25 April Thursday

മഹാരാജാസ‌് ഇഷ്ടകലാലയം; 288 പിജി സീറ്റിലേക്ക‌് 5900 അപേക്ഷകർ

സ്വന്തം ലേഖകൻUpdated: Tuesday Jul 17, 2018

കൊച്ചി > എറണാകുളം മഹാരാജാസ‌് കോളേജിലെ ബിരുദകോഴ‌്സുകളിലേക്കുള്ള ആദ്യ അലോട്ട‌്മെന്റിലെ റെക്കോഡ‌് പ്രവേശനത്തിനു പിന്നാലെ ബിരുദാനന്തര ബിരുദകോഴ‌്സിലേക്കും വൻ തിരക്ക‌്. ഒമ്പതിന‌് നടന്ന അലോട്ട‌്മെന്റിൽ 95 ശതമാനം പിജി സീറ്റിലും പ്രവേശനം പൂർത്തിയായി. ആകെയുള്ള 288 സീറ്റിൽ 276 സീറ്റിലേക്കും വിദ്യാർഥികൾ പ്രവേശനം നേടി. സംവരണ വിഭാഗത്തിലുള്ള 12 സീറ്റ‌് മാത്രമാണ‌് ഇനി ഒഴിവുള്ളത‌്. എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ കൊലപാതകത്തിനുശേഷം ചില കേന്ദ്രങ്ങളിൽനിന്നും കോളേജിനെതിരെ അഴിച്ചുവിട്ട പ്രചാരണങ്ങളെ പാടെ തള്ളിക്കളയുന്നതാണിത‌്.

വിവിധ പിജി കോഴ‌്സുകളിലായുള്ള 288 സീറ്റിലേക്ക‌് 5900 പേരാണ‌് പ്രവേശനത്തിന‌് ഓൺലൈൻ അപേക്ഷ സമർപ്പിച്ചത‌്. മുൻവർഷങ്ങളിൽനിന്നു വ്യത്യസ‌്തമായി കേരളത്തിലൊട്ടാകെയുള്ള വിദ്യാർഥികൾ അപേക്ഷ നൽകി.  അലോട്ട‌്മെന്റ‌് ദിവസം 1300 വിദ്യാർഥികൾ അഭിമുഖത്തിനെത്തി. 94 മുതൽ 98 ശതമാനംവരെയായിരുന്നു വിവിധ കോഴ‌്സുകളിലെ അലോട്ട‌്മെന്റിലെ കട്ട‌് ഓഫ‌്. 20 സീറ്റുള്ള ഗണിതശാസ‌്ത്രം പിജി കോഴ‌്സിൽ അവസാനം പ്രവേശനം ലഭിച്ച വിദ്യാർഥിക്ക‌് 98 ശതമാനം മാർക്കാണുള്ളത‌്.

10 സീറ്റുള്ള രസതന്ത്രം പിജി കോഴ‌്സിലേക്ക‌് 650ലധികം പേർ അപേക്ഷിച്ചു. 12 സീറ്റുള്ള എംകോമിന‌് 535 അപേക്ഷകരും 15 സീറ്റുള്ള സാമ്പത്തികശാസ‌്ത്രത്തിന‌് 300ഉം 20 സീറ്റുള്ള ഗണിതശാസ‌്ത്രത്തിന‌് 446ഉം 16 സീറ്റുള്ള ഫിസിക‌്സിന‌് 628ഉം 12 സീറ്റുള്ള സുവോളജിക്ക‌് 337ഉം 15 സീറ്റുള്ള സ‌്റ്റാറ്റിസ‌്റ്റിക‌്സിന‌് 425ഉം പേർ അപേക്ഷിച്ചു.
സ‌്റ്റാറ്റിസ‌്റ്റിക‌്സിന‌് 98 ശതമാനവും രസതന്ത്രത്തിന‌് 96ഉം ബോട്ടണിക്ക‌് 97ഉം സുവോളജിക്ക‌് 94 ശതമാനവുമായിരുന്നു കട്ട‌് ഓഫ‌്. എംകോമിനും എംഎ ഇക്കണോമിക‌്സിനും എംഎ മലയാളത്തിനും എംഎ ഇംഗ്ലീഷിനും 96 ശതമാനമായിരുന്നു കട്ട‌്ഓഫ‌്.

ബിരുദപ്രവേശനത്തിന‌് ആദ്യ അലോട്ട‌്മെന്റിൽതന്നെ 68 ശതമാനം വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു. 25 സീറ്റുള്ള ബിഎ ഇംഗ്ലീഷിന‌് 4200 അപേക്ഷകരാണുണ്ടായത‌്. മറ്റ‌് എല്ലാ ബിരുദകോഴ‌്സുകളിലേക്കും 2000ലധികം പേർ അപേക്ഷിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top