29 March Friday

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ‌കേന്ദ്രം മാറാൻ 21 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

തിരുവനന്തപുരം
എസ്എസ്എൽസി,  ഹയർ സെക്കൻഡറി,  വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറാൻ  ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. -ലോക്ക്ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക് /പോസ്റ്റ് മെടിക് ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിനും ഗൾഫിലും ലക്ഷദ്വീപിലും അടിയന്തരഘട്ടങ്ങളിൽ മറ്റു ജില്ലകളിലുംപെട്ടുപോയ വിദ്യാർഥികൾക്ക് തുടർന്നുള്ള പരീക്ഷകൾക്ക്‌ സൗകര്യപ്രദമായ സ്കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതിനും  അപേക്ഷ സമർപ്പിക്കാം. ജില്ലകൾക്കകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദനീയമല്ല.

ഹയർ സെക്കൻഡറി | വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷനുള്ള സ്കൂളുകൾ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാനാകൂ. ഓൺലൈൻ അപേക്ഷകൾ 21 ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം.  പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള ലിസ്റ്റ്  23ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാൻ സാധിക്കാത്തപക്ഷം ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം നൽകും. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷാ കേന്ദ്രമാറ്റങ്ങൾക്ക് യഥാക്രമം https://sslcexam.kerala.gov.in,
www.hscap.kerala.gov.in, www.vhscap.kerala.gov.in  ‘Application for Centre Change’  ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. എസ്‌എസ്‌എൽസി വിദ്യാർഥികൾ അവർ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രമാണ് തെരഞ്ഞെടുക്കേണ്ടത്. ഹയർ സെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ കോഴ്സ് വിവരം  www.hscap.kerala.gov.in, വെബ്സൈറ്റിലെ ‘School List' മെനുവിൽ  ലഭ്യമാകും. 

വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ കോഴ്സ് വിവരം മാതൃ സ്കൂൾ പ്രിൻസിപ്പലിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം. ഹയർ സെക്കൻഡറി വെക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്ന്‌ അപേക്ഷിക്കുന്നവർ ജില്ലയിൽ തങ്ങൾ പഠിക്കുന്ന കോഴ്സുകൾ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓൺലൈൻ അപേക്ഷ നൽകാൻ. സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ അതേ വിഭാഗത്തിലുള്ള സ്പെഷ്യൽ സ്കൂളുകൾ മാത്രമേ തെരഞ്ഞെടുക്കാവൂ.

ഐഎച്ച്‌ആർഡി,  ടിഎച്ച്എസ്‌എൽസി‌ വിദ്യാർഥികളും ജില്ലയിലെ ഈ വിഭാഗം സ്കൂളുകൾ മാത്രമേ പരീക്ഷാകേന്ദ്രമാറ്റത്തിനായി തെരഞ്ഞെടുക്കാവൂ. എഎച്ച്‌എസ്‌എൽസി, ആർട്‌സ്‌ എച്ച്‌എസ്‌ വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. ഓൺലൈൻ അപേക്ഷയുടെ  വിശദാംശം അതത് വെബ്സൈറ്റിൽ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top