26 April Friday

കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് ബിടെക്കിന് എന്‍ബിഎ പ്രത്യേക അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2016

കൊച്ചി> കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് നടത്തുന്ന ഏഴ് ബിടെക് പ്രോഗ്രാമുകള്‍ക്കും രണ്ടുവര്‍ഷത്തേക്ക് ടയര്‍–1 പദ്ധതിയുടെ കീഴിലുള്ള എന്‍ബിഎ അക്രഡിറ്റേഷന്‍ ലഭിച്ചു. സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബിടെക് പ്രോഗ്രാമുകള്‍ക്കാണ് 2015 ജൂലൈ ഒന്നുമുതല്‍ രണ്ടുവര്‍ഷത്തേക്ക് അക്രഡിറ്റേഷന്‍ ലഭിച്ചത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനിയറിങ് എന്നീ ബിടെക് പ്രോഗ്രാമുകള്‍ക്ക് 2016 ജനുവരി ഒന്നുമുതല്‍ രണ്ടുവര്‍ഷത്തേക്കാണ് അക്രഡിറ്റേഷന്‍. 

കേരളത്തിലെ ഒരു എന്‍ജിനിയറിങ് സ്ഥാപനത്തിന് ആദ്യമായാണ് ടയര്‍–1 പദ്ധതിയുടെ കീഴിലുള്ള എന്‍ബിഎ അക്രഡിറ്റേഷന്‍ ലഭിക്കുന്നതെന്ന് സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഉള്ളടക്കത്തില്‍ മൂല്യനിര്‍ണയസമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ അധികാരമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാല വകുപ്പുകള്‍ എന്നിവ ടയര്‍–1 പദ്ധതിയുടെ പരിധയില്‍വരും. IIT, IISc, NIT എന്നീ കേന്ദ്ര–സംസ്ഥാന കല്‍പ്പിത സ്വയംഭരണ സര്‍വകലാശാലകള്‍ നേരിട്ടു നടത്തുന്ന എന്‍ജിനിയറിങ് ബിരുദ കോഴ്സുകള്‍ക്കാണ് ടയര്‍–1 പദ്ധതിപ്രകാരം അക്രഡിറ്റേഷന് അര്‍ഹതയുള്ളത്. സര്‍വകലാശാലകളുടെ അഫിലിയേഷനുള്ള കോളേജുകളില്‍ നടത്തുന്ന കോഴ്സുകള്‍ക്ക് ടയര്‍–2 പദ്ധതിയുടെ കീഴിലാണ് അക്രഡിറ്റേഷന്‍ ലഭിക്കുന്നതെന്നും സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പല്‍ അറിയിച്ചു. 2014ല്‍ ഒപ്പുവച്ച വാഷിങ്ടണ്‍ ഉടമ്പടിപ്രകാരം ടയര്‍–1 സംവിധാനത്തിലൂടെ ലഭിച്ച എന്‍ജിനിയറിങ് ബിരുദങ്ങള്‍ ഉടമ്പടി ഒപ്പുവച്ച രാജ്യങ്ങളില്‍ തുല്യമായി പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top