19 March Tuesday

എന്‍ജിനിയറിങ് പ്രവേശന പരീക്ഷ: ആദ്യ 10ല്‍ 3 റാങ്കും എറണാകുളത്തിന്

സ്വന്തം ലേഖികUpdated: Tuesday Jun 21, 2016

കൊച്ചി > സംസ്ഥാനത്തെ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ എറണാകുളം ജില്ലയ്ക്ക് റാങ്കുകളുടെ തിളക്കം. ആദ്യ പത്ത് റാങ്കുകളില്‍ ഒന്നാംറാങ്ക് അടക്കം മൂന്നും എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്കും നേടിയത് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഒന്നാം റാങ്ക് നേടിയ വി രാം ഗണേഷും ഏഴാം റാങ്ക് നേടിയ ജോര്‍ഡി ജോസും ഒന്‍പതാം റാങ്ക് നേടിയ റിതേഷ് കുമാറും എസ്്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക്്നേടിയ എസ് നമിതയുമാണ് ജില്ലയുടെ യശസ് ഉയര്‍ത്തിയത്.

ഒന്നാം റാങ്ക് നേടിയ വി റാം ഗണേഷ് തൃപ്പൂണിത്തുറ ചിന്‍മയ വിദ്യാലയയില്‍ നിന്നാണ് 98.4ശതമാനം മാര്‍ക്കോടെ പ്ളസ് ടു ജയിച്ചത്. തൃപ്പൂണിത്തുറ ശ്രീഹരിറാമില്‍ ഫാക്ടിറ്റിലെ കെമിക്കല്‍ എന്‍ജിനിയറായ ആര്‍ വെങ്കിടേഷിന്റെയും ബിഎസ്എന്‍എല്‍ ജീവനക്കാരി ആര്‍ റോജയുടെയും മകനായ റാം ഗണേഷിന് ഇലക്ട്രിക്കല്‍ എന്‍ജിനീയറാവാനാണ് താല്‍പ്പര്യം. അനുജന്‍ ഹരി ഗണേഷ് പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. പ്രവേശനപരീക്ഷയില്‍ 945/960 മാര്‍ക്ക് വാങ്ങിയാണ് റാം ഗണേഷ് ഒന്നാം റാങ്ക് നേടിയത്.

വാഴക്കുളം ആലക്കാട്ട് ഹൌസില്‍ ജിയോ ജോസിന്റെയും ഡീനയുടെയും ഏക മകനാണ് ഏഴാം റാങ്ക് നേടിയ ജോര്‍ഡി ജോസ്. ജിയോ ജോസ് അധ്യാപകനും ഡീന കൃഷി ഓഫീസറുമാണ്. മാന്നാനം കെഇ സ്കൂളിലായിരുന്നു ജോര്‍ഡിയുടെ പ്ളസ്ടു പഠനം. പ്ളസ് ടുവിന് 99 ശതമാനം മാര്‍ക്ക് വാങ്ങിയ ജോര്‍ഡിക്ക് 895/960 മാര്‍ക്കാണ് പ്രവേശനപരീക്ഷയ്ക്ക് ലഭിച്ചത്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നു.

സംസ്ഥാന എന്‍ജിനിയറിങ് പരീക്ഷയില്‍ ഒന്‍പതാം റാങ്ക് നേടിയ റിതേഷ് കുമാര്‍ മലയാളിയല്ല. കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ രാകേഷ് കുമാറിന്റെ ജോലി സംബന്ധമായാണ് ഉത്തര്‍പ്രദേശുകാരനായ റിതേഷ് നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാകുന്നത്. അമ്മ രാജ്ബാല വീട്ടമ്മയാണ്. പ്രവേശന പരീക്ഷയില്‍ 898/960 മാര്‍ക്ക് വാങ്ങിയ റിതേഷിന് പ്ളസ്ടുവിന് 96.8 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക് ലഭിച്ച എസ് നമിത എറണാകുളം പൂണിത്തുറ സ്വദേശിയാണ്. ആദ്യ 1000 റാങ്കുകാരില്‍ 185പേര്‍ ഉള്‍പ്പെടെ ജില്ലയില്‍നിന്ന് ആകെ 6,971പേര്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് അര്‍ഹരായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top