20 April Saturday

ബയോഡാറ്റയിലെ പേരുകള്‍ ഉണ്ടാക്കുന്ന കഥ

നിഖില്‍ നാരായണന്‍Updated: Thursday Jul 21, 2016

നിങ്ങള്‍ ഗൂഗിള്‍ ഡോക്സ് (https://docs.google.com) തുറക്കുമ്പോള്‍ ഒരുപറ്റം ടെംപ്ളേറ്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? റെസ്യൂം, കത്ത്, റിപ്പോര്‍ട്ട്, പ്രോജക്ട് പ്രൊപ്പോസല്‍, ഉപന്യാസം, ക്ളാസ് നോട്ടുകള്‍ എന്നിവയുടെയൊക്കെ നിരവധി ഉദാഹരണങ്ങള്‍. ഒരു റെസ്യൂം ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ ടെംപ്ളേറ്റ് തപ്പി നെട്ടോട്ടം ഓടാറുണ്ടെന്ന് ഗൂഗിളിനറിയാം. അതുകൊണ്ടാണ് ഇത്തരം ഉദാഹരണങ്ങള്‍ ഗൂഗിള്‍ ഡോക്സില്‍ ലഭ്യമാക്കിയിരിക്കുന്നത്. അതുപോലെതന്നെ ഉപന്യാസത്തിന്റെയും, പ്രോജക്ട് പ്രൊപ്പോസലിന്റെയുമൊക്കെ ഉദാഹരണങ്ങള്‍. നമ്മളെപ്പോലത്തെ ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഈ ഉദാഹരണങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്ന ഒരാളുണ്ട്.  കാസി ബോമര്‍ (Casey Baumer) എന്ന അമേരിക്കയിലെ ഫുഡ് സ്റ്റൈലിസ്റ്റ്. 
കാര്യം ഇതാണ്. മേല്‍പ്പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും കാസിയുടെ പേരാണ് കൊടുത്തിട്ടുള്ളത്. അതായത് കാസിയുടെ റെസ്യൂം, കാസിയുടെ പ്രോജക്ട് റിപ്പോര്‍ട്ട്, അങ്ങിനെയങ്ങിനെ. ആദ്യമൊക്കെ സുഹൃത്തുക്കള്‍ കാസിയെ വിളിച്ച് അവരുടെ പേര് ഗൂഗിള്‍ ഇതിനൊക്കെ ഉപയോഗിക്കുന്നു എന്നുപറയുമ്പോള്‍ ഒരല്‍പ്പം സന്തോഷവും, അത്ഭുതവും ഒക്കെയായിരുന്നു. പക്ഷെ കാര്യങ്ങളുടെ കിടപ്പ് പിന്നീടു മാറി.

തങ്ങളുടെ അക്കൌണ്ട് ഹാക്ക്ചെയ്ത് റെസ്യൂം ഒക്കെ സേവ് ചെയ്തു എന്നൊക്കെയുള്ള ചാറ്റ്സന്ദേശങ്ങളും, ഭീഷണിയും ഒക്കെ വരാന്‍തുടങ്ങിയപ്പോഴാണ് സംഭവം കൈവിട്ടുപോയി എന്ന് കാസിക്ക് പിടികിട്ടിയത്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ജോണ്‍ സ്മിത്ത് അല്ലെങ്കില്‍ ജെയ്ന്‍ എന്നുള്ള പേരുകളില്‍ ഒരു ഒറിജിനാലിറ്റി ഇല്ലാത്തതുകൊണ്ടാണത്രെ ഗൂഗിള്‍ കാസിയുടെ പേര് ഉപയോഗിച്ചത്. ഗൂഗിള്‍“ഉണ്ടാക്കിയ“കാസി ബോമര്‍ എന്ന പേരില്‍ ഒരാള്‍ ജീവിച്ചിരിക്കുന്നത് യഥാര്‍ഥ കാസിക്ക് ബുദ്ധിമുട്ടായി എന്നുമാത്രം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഹാക്ചെയ്ത്, അല്ലെങ്കില്‍ ഫയലുകള്‍ മറന്നുവച്ചു എന്നൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിപറഞ്ഞ് തളര്‍ന്നിരിക്കുകയാണ് കാസി. ഒരോ ദിവസവും നിരവധി ഫെയ്സ്ബുക്ക് സന്ദേശങ്ങളാണ് കാസിക്ക് ഇതുസംബന്ധിച്ചു വരുന്നത്.

ഈ ഉദാഹരണങ്ങില്‍ ഒന്നും പേരിനപ്പുറം കാര്യമായി ഒന്നുമില്ല എന്ന് ഈ ‘ഭീഷണികള്‍ അയക്കുന്നവര്‍ കാണുന്നില്ല എന്നത് ഒരു സത്യം. ലോറെം ഇപ്സം “പോലെയുള്ള ഫില്ലര്‍ടെക്സ്റ്റ് ആണ് ഈ ഉദാഹരണങ്ങളില്‍ മുഴുവനും. ഇതില്‍നിന്നൊരു മോചനം നേടിത്തരൂ എന്ന് ഇക്കഴിഞ്ഞ ആഴ്്ചകളില്‍ കാസി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റുകള്‍ വൈറലാകുകയും, ഇത് ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഗൂഗിള്‍ കാസിയുടെ പേര് ഈ ഉദാഹരണങ്ങളില്‍നിന്ന് നീക്കംചെയ്ത് മറ്റൊരു പേര് അതിലൊക്കെ ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അത് ജീവിച്ചിരിക്കുന്ന മറ്റൊരാളുടെ പേരാണെങ്കിലോ? ഇത്തവണയെങ്കിലും ഗൂഗിള്‍,ഒന്ന് ഗൂഗിളില്‍ തെരഞ്ഞ് ഇല്ലാത്ത ഒരാളുടെ പേര് തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top