23 September Saturday

ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനം: അപേക്ഷകർ അറിയേണ്ടത്‌

ആർ സുരേഷ് കുമാർUpdated: Wednesday Feb 19, 2020


ജോയിന്റ് എൻട്രൻസ് പരീക്ഷയ്‌ക്കായി (ജെഇഇ മെയിൻ) രണ്ടാമത് അപേക്ഷിക്കാനുള്ള സമയമാണിപ്പോൾ. ദേശീയതലത്തിൽ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണിത്. ഏപ്രിൽ 5 മുതൽ 11വരെ (പത്താം തീയതിയൊഴികെ)യുള്ള അഞ്ച് ദിവസത്തിൽ രണ്ട് ഷിഫ്റ്റായി പരീക്ഷ നടക്കും. മാർച്ച് ആറുവരെ അപേക്ഷിക്കാം. ജനുവരിയിൽ നടന്ന ആദ്യപരീക്ഷ എഴുതിയവർക്ക് അതിന്റെ ക്രഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അല്ലാത്തവർ പുതുതായി രജിസ്റ്റർ ചെയ്തുവേണം അപേക്ഷിക്കാൻ. രാജ്യത്തെ 23 ഐഐടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), 31 എൻഐടി(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), 25 ഐഐഐടി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), 28 ജിഫ്ടിഐ (ഗവ. ഫണ്ടഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവയിലേക്കുള്ള പ്രവേശനം നടക്കുന്നത് ജെഇഇ പരീക്ഷകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് മെയിൻ പരീക്ഷയിൽ ഓരോ വിദ്യാർഥിക്കും ലഭിക്കുന്ന മികച്ച സ്കോർ ഏതാണോ അതിന്റെയടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റാണ്  ഐഐടികളിൽ ഒഴികെ പ്രവേശനത്തിനായി പരിഗണിക്കുക. ഒരുപരീക്ഷമാത്രം എഴുതിയവരുടെ സ്കോർ അതേനിലയിൽ സ്വീകരിക്കും.

ജെഇഇ അഡ്വാൻസ്ഡ്; മെയ്‌ 17ന്‌
ഐഐടികളിൽ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജയിക്കേണ്ടതുണ്ട്. ജെഇഇ മെയിൻ പരീക്ഷയിൽ മികവ് പുലർത്തുന്ന എല്ലാവിഭാഗങ്ങളിലെയും രണ്ടരലക്ഷം ഉയർന്ന റാങ്കുകാർക്കാണ് ജെഇഇ അഡ്വാൻസ്‌ഡ്‌ പരീക്ഷ എഴുതാൻ  അവസരം ലഭിക്കുക. ഇതിന്‌  മികവ് തെളിയിക്കുന്നവർക്കാണ് ഐഐടികളിലെ പ്രവേശനത്തിന്‌ അവസരം ലഭിക്കുക. ഈവർഷം ഐഐടി ഡൽഹിയാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തുക. ജോയിന്റ് അഡ്മിഷൻ ബോർഡിന്റെ (ജെഎബി) മേൽനോട്ടത്തിലാണിത്‌. മേയ് 17ന് പരീക്ഷ നടത്താനും  ജൂൺ 8ന് ഫലം പ്രഖ്യാപിക്കാനുമാണ് തീരുമാനം.

മുകളിൽപ്പറഞ്ഞ എല്ലാ വിഭാഗം സ്ഥാപനങ്ങളിലേക്കുമുള്ള കൗൺസലിങ്‌ നടത്തി സീറ്റുകൾ അലോട്ട് ചെയ്യുന്നത് ഇപ്പോൾ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA)യാണ്. പ്രവേശനപരീക്ഷയിലെ റാങ്കിനൊപ്പം ബോർഡ് പരീക്ഷയ്‌ക്കും പ്രാധാന്യം.

യോഗ്യതാ പരീക്ഷയിൽ 75 ശതമാനം മാർക്ക് വേണം
ജെഇഇ മെയിൻ/അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന റാങ്കുകൾ നേടിയാൽമാത്രം ദേശീയതല ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന്‌  പരിഗണിക്കണമെന്നില്ല. വിവിധ ബോർഡുകൾ നടത്തുന്ന യോഗ്യതാ പരീക്ഷയിൽ (പ്ലസ് ടു) കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയിരിക്കണം. പട്ടികജാതി–- വർഗ വിഭാഗക്കാർക്കും ശാരീരികവെല്ലുവിളി നേരിടുന്നവർക്കും 65 ശതമാനം മാർക്ക് മതി. ഇത്രയും ശതമാനം മാർക്കില്ലെങ്കിലും അതത് ബോർഡുകൾ നടത്തുന്ന പരീക്ഷയിൽ ഏറ്റവും കൂടിയ ഇരുപത് പെഴ്‌സന്റൈൽ സ്കോറിനുള്ളിൽ ഉൾപ്പെട്ടാൽ പ്രവേശനയോഗ്യതയുണ്ടാകും. ഓരോ ബോർഡിന്റെയും പരീക്ഷകൾ വ്യത്യസ്ത രീതിയിലാണ് നടക്കുന്നതെന്നതിനാലാണ് ഇങ്ങനെയൊരാനുകൂല്യം നൽകുന്നത്. ഉദാഹരണത്തിന് 2018ൽ ഐഐടികളിൽ പ്രവേശനത്തിനുള്ള  സിബിഎസ്ഇ ബോർഡിന്റെ കട്ട് ഓഫ് പെഴ്സന്റൈൽ ജനറൽ വിഭാഗത്തിന് 432 ആയിരുന്നപ്പോൾ കേരളത്തിന്റേത് 448 ഉം ബിഹാർ സ്കൂൾ പരീക്ഷാബോർഡിന്റേത് 293 ഉം ആയിരുന്നു. 500 മാർക്കെന്ന നിലയിൽ ഏകീകരിച്ചാണ് പെഴ്സന്റൈൽ കണ്ടെത്തുന്നത്. 2020ലെ പ്രവേശനത്തിന്‌  2020ലെ പരീക്ഷാഫലങ്ങളായിരിക്കും കണക്കിലെടുക്കുക.

ബോർഡുകൾ ഉയർന്ന 20 ശതമാനം കട്ട് ഓഫ് പെഴ്സന്റൈലിന്റെ വിവരം യഥാസമയം അലോട്ട്മെന്റ് ഏജൻസിക്ക് നൽകിയില്ലെങ്കിൽ വിദ്യാർഥിക്ക് പരീക്ഷാബോർഡിൽനിന്ന് നൽകുന്ന അതിനുവേണ്ടിയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാം. അങ്ങനെയല്ലാത്തവരുടെ കാര്യത്തിൽ സിബിഎസ്ഇയുടെ കട്ട് ഓഫ് പെഴ്സന്റൈൽ പൊതുവായി ബാധകമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top