28 November Tuesday

ഇനി പരീക്ഷക്കാലം നമുക്ക് കുട്ടികളെ സഹായിക്കാം

ഉണ്ണി അമ്മയമ്പലം, ആൻ സേവ്യർ (സ്റ്റുഡൻസ് കൗൺസിലർ) ഫോൺ : 9447367077, 9961184600Updated: Saturday Dec 16, 2017

രീക്ഷയെ പുഞ്ചിരിയോടെ നേരിടാംപരീക്ഷയ്ക്കുവേണ്ടി ഒരു ടൈംടേബിൾ
തയ്യാറാക്കുന്നതിന് കുട്ടിയെ സഹായിക്കുക. സമയം വളരെ കുറവാണ്. പഠിക്കാൻ ധാരാളമുണ്ട്. അങ്ങനെ വരുമ്പോൾ നന്നായി പഠിച്ച വിഷയങ്ങളെക്കാൾ മുൻഗണന നല്ലതുപോലെ പഠിക്കാത്ത വിഷയങ്ങൾക്കു നൽകണം. ഇങ്ങനെയായിരിക്കണം ടൈംടേബിളിന്റെ ക്രമീകരണം.

 

കുട്ടികൾക്ക് ഇനി പരീക്ഷാക്കാലമാണ്. പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഉടനെ മോഡൽ പരീക്ഷകളായി. ഒട്ടും ടെൻഷനില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. തന്റെ പ്രതീക്ഷയ്ക്കനുസരിച്ച്, മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഉയരാൻ സാധിക്കുമോ എന്ന ഭയം എല്ലാ കുട്ടികളിലുമുണ്ട്. എന്നാൽ എത്ര പ്രയാസമുള്ള വിഷയവും നന്നായി എഴുതുവാൻ കഴിയുമെന്ന ആത്മവിശ്വാസം കുട്ടികൾക്കു നൽകണം.
പരീക്ഷയടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം തന്നെ ഏറെനേരം അവരോടൊപ്പം ചെലവിടാനും സമയം കണ്ടെത്തണം. ഒരു പരീക്ഷയിൽ അൽപ്പം മാർക്കു കുറഞ്ഞുവെന്നു കരുതി തകർന്നു പോകുന്നതല്ല അവരുടെ ഭാവിയെന്നു ബോദ്ധ്യപ്പെടുത്തണം. കുട്ടിക്ക് കഴിവും സാമർത്ഥ്യവുമുണ്ടെന്നും ഓരോരുത്തരുടേയും കഴിവിനനുസരിച്ച് മികവു കാട്ടിയാൽ മതിയെന്നും അവരോടു പറയണം.


പ്രയാസമുള്ള വിഷയത്തിന് 100ൽ 100ഉം ആഗ്രഹിക്കരുത്. മറിച്ച്, ഏറെ എളുപ്പമായി തോന്നുന്ന വിഷയത്തിന് മികച്ച മാർക്ക് ലഭിക്കുന്നതിന് പ്രോത്സാഹനം നൽകാം.
ഇനി മികച്ച ഫലം ലഭിച്ചില്ലെങ്കിൽ കൂടി പരീക്ഷയെഴുതേണ്ടത് ഒരു കുട്ടിയുടെ ദൗത്യമാണെന്നും ഉത്തരവാദിത്തമാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക, കുട്ടിയുടെ കഴിവും സാമർത്ഥ്യവും അറിവും ശേഷിയും വളർച്ചയുമൊക്കെ പ്രതിഫലിക്കുന്നതിനുമുള്ള ഒരവസരമാക്കുക, ഈ അവസരം നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശീലനമാണ് പഠനം. ഒരുപക്ഷേ നന്നായി എഴുതാൻ പറ്റിയില്ലെങ്കിലും  വിഷമിക്കേണ്ടതില്ലെന്നും പരീക്ഷകൾ ഇനിയുമുണ്ടാകുമെന്നും ധൈര്യമായി മുന്നോട്ടു പോവുകയെന്നുമൊക്കെ കരുത്തിന്റെ ഭാഷയിൽ അവർക്ക് ഉപദേശം നൽകാം.

അതോടൊപ്പം തന്നെ ഒഴിവാക്കേണ്ട സംഗതികൾ ഒഴിവാക്കുക തന്നെ വേണം. പരീക്ഷക്കാലത്ത് ആവശ്യമില്ലാത്ത യാത്രകൾ വേണ്ടെന്നുവയ്ക്കണം. അനാവശ്യമായ ഫോൺവിളി, സംസാരം, വിനോദം തുടങ്ങിയവ ഒഴിവാക്കണം. എപ്പോഴും വളരെ പോസിറ്റീവായ ഒരു അന്തരീക്ഷം വീട്ടിൽ ഉണ്ടായിരിക്കണം.

