20 April Saturday

നീറ്റ‌്: ആശങ്ക വേണ്ട; ഓപ‌്ഷൻ ശ്രദ്ധിക്കണം

ഡോ. ടി പി സേതുമാധവൻUpdated: Thursday Jun 20, 2019


കേരളത്തിലെ എൻജിനിയറിങ്, മെഡിക്കൽ, കാർഷിക, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള നീറ്റ് റാങ്ക് ലിസ്റ്റ് വന്നതോടെ രക്ഷിതാക്കളും വിദ്യാർഥികളും ഏത് കോഴ്സിന് അഡ്മിഷൻ ലഭിക്കുമെന്ന കാര്യത്തിൽ ആകാംക്ഷയിലാണ്. നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലുള്ള മെഡിക്കൽ, ഡെന്റൽ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി സയൻസ്, ഫിഷറീസ് കോഴ്സുകൾക്കുള്ള അഡ്മിഷൻ നടക്കുന്നത് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ്.

കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള  ബി ടെക് പ്രവേശനം എൻജിനിയറിങ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. NATA പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആർക്കിടെക്ചർ ബി ആർക് റാങ്ക് ലിസ്റ്റ്, എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പറിന്റെ അടിസ്ഥാനത്തിൽ  ഫാർമസി കോഴ്സുകൾക്ക് വേണ്ടിയുള്ള ഫാർമസി റാങ്ക് ലിസ്റ്റ്, ആയുർവേദ ബിരുദ കോഴ്സായ ബിഎഎംഎസിനു വേണ്ടിയുള്ള റാങ്ക് ലിസ്റ്റ് എന്നിവയും പ്രസിദ്ധീകരിച്ചു.  മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്കും മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റുണ്ടാകും.

റാങ്കിനനുസരിച്ച് 2018 ലെ അവസാന റാങ്ക് വിലയിരുത്തുന്നത് നല്ലതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ www.cee.kerala.gov.in ലൂടെ ശ്രദ്ധയോടെ ചെയ്യണം.  ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് താൽപര്യമുള്ള കോഴ്സുകൾ, കോളേജുകൾ എന്നിവ മനസ്സിലാക്കി  പ്രവേശന പരീക്ഷാ കമീഷണറേറ്റ് തയ്യാറാക്കിയ  കോഡ് അറിയേണ്ടതാണ്.  കോഴ്സിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേകം  കോഡുണ്ടാകും. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെ കാൻഡിഡേറ്റ് പോർട്ടലിൽ കടന്ന് ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രീയ നടത്താം. മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് രണ്ട് റൗണ്ട് കൗൺസലിങ് മാത്രമെയുണ്ടാകൂ. തുടർന്ന് സ്പോട്ട് അഡ്മിഷനുണ്ടാകും.  എന്നാൽ മെഡിക്കൽ അനുബന്ധ, കാർഷിക കോഴ്സുകൾക്ക് അഞ്ച് തവണയിലധികം കൗൺസലിങ്ങും തുടർന്ന്  ഒഴിവുള്ള സീറ്റുകളിൽ  സ്പോട്ട് അഡ്മിഷനുണ്ടാകും. എല്ലാ നടപടിക്രമങ്ങളും ആഗസ്ത് 31 നകം പൂർത്തിയാക്കി സെപ്തംബർ ഒന്നിന് ക്ലാസ് തുടങ്ങേണ്ടതുണ്ട്.

എൻജിനിയറിങ് റാങ്ക് ലിസ്റ്റിൽപ്പെട്ട വിദ്യാർഥികൾക്ക്  സീറ്റ് ലഭിക്കുമെന്നുറപ്പാണ്. മികച്ച റാങ്കുള്ളവർക്ക് സർക്കാർ കോളേജുകളിൽ അഡ്മിഷൻ ലഭിക്കും. താൽപര്യം, അഭിരുചി എന്നിവ വിലയിരുത്തി കോഴ്സുകളും, ബ്രാഞ്ചുകളും തെരഞ്ഞെടുക്കണം. മെഡിക്കൽ, ഡെന്റൽ റാങ്ക് ലിസ്റ്റിലും, മെഡിക്കൽ അനുബന്ധ റാങ്ക് ലിസ്റ്റിലും, എൻജിനിയറിങ് റാങ്ക് ലിസ്റ്റിലുമുള്ളവർ ഏത് കോഴ്സാണ് വേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകരുത്.എല്ലാ കോഴ്സുകൾക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. എംബിബിഎസ് കിട്ടിയില്ലെങ്കിൽ തുടരെ തുടരെ നീറ്റ് പരീക്ഷ എഴുതുന്നതിന് പകരം താൽപര്യമുള്ള മറ്റു കോഴ്സുകൾ കണ്ടെത്താൻ രക്ഷിതാക്കളും വിദ്യാർഥികളും തയ്യാറാകണം. എല്ലാ കോഴ്സുകൾക്കും ബിരുദത്തിനപ്പുറം  ബിരുദാനന്തര പഠനം അത്യാവശ്യമായി വരും. അതിനായി മികച്ച ഉപരിപഠനത്തിലൂടെ ലക്ഷ്യം കൈവരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top