന്‍ജിനിയറിങ് പഠിക്കാന്‍  ശ്രമിക്കുന്നത് അഭികാമ്യമല്ല. എന്‍ജിനിയറിങ്  പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ടെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

താല്‍പ്പര്യം, അഭിരുചി, പ്രതിബദ്ധത, ദിശാബോധം, ആത്മവിശ്വാസം, കഴിവുകള്‍, കഴിവുകേടുകള്‍ എന്നിവ വിലയിരുത്തി എന്‍ജിനിയറിങ്ങിന് പ്രവേശനം എടുക്കുന്നതാണ് അഭികാമ്യം. മികച്ച ഭൌതികസൌകര്യം, യോഗ്യരായ അധ്യാപകര്‍, ക്യാമ്പസ് പ്ളേസ്മെന്റ് എന്നിവയും പ്രത്യേകം വിലയിരുത്തണം.

എന്‍ജിനിയറിങ് സീറ്റുകളുടെ എണ്ണം വര്‍ധിച്ചതുകാരണം പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ എണ്ണവും വര്‍ധിച്ചുവരുന്നു.  എന്‍ജിനിയറിങ് ബിരുദം കേവലം അടിസ്ഥാനബിരുദം എന്ന നിലയിലേക്കു മാറുന്ന പ്രവണതകളാണ് ഇന്ന് ദൃശ്യമാകുന്നത്.  മികച്ച തൊഴിലിന് ബിരുദാനന്തര ബിരുദപഠനം ഈ മേഖലയില്‍ അത്യന്താപേക്ഷിതമായിരിക്കുകയാണ്. വിദേശപഠനത്തിനും ഏറെ സാധ്യതകള്‍ ഇന്നുണ്ട്.ഐഐടി,എന്‍ഐടികളില്‍ എന്‍ജിനിയറിങ് പ്രവേശനത്തിനു ശ്രമിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. സ്പെഷ്യലൈസ്ഡ് എന്‍ജിനിയറിങ് ശാഖകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മികച്ച തൊഴിലവസരങ്ങളുണ്ട്. എന്‍ജിനിയറിങ് സീറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top