പരീക്ഷയെ പുഞ്ചിരിയോടെ നേരിടാം


പരീക്ഷയ്ക്കുവേണ്ടി ഒരു ടൈംടേബിൾ തയ്യാറാക്കുന്നതിന് കുട്ടിയെ സഹായിക്കുക. സമയം വളരെ കുറവാണ്. പഠിക്കാൻ ധാരാളമുണ്ട്. അങ്ങനെ വരുമ്പോൾ നന്നായി പഠിച്ച വിഷയങ്ങളെക്കാൾ മുൻഗണന നല്ലതുപോലെ പഠിക്കാത്ത വിഷയങ്ങൾക്കു നൽകണം. ഇങ്ങനെയായിരിക്കണം ടൈംടേബിളിന്റെ ക്രമീകരണം.
ടൈംടേബിളുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മററൊരു കാര്യം പരീക്ഷയിൽ ഓരോ ദിവസമുള്ള പേപ്പറുകളുടെ എണ്ണം, പരീക്ഷാദിവസങ്ങൾ തമ്മിലുള്ള വ്യത്യാസം ഇവ പരിഗണിക്കണം.

ഓരോ വിഷയത്തിലെയും എത്ര ഭാഗം, എത്ര യൂണിറ്റുകൾ നന്നായി പഠിച്ചിട്ടുണ്ട് എന്ന് കുറിച്ചുവയ്ക്കണം. എളുപ്പമുള്ള വിഷയം, വിഷമമുള്ള വിഷയം എന്നിങ്ങനെ മൊത്തം വിഷയങ്ങളെ തരംതിരിച്ചശേഷം ഓരോ വിഷയത്തിനും എത്രസമയം വേണമെന്നു തീരുമാനിക്കണം. എളുപ്പമുള്ള വിഷയങ്ങൾക്ക് കുറച്ചു സമയവും വിഷമമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും നൽകി പഠിക്കണം.

മുൻ വർഷങ്ങളിൽ പരീക്ഷയെഴുതിയ കുട്ടികളോട് പരീക്ഷ എഴുതുന്നതിനെക്കുറിച്ച് മാതാപിതാക്കൾ കുട്ടിയുടെ സാന്നിദ്ധ്യത്തിൽ സംസാരിക്കുക. അവർ ഉത്തരങ്ങൾ എഴുതിയത് എങ്ങനെയാണ്? അവർക്കു വന്ന തെറ്റുകൾ എന്തെല്ലാമാണ്? എല്ലാ ഉത്തരങ്ങളും എഴുതുന്നതിനുള്ള സമയം ലഭിച്ചുവോ? ഇതെല്ലാം ചോദിച്ചു മനസ്സിലാക്കിയാൽ അവർക്കു സംഭവിച്ച തെറ്റുകൾ പരീക്ഷയിൽ ഒഴിവാക്കുന്നതിന് മുൻകരുതലുകൾ എടുക്കാം.
പരീക്ഷയ്ക്കു തയ്യാറെടുക്കുമ്പോൾ പഴയ ചോദ്യപേപ്പറുകൾ ശേഖരിച്ച് സ്വയം വിലയിരുത്താവുന്നതാണ്. ഇപ്പോൾ മലയാളം പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങൾ ഏതൊക്കെയാവും....? അതിൽതന്നെ രണ്ടുതരമുണ്ട് കഠിന ചോദ്യങ്ങൾ, മൃദുവായ ചോദ്യങ്ങൾ. പിന്നെ ബ്രാക്കറ്റിൽനിന്ന് എഴുതാവുന്നവ ഉണ്ടെങ്കിൽ അത്. ചോയിസുകൾഅത് അല്ലെങ്കിൽ ഇത് എന്നിങ്ങനെയുള്ളത്, ചോദ്യങ്ങളുടെ പൊതുസ്വഭാവം, സമയം എന്നിവയെക്കുറിച്ച് ധാരണ കുട്ടിക്ക് ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

പ്രധാനപ്പെട്ടത് എഴുതി സൂക്ഷിക്കുക


കണക്ക്, ഫിസിക്‌സ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധമുള്ള ഫോർമുലകൾ ഭംഗിയായി എഴുതി സൂക്ഷിക്കുക. ഇതുപോലെ കുട്ടികൾ സ്വയം തയ്യാറാക്കിയ ഓർമ്മ സൂത്രങ്ങൾ, പാഠവുമായി ബന്ധപ്പെട്ട ആശയങ്ങൾ, ഉപന്യാസത്തിലെ ഉള്ളടക്കം ലഘുകുറിപ്പുകളാക്കിയത് തുടങ്ങിയവ എഴുതി സൂക്ഷിക്കുന്നതും ഇടയ്ക്കിടയ്ക്ക് നോക്കി ഓർമ്മ പുതുക്കുന്നതും നല്ലതാണ്. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ മനസ്ലിലാകുന്ന രീതിയിലാവണം ഇത്തരം പഠനരീതികൾ തയ്യാറാക്കേണ്ടത്. പരീക്ഷയ്ക്കു തൊട്ടുമുമ്പ് ഒന്ന് ഓടിച്ചുനോക്കി പരീക്ഷാഹാളിലേക്കു കയറാൻ പറ്റും.

