24 April Wednesday

ലോകപ്രതിഭകളാകാന്‍ 1640 വിദ്യാര്‍ഥികള്‍

സി എ പ്രേമചന്ദ്രൻUpdated: Sunday Nov 18, 2018

തൃശൂർ > പൊതുവിദ്യാഭ്യാസരംഗത്ത് പുത്തൻചുവടുവയ്പായി 1640 വിദ്യാർഥികൾക്ക്  ലോകപ്രതിഭകളാവാൻ   സുവർണാവസരം. പ്രതിഭകളായ കുട്ടികൾക്ക് ലോകോത്തര പഠന പരിപോഷണ പദ്ധതിയാണ് ഒരുക്കുന്നത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ  41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നും എട്ടാംതരത്തിലെ 40 പ്രതിഭകളെ വീതം തെരഞ്ഞെടുത്താണ് വിജ്ഞാന ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നത്. ഈ മാസം നടക്കുന്ന  യുഎസ്എസ് സ്കോളർഷിപ‌് പരീക്ഷകളിലെ വിജയികളെയാണ് തെരഞ്ഞെടുക്കുക. മൂന്നുവർഷത്തിനകം പാവപ്പെട്ട കുട്ടികൾ ഉൾപ്പടെ കേരളത്തിൽ  1640 ലോകപ്രതിഭകളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

സംസ്ഥാന സർക്കാരിന്റെ ഫണ്ട് പ്രയോജനപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റാണ്   പ്രതിഭാധനരായ കുട്ടികൾക്കുള്ള പഠനപരിപോഷണ പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി, വർഗ വിഭാഗത്തെയും വിവിധ ശേഷിയുള്ള കുട്ടികളേയും പരിഗണിക്കും.  അവധി ദിനങ്ങൾ ക്രമീകരിച്ച് വിദഗ്ധ അധ്യാപകസംഘമാണ് പരിശീലനം നൽകുക. എട്ടാംക്ലാസിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ഒമ്പത്, പത്ത് ക്ലാസുകളിൽ തുടർച്ചയായി പരിശീലനം നൽകും. ലോകോത്തര പ്രതിഭാനിർണയ പരീക്ഷകളിൽ പ്രാപ്തരാക്കും. 

സ്കൂൾ പാഠ്യപദ്ധതിക്കപ്പുറം വിവിധ മേഖലകളിൽ ലോകവിജ്ഞാനമാണ് പകരുന്നത്. അടിസ്ഥാന ശാസ്ത്രവും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ വിദഗ‌്ധർ നയിക്കുന്ന ക്ലാസുകളിൽ അഭിമുഖം, സംവാദം, ഉപന്യാസ രചന, മോഡൽ നിർമാണം, മാഗസിൻ നിർമാണം എന്നിവ ഉൾപ്പെടും. ഗണിതശാസ്ത്രത്തിൽ  പ്രോജക്ട് അവതരണം, തൊഴിൽകേന്ദ്രങ്ങളിലെ സന്ദർശനം എന്നിവയും ഹ്യുമാനിറ്റീസിൽ  നാടകാവിഷ്കരണം, റോൾ പ്ലേ, പഠനയാത്രകൾ, മോക്ക് പാർലമെന്റ്, ഡോക്യുമെന്ററി എന്നിവയും ഉൾപ്പെടുന്നു. ഭാഷയും ആശയവിനിമയശേഷിയും എന്ന വിഷയത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളുടെ ഉത്ഭവം, ശബ്ദശാസ്ത്രം, പദസമ്പത്ത്,  ചരിത്രം, പരിണാമം എന്നിവ ഉൾപ്പെടുന്നു.  അറബിക്, ഫ്രഞ്ച്, ചൈനീസ്, ലാറ്റിൻ എന്നീ വിദേശ ഭാഷകളെക്കുറിച്ചും ധാരണ ലഭിക്കും. ആശയവിനിമയ നൈപുണ്യവികസനവും നേടും. കലയും സംസ്കാരവും എന്ന വിഷയത്തിൽ ചിത്രകല, സംഗീതം, അഭിനയം, നൃത്തം, കരകൗശലം, സാംസ്കാരിക സ്ഥാപനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും യാത്രകൾ എന്നിവ ഉൾപ്പെടുന്നു. പരമ്പരാഗത ഉൽപ്പന്നങ്ങളെ പരിചയപ്പെടും. ഉൽപ്പന്നങ്ങളുടെ നിർമാണവും പരിശീലിക്കും. 

പദ്ധതിക്കായി 13 ലക്ഷം രൂപ വീതമാണ് ഓരോ  വിദ്യാഭ്യാസ ജില്ലയ്ക്കും അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് സംസ്ഥാനത്ത് 2.8 കോടി രൂപയാണ് മാറ്റിവച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നിർവഹണ ഉദ്യോഗസ്ഥൻ. പദ്ധതി വിപുലമാക്കുന്നതിനായി റവന്യൂ ജില്ലാ കോ–-ഓർഡിനേറ്റർമാർക്ക് പകരം വിദ്യാഭ്യാസ ജില്ലകളിൽ  കോ–-ഓർഡിനേറ്റർമാരെ സർക്കാർ നിയമിച്ചു.    

വിദ്യാർഥികളുടെ തനത് കഴിവുകൾ പൂർണതയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ    കെ വി  മോഹൻകുമാർ പറഞ്ഞു. ആധുനിക ജീവിത നൈപുണികൾ ആർജിക്കാനും സഹായിക്കും. സുസ്ഥിര വികസന കാഴ്ച്ചപ്പാട് വളർത്തും.  രാഷ്ട്രനിർമാണത്തിലും ജനാധിപത്യത്തിലും ഇടപെടലിന് സാഹചര്യമൊരുക്കും. മനുഷ്യസ്നേഹം, രാഷ്ട്രസ്നേഹം എന്നിവ കുട്ടികളിൽ വളർത്തുന്ന വിധത്തിലാവും പരിശീലനം. നൂതന  ആശയങ്ങൾ രൂപീകരിക്കാനും  പഠിച്ച കാര്യങ്ങൾ അവതരിപ്പിക്കാനും പ്രാപ‌്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top