പരീക്ഷയടുക്കുമ്പോൾ
ആവശ്യത്തിനു വിശ്രമിക്കുക


പരീക്ഷയടുക്കുന്നു എന്നു കരുതി വാരിവലിച്ചു പഠിക്കുന്ന രീതി ഉപേക്ഷിക്കണം. ചിട്ടയോടെ സംയമനത്തോടെ, സമാധാനപൂർവ്വം പാഠഭാഗങ്ങൾ വളരെ ഉത്തരവാദിത്തത്തോടെ ഗൗരവമായി പഠിക്കുക. അതിനിടയിൽ, എഴുതാൻ പറ്റുമോ, ഓർമ്മ വരുമോ, ജയിക്കുമോ? തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ മനസ്സിൽ വളരാൻ അനുവദിക്കരുത്. ഇത്തരം വൈകാരിക പ്രശ്‌നങ്ങൾമൂലം വിവിധ അസുഖങ്ങൾ വരാം.
പരീക്ഷയടുക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കരുത്. ശരിയായ ഉറക്കം, പോഷകാഹാരം എന്നിവ ആവശ്യമാണ്. ഒരു കാരണവശാലും വിശ്രമവും ഭക്ഷണവും ഉപേക്ഷിക്കരുത്.

പരീക്ഷപ്പേടി വേണ്ട

പരീക്ഷാപ്പേടിയെ അവഗണിക്കേണ്ടതെങ്ങനെയെന്ന് രക്ഷാകർത്താക്കൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. നന്നായി പഠിച്ച് തയ്യാറെടുത്ത് പരീക്ഷ എഴുതുന്നതിന് ശ്രമിച്ചാൽ പരീക്ഷപ്പേടി ഉണ്ടാവില്ല.
ഏതെങ്കിലും ചോദ്യം അറിഞ്ഞുകൂടെങ്കിൽ ചോദ്യത്തിലെ ഉള്ളടക്കം ഏത് അധ്യായവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ആലോചിച്ച്, സമയം കളയാതെ ആ അധ്യായം ബന്ധപ്പെടുത്തി ഉത്തരമെഴുതുക.
പരീക്ഷയുടെ ഒരു പ്രത്യേകതയാണിത്. എല്ലാ ചോദ്യങ്ങൾക്കും ചോദ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരുത്തരം എഴുതി വയ്ക്കുക.

ഏറ്റവും വലിയ അറിവുള്ള കുട്ടിയാണ് എന്നു വിചാരിച്ച് ഉയർന്ന ഗ്രേഡ് ലഭിക്കണം എന്നില്ല.
ഒന്നോ രണ്ടോ വർഷം പഠിച്ച കാര്യങ്ങൾ, നമുക്ക് ലഭിച്ചിരിക്കുന്ന രണ്ടോ മൂന്നോ മണിക്കൂർ കൊണ്ടു പ്രാവർത്തികമാക്കണം.
കിട്ടാൻ പോകുന്ന പരീക്ഷാസമയം രണ്ട്, മൂന്ന് മണിക്കൂറാണ്. ആ മൂന്നു മണിക്കൂർ നന്നായി ഉപയോഗിക്കുന്ന കുട്ടിക്കാണ് നല്ല വിജയമുണ്ടാവുക.
ക്ലാസ്സിൽ നന്നായി പഠിച്ചതുകൊണ്ടുമാത്രം വിജയം ലഭിക്കില്ല. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കാണ് വിജയം.

മികച്ച പ്രകടനമെന്നു പറഞ്ഞാൽ എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് അവയ്‌ക്കെല്ലാം ഉത്തരമെഴുതുക. അറിയാവുന്നതും അറിഞ്ഞുകൂടാത്തതും എല്ലാം.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ മാതാപിതാക്കളുടെ ശ്രദ്ധ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണം.
പരീക്ഷ ഈ ലോകത്തെ ഏറ്റവും വലിയ മഹത്തായ കർമ്മമാണെന്നും ഈ പ്രവൃത്തിയെ സമീപിക്കേണ്ടത് അസാധാരണമായ ഗൗരവത്തോടെയാവണമെന്നും ഒന്നു ചിരിക്കുകയോ തമാശ പറയുകയോ കുറച്ചുനേരം ഒന്നുറങ്ങുകയോ ചെയ്യരുതെന്നും കുട്ടികളോട് ഉപദേശിക്കാൻ പാടില്ല. അനുദിന ജീവിതത്തിന്റെ ഭാഗമായി ഭക്ഷണം കഴിക്കുന്നു, സ്‌കൂളിൽ പോകുന്നു, പഠിക്കുന്നു, തിരികെ വരുന്നു, കളിക്കുന്നു, വീട്ടുകാര്യങ്ങളിൽ പങ്കെടുക്കുന്നു. ഉറങ്ങുന്നു.... ഇതുപോലെ പരീക്ഷയും എല്ലായിടത്തും സംഭവിക്കുന്ന ഒരു സാധാരണ കാര്യം മാത്രമാണ്. ഭയപ്പെടാനോ ഉത്കണ്ഠപ്പെടാനോ കാരണമില്ലെന്ന് കുട്ടി മാതാപിതാക്കളിൽനിന്നു മനസ്സിലാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top